മറ്റൊരു പാന്‍ ഇന്ത്യന്‍ ചിത്രത്തിലേക്കും മോഹന്‍ലാല്‍; ഒപ്പം പ്രഭാസും നയന്‍താരയും!

By Web Team  |  First Published Sep 30, 2023, 9:54 PM IST

മുകേഷ് കുമാര്‍ സിം​ഗ് സംവിധാനം


ഒടിടിയുടെ കടന്നുവരവ് ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് താരങ്ങള്‍ക്ക് സ്വീകാര്യത ഉണ്ടാക്കിയിട്ടുണ്ട്. മലയാളി താരങ്ങള്‍ മുന്‍പ് എന്നത്തേതിലുമേറെ ഇതരഭാഷാ പ്രോജക്റ്റുകളുമായി സഹകരിക്കുന്നുമുണ്ട്. ഫഹദും വിനായകനുമൊക്കെ കൈയടി നേടുമ്പോള്‍ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും മറുഭാഷകളില്‍ ചിത്രങ്ങളുണ്ട്. ഏജന്‍റിന് ശേഷം യാത്ര 2 ലൂടെ മമ്മൂട്ടി വീണ്ടും തെലുങ്കിലെത്തുമ്പോള്‍ മോഹന്‍ലാല്‍ നായകനാവുന്ന പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭ വരാനിരിക്കുന്നു. ഇപ്പോഴിതാ മറ്റൊരു പാന്‍ ഇന്ത്യന്‍ ചിത്രത്തിലും മോഹന്‍ലാലിന്‍റെ സാന്നിധ്യം ഉറപ്പായിരിക്കുകയാണ്.

തെലുങ്ക് താരം വിഷ്ണു മഞ്ചുവിനെ നായകനാക്കി മുകേഷ് കുമാര്‍ സിം​ഗ് സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം കണ്ണപ്പയിലാണ് മോഹന്‍ലാലും അഭിനയിക്കുന്നത്. ഒരു ശിവ ഭക്തന്‍റെ കഥ പറയുന്ന ചിത്രം 1976 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുങ്ങുന്നത്. പ്രഭാസും നയന്‍താരയും അതിഥിതാരങ്ങളായി എത്തുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയ ചിത്രത്തില്‍ മോഹന്‍ലാലും എത്തുമെന്ന് പ്രചരണം ഉണ്ടായിരുന്നു. ഇതില്‍ പ്രഭാസിന്‍റെയും മോഹന്‍ലാലിന്‍റെയും ചിത്രത്തിലെ സാന്നിധ്യത്തെ വിഷ്ണു മഞ്ചു സമൂഹമാധ്യമത്തിലൂടെ ശരിവച്ചിട്ടുണ്ട്.

Har Har Mahadev! ❤️ https://t.co/Q62cakbibp

— Vishnu Manchu (@iVishnuManchu)

Latest Videos

 

പ്രഭാസ് ശിവഭ​ഗവാനായും നയന്‍താര പാര്‍വ്വതീദേവിയായും ചിത്രത്തില്‍ എത്തുമെന്ന് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മോഹന്‍ലാലിന്‍റെ കഥാപാത്രം എന്തെന്ന് വ്യക്തമല്ല. പ്രഭാസിനൊപ്പം മോഹന്‍ലാല്‍ ഒറ്റ ഫ്രെയ്മില്‍ വരുമോ എന്ന ആകാംക്ഷയിലാണ് മലയാളി സിനിമാപ്രേമികള്‍. പ്രഭാസിനെയും നയന്‍താരയെയും പോലെ മോഹന്‍ലാലും അതിഥിതാരമാണോ എന്ന കാര്യം വ്യക്തമല്ല. അതേസമയം ഇത് ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള കഥാപാത്രം ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രജനികാന്ത് ചിത്രം ജയിലറിലെ മോഹന്‍ലാലിന്‍റെ അതിഥിവേഷം തിയറ്ററുകളില്‍ വലിയ കൈയടി നേടിയിരുന്നു. ചിത്രത്തിന്‍റെ കേരളത്തിലെ വന്‍ വിജയത്തില്‍ മോഹന്‍ലാലിന്‍റെ സാന്നിധ്യത്തിന് പങ്കുണ്ടായിരുന്നു. 50 കോടിക്ക് മുകളിലാണ് ചിത്രം കേരളത്തില്‍ നിന്ന് കളക്റ്റ് ചെയ്തത്. 

ALSO READ : 'ജയിലറുമായൊക്കെ നമുക്ക് മുട്ടാന്‍ പറ്റുമോ'? ആ സിനിമയുടെ റിലീസ് വൈകുന്നതിനെക്കുറിച്ച് മമ്മൂട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!