ഫെബ്രുവരി 9നാണ് സ്ഫടികം 4കെ മികവിൽ റിലീസ് ചെയ്തത്.
മോഹൻലാലിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമാണ് സ്ഫടികം. നീണ്ട 28 വർഷങ്ങൾക്കിപ്പുറം ആടുതോമയും ചാക്കോമാഷും തുളസിയുമെല്ലാം തിയറ്ററിൽ എത്തിയ സന്തോഷത്തിലാണ് സിനിമാസ്വാദകർ ഇപ്പോൾ. പുത്തൻ സാങ്കേതിക മികവിൽ എത്തിയ സ്ഫടികം, നേട്ടം കൊയ്ത് പ്രദർശനം തുടരുമ്പോൾ അണിയറ പ്രവര്‍ത്തകര്‍ക്കും പ്രേക്ഷകർക്കും നന്ദി പറയുകയാണ് നടൻ മോഹൻലാൽ.
സംവിധായകൻ ഭദ്രനോടൊപ്പം ഇൻസ്റ്റഗ്രാം ലൈവിലൂടെയായിരുന്നു മോഹന്‍ലാലിന്‍റെ പ്രതികരണം. ഒപ്പം സ്ഫടികം ഷൂട്ട് ചെയ്ത വിശേഷങ്ങളും ഇരുവരും പങ്കുവച്ചു. "28 വർഷം മുൻപ് നമ്മൾ എല്ലാവരും ചേർന്ന് വളരെ സക്സസ്ഫുൾ ആയൊരു സിനിമ ഉണ്ടാക്കി. 28 വർഷത്തിന് ഇപ്പുറം പുത്തൻ സാങ്കേതികതയിൽ അതിന്റെ തനിമയോടെ വീണ്ടും റിലീസ് ചെയ്യുകയും ചെയ്തു. സിനിമയെ ജനങ്ങൾ ഹൃദയപൂർവ്വം സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി", എന്ന് പറഞ്ഞ് കൊണ്ടാണ് മോഹൻലാൽ ലൈവ് തുടങ്ങിയത്.
സ്ഫടികം റി റിലീസ് ചെയ്യണമെന്ന തോന്നൽ എങ്ങനെ ഉണ്ടായി എന്ന മോഹൻലാലിന്റെ ചോദ്യത്തിന് 'അതിന് കാരണം നിങ്ങൾ തന്നെ. നിങ്ങളുടെ ജന്മദിനങ്ങളാണ്. പാലാ, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട മേഖലകളിലെ നിരവധി ആളുകൾ 30-40 മോട്ടോർ സൈക്കിളുകളിൽ വീട്ടിലേക്ക് വരും. ഗുണ്ടകളെ പോലെയാണ് വരിക. ശേഷം വൈറ്റ് സ്ക്രീനിൽ സ്ഫടികം കാണിക്കണമെന്ന് അഭ്യർത്ഥിക്കും. ഒരു കല്യാണ ചടങ്ങിൽ വെച്ച് തങ്ങളുടെ കയ്യിൽ ചിത്രത്തിന്റെ ഫസ്റ്റ് ഹാഫ് ഫിലിം ഇരിപ്പുണ്ടെന്നും ഒരു തെങ്ങിൽ തുണി വലിച്ചുകെട്ടി പ്രൊജക്ടറെല്ലാം സംഘടിപ്പിച്ച് കണ്ടോളാമെന്നും പറഞ്ഞു. ആ എനർജിയിലാണ് ഈ തോന്നലുണ്ടായത്', എന്നാണ് ഭദ്രൻ മറുപടി പറഞ്ഞത്.
'ചിത്രത്തിലെ ഒരു സംഘട്ടനത്തിന് ശേഷം ഓടുന്ന റിക്ഷയ്ക്ക് മുകളിലൂടെ അപ്പുറത്തേക്ക് ചാടുന്ന സീനുണ്ട്. അങ്ങനെ ചെയ്യാൻ സാധിക്കുമോയെന്ന് ചിരിച്ചുകൊണ്ട് ലാൽ ചോദിച്ചു, അന്ന് ഞാൻ മറുപടി പറഞ്ഞത് ഇങ്ങനെയാണ്, ലാലിന് പറ്റില്ലായിരിക്കും, പക്ഷേ തോമയ്ക്ക് പറ്റും. ഇന്ന് ആ സീനിന് പ്രേക്ഷകരുടെ നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്', എന്ന് സംഘട്ടന രംഗങ്ങളെ കുറിച്ച് ഭദ്രൻ പറഞ്ഞു.
ചങ്ങനാശ്ശേരി ചന്തയിലെ സംഘട്ടന രംഗം മോഹൻലാലും ഓർത്തെടുക്കുന്നുണ്ട്. 'ആ രംഗം ഷൂട്ട് ചെയ്യുമ്പോൾ ചെരിപ്പിടാൻ പാടില്ലെന്ന് ഭദ്രൻ സർ പറഞ്ഞു. നിറയെ ആണിയുള്ളത് കൊണ്ട് ഇട്ടോട്ടെയെന്ന് ചോദിച്ചിട്ടും പറ്റില്ലെന്നാണ് പറഞ്ഞത്, പിന്നീട് എന്തോ മനസ്സലിവ് തോന്നി സമ്മതിക്കുകയായിരുന്നു', എന്ന് മോഹൻലാൽ പറഞ്ഞു.
സ്ഫടികം സിനിമയിലെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ചവർക്ക് നന്ദി പറഞ്ഞും മൺമറഞ്ഞ് പോയ അഭിനേതാക്കളെ അനുസ്മരിച്ചുമാണ് ഭദ്രൻ ലൈവ് അവസാനിപ്പിച്ചത്. ഇങ്ങനെ ഒരു സിനിമ ഇനി നിർമ്മിക്കാൻ പറ്റുമോന്ന മോഹൻലാലിന്റെ ചോദ്യത്തിന് പറ്റില്ലെന്നായിരുന്നു ഭദ്രന്റെ മറുപടി. കാരണം ഇപ്പോഴുള്ള മോഹൻലാലിനെ ആ കാലഘട്ടത്തിലോട്ട് പ്രതിഷ്ഠിക്കാൻ പറ്റില്ലെന്നും ഭദ്രൻ പറയുന്നു.
മമ്മൂട്ടി 'ക്രിസ്റ്റഫർ' ആയത് ഇങ്ങനെ; 'അഭിനയ കലയുടെ പൊന്നു തമ്പുരാൻ' എന്ന് ആരാധകർ
ഫെബ്രുവരി 9നാണ് സ്ഫടികം 4കെ മികവിൽ റിലീസ് ചെയ്തത്. മികച്ച പ്രതികരണങ്ങൾക്ക് ഒപ്പം ബോക്സ് ഓഫീസ് കളക്ഷനിലും ചിത്രം മിന്നും പ്രകടനം കാഴ്ചവയ്ക്കുകയാണ്. മമ്മൂട്ടിയുടെ 'ക്രിസ്റ്റഫര്‍' ഉണ്ടായിട്ടും ആദ്യദിനം 'സ്‍ഫടികം' നേടിയത് 77 ലക്ഷമാണ്. അതേസമയം, മോഹൻലാലുമായി താൻ വീണ്ടും ഒന്നിക്കുന്നുവെന്ന് ഭദ്രൻ പറഞ്ഞത് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ഒരു ബിഗ് ബജറ്റ് ചിത്രമാണ് വരുന്നതെന്നും ഇതുവരെ കാണാത്ത ഒരു മോഹൻലാലിനെ സിനിമയിൽ കാണാനാകുമെന്നും ഭദ്രൻ പറഞ്ഞിരുന്നു.