ഒഫിഷ്യല്‍! രജനിക്കൊപ്പം തിയറ്ററുകള്‍ ഇളക്കിമറിക്കാന്‍ മോഹന്‍ലാല്‍: ആദ്യ സ്റ്റില്‍

By Web Team  |  First Published Jan 8, 2023, 6:39 PM IST

ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം


അവസാനം സിനിമാപ്രേമികള്‍ കാത്തിരുന്ന ആ പ്രഖ്യാപനം വന്നു. മോഹന്‍ലാലും രജനീകാന്തും ആദ്യമായി ബിഗ് സ്ക്രീനില്‍ ഒരുമിച്ചെത്തുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രചരിച്ച റിപ്പോര്‍ട്ടുകളെ സാധൂകരിക്കുകയാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സിന്‍റെ ഒഫിഷ്യല്‍ അനൗണ്‍സ്മെന്‍റ്. തമിഴ് യുവനിരയിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളായ നെല്‍സണ്‍ ദിലീപ്കുമാര്‍ ഒരുക്കുന്ന ജയിലറില്‍ രജനിക്കൊപ്പം മോഹന്‍ലാലും ഉണ്ടാവും. ചിത്രത്തിലെ മോഹന്‍ലാലിന്‍റെ ഒരു സ്റ്റില്ലും നിര്‍മ്മാതാക്കള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്. 

ഹാഫ് സ്ലീവ് പ്രിന്‍റഡ് ഷര്‍ട്ടും പ്ലെയിന്‍ ​ഗ്ലാസും കൗയില്‍ ഒരു ഇടിവളയുമൊക്കെയായി സ്റ്റൈലിഷ് ​ഗെറ്റപ്പിലാണ് പുറത്തുവന്നിരിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍. എന്നാല്‍ ഇത് ഒരു പ്രാധാന്യമുള്ള അതിഥിവേഷമാണെന്നാണ് അറിയുന്നത്. ഏതാനും ദിവസങ്ങളുടെ ചിത്രീകരണം മാത്രമാവും മോഹന്‍ലാലിന് പൂര്‍ത്തിയാക്കാനുള്ളത്. അതേസമയം മോഹന്‍ലാലിന്‍റെ വേഷത്തെക്കുറിച്ച് ഔദ്യോ​ഗിക അറിയിപ്പുകളൊന്നും എത്തിയിട്ടില്ല.

Latest Videos

ALSO READ : 'ആശിര്‍വാദിന്‍റെ മോഹന്‍ലാല്‍ ചിത്രത്തിന് തിരക്കഥ ഒരുങ്ങുന്നു'; പുതിയ പ്രോജക്റ്റുകളെക്കുറിച്ച് ഷാജി കൈലാസ്

ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ജയിലര്‍. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. ശിവരാജ്കുമാര്‍, രമ്യ കൃഷ്ണന്‍, വിനായകന്‍ തുടങ്ങിയവരൊക്കെ രജനിക്കൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫര്‍. അണ്ണാത്തെയ്ക്കു ശേഷം എത്തുന്ന രജനീകാന്ത് ചിത്രമാണിത്. രജനി ചിത്രം ആയതുകൊണ്ടു തന്നെ കോളിവുഡ് കാത്തിരിക്കുന്ന പ്രധാന പ്രോജക്റ്റുകളുടെ നിരയില്‍ ജയിലര്‍ ഇതിനകം തന്നെ ഇടംപിടിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ തിരക്കഥയും നെല്‍സണിന്‍റേതാണ്. തിരക്കഥയില്‍ തന്‍റേതായ സ്വാതന്ത്ര്യമെടുക്കാന്‍ നെല്‍സണിന് രജനികാന്ത് അനുവാദം നല്‍കിയിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

Lalettan from the sets of 🤩 pic.twitter.com/wifqNLPyKf

— Sun Pictures (@sunpictures)

അരങ്ങേറ്റ ചിത്രമായ കോലമാവ് കോകിലയിലൂടെത്തന്നെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് നെല്‍സണ്‍ ദിലീപ്‍കുമാര്‍. പക്ഷേ കരിയര്‍ ബ്രേക്ക് നല്‍കിയത് ശിവകാര്‍ത്തികേയന്‍ നായകനായ ഡോക്ടര്‍ ആയിരുന്നു. അതേസമയം പിന്നാലെ വലിയ പ്രതീക്ഷയുമായെത്തിയ, വിജയ് നായകനായെത്തിയ ബീസ്റ്റ് പരാജയപ്പെടുകയും ചെയ്‍തിരുന്നു. അടുത്ത ചിത്രത്തിലൂടെ വിജയത്തിലേക്ക് തിരിച്ചെത്താനാവുമെന്ന പ്രതീക്ഷയിലാണ് നെല്‍സണ്‍.

click me!