'പ്രചോദനത്തിന്റെ തണല്‍ മരമാണ് അമിതാഭ് ബച്ചൻ', ആശംസകളുമായി മോഹൻലാല്‍

By Web Team  |  First Published Oct 11, 2022, 10:20 AM IST

അമിതാഭ് ബച്ചന് ജന്മദിന ആശംസകള്‍ നേര്‍ന്ന് മോഹൻലാല്‍.


വര്‍ഷങ്ങളായി ഇന്ത്യൻ സിനിമയുടെ മുഖമായിരിക്കുന്ന അമിതാഭ് ബച്ചൻ ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്. എണ്‍പതാം പിറന്നാളിന്റെ നിറവിലാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ബിഗ് ബി. സാധാരണക്കാരും താരങ്ങളുമൊക്കെ അമിതാഭ് ബച്ചന് ജന്മദിന ആശംസകള്‍പ്പിച്ച് രംഗത്ത് എത്തുന്നു.  താൻ അടക്കമുള്ള താരങ്ങള്‍ക്ക് അദ്ദേഹമൊരു ആല്‍മരമാണ്, പ്രചോദനത്തിന്റെ തണല്‍ മരമാണ് അമിതാഭ് ബച്ചൻ എന്നാണ് മോഹൻലാല്‍ ജന്മദിന ആശംസയില്‍ പറഞ്ഞത്.

ചെറുപ്പത്തില്‍ ഞാൻ അടക്കമുളള തലമുറയുടെ സ്‍ക്രീൻ ഐക്കണ്‍ ആയിരുന്നു അമിതാഭ് ബച്ചൻ. നമ്മുടെ ഇന്ത്യൻ സിനിമയുടെ ആഗോള അംബാസിഡറായി വാഴുന്ന ബോളിവുഡിന്റെ ബിഗ് ബി. ഇതിഹാസമെന്നൊക്കെയുള്ള വാക്കുകള്‍ ബച്ചൻ സാറിന്റെ വ്യക്തിപ്രഭാവത്തെ വിലയിരുത്തുമ്പോള്‍ അര്‍ഥം നഷ്‍ടപ്പെടുന്നവയാണ്.  അതിലൊക്കെ മുകളിലാണ് ആ പ്രതിഭയുടെ പ്രതിഭാസത്തിന്റെ പ്രഭവം എന്ന് മോഹൻലാല്‍ പറയുന്നു.

Latest Videos

ശരിക്കും ഇന്ത്യൻ സിനിമയ്‍ക്ക് ഞാൻ അടക്കമുള്ള താരങ്ങള്‍ക്ക് അദ്ദേഹമൊരു ആല്‍മരമാണ്, പ്രചോദനത്തിന്റെ തണല്‍ മരം.  കാലത്തിന് കീഴ്പ്പെടുത്താനാകാത്ത പ്രതിഭാസം. സംസ്‍ക്കാരം കൊണ്ടും സംഭാവന കൊണ്ടും മഹാമേരുവായ അദ്ദേഹത്തൊപ്പോലൊരു താരത്തിനൊപ്പം നടൻ എന്ന  നിലയ്ക്ക് സ്‍ക്രീൻ സ്‍പേസ് ഷെയര്‍ ചെയ്യാനായി എന്നത് എന്നെ സംബന്ധിച്ചിടത്തോളം  വളരെ വലിയൊരു കാര്യമാണ്. അതിലൊന്നു ഹിന്ദി സിനിമയായിരുന്നു, ഒന്ന് മലയാളവും. ഇതെന്റെ ജീവിതത്തിലെ സുകൃതമായി ഞാൻ കാണുന്നു.

അദ്ദേഹത്തെ സംബന്ധിച്ച് എണ്‍പത് വര്‍ഷം ജീവിച്ചു എന്നതിനേക്കാള്‍  വലിയ കാര്യം അതില്‍ അമ്പത് വര്‍ഷത്തിലേറെയായി ഇന്ത്യക്കകത്തും പുറത്തുമുള്ള ആരാധക ലക്ഷങ്ങള്‍ ആനന്ദിപ്പിക്കാൻ അഭിനേതാവ് എന്ന നിലയ്ക്ക് അദ്ദേഹത്തിന് ആയി എന്നതാണ്.  എണ്‍പതാം ജന്മദിനം ആഘോഷിക്കുന്ന ഇന്ത്യൻ സിനിമയുടെ വണ്‍ ആൻഡ് ഓണ്‍ലി ബിഗ് ബിക്ക് എന്റെ ഹൃദയത്തിനുളളില്‍ നിന്ന് ആശംസയുടെ റോസാ ദളങ്ങള്‍ ഞാൻ സമര്‍പ്പിക്കട്ടെ. ഇനിയുമേറെ വര്‍ഷം ആയുരാരോഗ്യ സൗഖ്യത്തോടെ അഭിനയപ്രതിഭ കൊണ്ട് രസിപ്പിക്കാൻ ജഗദീശൻ അദ്ദേഹത്തിന് അനുഗ്രഹം ചൊരിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.  ഹാപ്പി ബര്‍ത്ത്‍ഡേ ബച്ചൻ സാര്‍ വിത്ത് ലോട്‍സ് ഓഫ് ലവ് ആൻഡ് പ്രയേഴ്‍സ് എന്നും മോഹൻലാല്‍  പറയുന്നു.

Read More: എണ്‍പതിലും സൂപ്പര്‍ മെഗാസ്റ്റാര്‍, പിറന്നാള്‍ നിറവില്‍ അമിതാഭ് ബച്ചന്‍

click me!