'അതിമനോഹരം, വ്യത്യസ്‍തം'; 'കിംഗ് ഫിഷ്' കണ്ട മോഹന്‍ലാല്‍ പറയുന്നു

By Web Team  |  First Published Sep 16, 2022, 11:12 PM IST

ചിത്രം ഇന്ന് തിയറ്ററുകളില്‍ എത്തി


അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്‍ത ചിത്രം ഇന്നാണ് തിയറ്ററുകളില്‍ എത്തിയത്. രഞ്ജിത്തിനൊപ്പം അനൂപ് മേനോന്‍ ഒരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിച്ചിരിക്കുന്ന ചിത്രം. അതേസമയം അനൂപ് മേനോന്‍ രണ്ടാമതായി സംവിധാനം നിര്‍വ്വഹിച്ച ചിത്രം തിയറ്ററുകളില്‍ ഇതിനകം പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. സുരഭി ലക്ഷ്മി ടൈറ്റില്‍ റോളിലെത്തിയ പദ്മയാണ് ആ ചിത്രം. കൊവിഡ് പശ്ചാത്തലത്തില്‍ കിംഗ് ഫിഷിന്‍റെ റിലീസ് ഏറെ നീണ്ടുപോവുകയായിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ അഭിപ്രായം ചിത്രത്തിന്‍റെ പ്രൊമോഷനുവേണ്ടി ഉപയോഗിച്ചിരിക്കുകയാണ് അണിയറക്കാര്‍.

അതിമനോഹരവും വ്യത്യസ്തവുമായ സിനിമ. 'ഈ സിനിമ സഞ്ചരിക്കുന്ന വഴികള്‍ അസാധാരണവും പ്രകാശം നിറഞ്ഞതുമാണ്', എന്നാണ് അണിയറക്കാര്‍ പരസ്യത്തില്‍ ഉപയോഗിച്ചിരിക്കുന്ന മോഹന്‍ലാലിന്‍റെ വാക്കുകള്‍. രണ്ട് വര്‍ഷം മുന്‍പ് ഒരു സ്വകാര്യ സ്ക്രീനിംഗില്‍ വച്ചാണ് മോഹന്‍ലാല്‍ ചിത്രം കണ്ടത്. അതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ സിനിമയെക്കുറിച്ച് കുറിക്കുകയും ചെയ്‍തിരുന്നു. "ഒരു പ്രൈവറ്റ് സ്ക്രീനിംഗിൽ അനൂപ് മേനോൻ ആദ്യമായി സംവിധാനം ചെയ്ത 'കിംഗ് ഫിഷ്' എന്ന സിനിമ കണ്ടു. അതിമനോഹരവും വ്യത്യസ്ഥവുമായ സിനിമ. ഈ സിനിമ സഞ്ചരിക്കുന്ന വഴികൾ അസാധാരണവും പ്രകാശം നിറഞ്ഞതുമാണ്. കാലങ്ങളോളം ഇത്തരം സിനിമകൾ ഉണ്ടാവട്ടെ. ഇത്തരം ചിത്രങ്ങളുടെ ഭാഗമാവാൻ എല്ലാ കലാകാരന്മാർക്കും സാധിയ്ക്കട്ടെ. അനൂപിനും ടീമിനും വിജയാശംസകൾ", എന്നായിരുന്നു മോഹന്‍ലാലിന്‍റെ വാക്കുകള്‍.

Latest Videos

ALSO READ : 'ഒരു സര്‍വ്വകലാശാലയിലും പഠിപ്പിക്കാത്ത പാഠങ്ങള്‍'; സിബി മലയിലിനെക്കുറിച്ച് ആസിഫ് അലി

ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത്ത് എസ് കോയയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നന്ദു, നിരഞ്ജന അനൂപ്, ദിവ്യ പിള്ള, ദുര്‍ഗ കൃഷ്ണ, ഇര്‍ഷാദ് അലി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം മഹാദേവന്‍ തമ്പി. സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ പ്രശസ്തനായ മഹാദേവന്‍ തമ്പി ഛായാഗ്രാഹകനായി അരങ്ങേറുന്ന ചിത്രമാണിത്. എഡിറ്റിംഗ് സിയാന്‍ ശ്രീകാന്ത്. സംഗീതം രതീഷ് വേഗ. പശ്ചാത്തലസംഗീതം ഷാന്‍ റഹ്മാന്‍. അസോസിയേറ്റ് ഡയറക്ടര്‍ വരുണ്‍ ജി പണിക്കര്‍. പ്രോജക്റ്റ് ഡിസൈനര്‍ സിന്‍ജൊ ഒറ്റത്തൈക്കല്‍, സംഗീതം രതീഷ് വേഗ, പശ്ചാത്തല സംഗീതം ഷാന്‍ റഹ്‍മാന്‍, കലാസംവിധാനം ഡുണ്ഡു രഞ്ജീവ്, വസ്ത്രാലങ്കാരം ഹീര റാണി. 

click me!