ഡയറക്റ്റ് ഒടിടി റിലീസ് ആയാണ് രണ്ടാം ഭാഗം എത്തിയത്
ദൃശ്യം ഫ്രാഞ്ചൈസി പോലെ മലയാള സിനിമയ്ക്ക് റീച്ച് നേടിക്കൊടുത്ത സിനിമകള്‍ കുറവാണ്. അത്രയധികം ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ചിത്രത്തിന്റെ രണ്ടാം ഭാഗം ഡയറക്റ്റ് ഒടിടി റിലീസ് ആയെത്തി ലോകമാകമാനമുള്ള പ്രേക്ഷകര്‍ കണ്ടു. രണ്ടാം ഭാഗം ഹിറ്റ് ആയതുമുതല്‍ പ്രേക്ഷകരുടെ ചോദ്യങ്ങളിലൊന്നാണ് ചിത്രത്തിന് ഒരു മൂന്നാം ഭാഗം ഉണ്ടാവുമോ എന്നത്. മൂന്നാം ഭാഗം ആലോചനയിലുണ്ടെന്നും എന്നാല്‍ അത് എപ്പോള്‍ സംഭവിക്കുമെന്ന് പറയാനാവില്ലെന്നും ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു . ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് മോഹന്‍ലാല്‍. തന്റെ സംവിധാന അരങ്ങേറ്റ ചിത്രം ബറോസിന്റെ പ്രൊമോഷന്റെ ഭാഗമായി തമിഴ് മാധ്യമമായ ഗലാട്ടയ്ക്ക് നല്കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറയുന്നത്.
സുഹാസിനിയാണ് പ്രസ്തുത അഭിമുഖം ചെയ്തിരിക്കുന്നത്. ദൃശ്യം ഫ്രാഞ്ചൈസിയെക്കുറിച്ചുള്ള ചോദ്യത്തിനുള്ള വിശദീകരണത്തിലാണ് മൂന്നാം ഭാഗത്തെക്കുറിച്ചും മോഹന്‍ലാല്‍ പറയുന്നത്. "ഷൂട്ട് ചെയ്യുന്നതിന് അഞ്ച് വര്‍ഷം മുന്‍പേ സംവിധായകന്റെ കൈയിലുള്ള തിരക്കഥയായിരുന്നു ദൃശ്യം. ഒരുപാട് പേരോട് തിരക്കഥ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. പക്ഷേ അവര്‍ക്ക് ഈ സിനിമ ബോധ്യപ്പെട്ടില്ല. ആന്റണിയാണ് എന്നോട് പറഞ്ഞത് ഇങ്ങനെ ഒരു സബ്ജക്റ്റ് ഉണ്ട് കേള്‍ക്കാമോ എന്ന്. തിരക്കഥ കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അവിശ്വസനീയമായ ഒന്നായിരുന്നു അത്", മോഹന്‍ലാല്‍ പറയുന്നു.
undefined
"കുടുംബത്തിന് വേണ്ടി നില്ക്കുന്ന ഒരാള്‍ എന്നതായിരുന്നു ആ ചിത്രത്തില്‍ ആളുകള്‍ക്ക് താല്പര്യമുണ്ടാക്കിയ ഘടകം. ആറ് വര്‍ഷത്തിന് ശേഷം ദൃശ്യം 2 പ്ലാന്‍ ചെയ്യുമ്പോഴാണ് കൊവിഡ് വന്നത്. പക്ഷേ അത് മലയാളം ഇന്‍ഡസ്ട്രിക്ക് ഗുണമായി. കാരണം ലോകമാകമാനമുള്ളവര് ചിത്രം കണ്ടു. അടുത്തിടെ ഗുജറാത്തില്‍ ചിത്രീകരണം നടക്കുമ്പോള്‍ അവിടത്തുകാരായ നിരവധിപേര്‍ ദൃശ്യം കാരണം എന്നെ തിരിച്ചറിയുന്നുണ്ടായിരുന്നു. ദൃശ്യം 2 ന് ശേഷം അവര്‍ (മറുഭാഷാ പ്രേക്ഷകര്‍) കൂടുതല്‍ മലയാളം സിനിമകള്‍ കാണാന്‍ തുടങ്ങി. മലയാളത്തിന് ഒരു പാന്‍ ഇന്ത്യന്‍ റീച്ച് കൊണ്ടുവന്ന സിനിമയാണ് അത്. ദൃശ്യം 3 കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍ ഇപ്പോള്‍", മോഹന്‍ലാല്‍ പറഞ്ഞവസാനിപ്പിക്കുന്നു.
ALSO READ : തിയറ്ററിൽ ചിരിപ്പൂരം തീർത്ത് സുരാജ് ചിത്രം; മികച്ച പ്രകടനം കാഴ്ചവച്ച് 'ഇ ഡി'