"100 ശതമാനം ഭേദമാകുന്ന അവസ്ഥയിലേക്ക് എത്തുന്നതേയുള്ളൂ. പക്ഷേ"
ബെല്‍സ് പാഴ്സി രോഗത്തിന് ചികിത്സയിലായിരുന്ന നടനും അവതാരകനുമായ മിഥുന്‍ രമേശ് തന്‍റെ ജോലിസ്ഥലത്തേത്ത് തിരിച്ചെത്തി. ദുബൈയിലെ എഫ്എം റേഡിയോ സ്റ്റേഷന്‍ ആയ ഹിറ്റ് 96.7 ല്‍ പ്രവര്‍ത്തിക്കുന്ന മിഥുന്‍ ഇന്ന് അവരുടെ പരിപാടിയില്‍ അവതാരകന്‍റെ റോളില്‍ എത്തി. മിഥുന്‍ തന്നെയാണ് തന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഹിറ്റ് 96.7 എഫ്എമ്മിലേക്ക് ഇന്ന് ഞാന്‍ തിരിച്ചെത്തി ജോലി ആരംഭിച്ചു. 100 ശതമാനം ഭേദമാകുന്ന അവസ്ഥയിലേക്ക് എത്തുന്നതേയുള്ളൂ. ഫിസിയോതെറാപ്പിയും ഇലക്ട്രോഡ് തെറാപ്പിയും കുറച്ച് ദിവസങ്ങള്‍ കൂടി നീളും. പക്ഷേ ഇത് സാധ്യമായത് നിങ്ങളുടെയെല്ലാം പ്രാര്‍ഥനയും ആശംസകളും മെസേജുകളും ഒക്കെ കൊണ്ടാണ്. എന്‍റെ ഹൃദയം നിറഞ്ഞ നന്ദി, മിഥുന്‍ രമേശ് ഫേസ്ബുക്ക് സ്റ്റോറിയായി വീഡിയോയ്ക്കൊപ്പം കുറിച്ചു.
ഈ മാസം മൂന്നാം തീയതിയാണ് താന്‍ ബെല്‍സ് പാഴ്സി രോഗത്തിന് ചികിത്സ തേടിയതായി മിഥുന്‍ രമേശ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മുഖം ഒരു വശത്തേക്ക് താല്‍ക്കാലികമായി കോടുന്ന അസുഖമാണിത്. തിരുവനന്തപുരം അനന്തപുരം ആശുപത്രിയിലാണ് മിഥുന്‍ രമേശ് ചികിത്സ തേടിയത്.
"അങ്ങനെ വിജയകരമായി ആശുപത്രിയില്‍ കയറി. കഴിഞ്ഞ കുറച്ച് ദിവസത്തെ യാത്രകളുടെ ഇടയില്‍, ഇപ്പോള്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാവുന്നുണ്ടോ എന്ന് അറിഞ്ഞൂടാ, എനിക്ക് ചെറിയൊരു ബെല്‍സ് പാള്‍സി എന്ന അസുഖമാണ്. ജസ്റ്റിന്‍ ബീബറിനൊക്കെ വന്ന അസുഖമാണ്. അത് വന്നിട്ടുണ്ട്. ഞാനിപ്പോള്‍ ചിരിക്കുമ്പോള്‍ ജനകരാജിനെപ്പോലെയാണ് ചിരിക്കുന്നത്. മുഖത്തിന്‍റെ ഒരു വശം അനക്കാന്‍ ബുദ്ധിമുട്ടാണ്. അതാണ് ഇപ്പോഴത്തെ സാഹചര്യം. ഒരു കണ്ണ് കറക്റ്റ് ആയിട്ട് അടയും. മറ്റേ കണ്ട് അടയ്ക്കണമെങ്കില്‍ ബലം കൊടുക്കണം. അല്ലെങ്കില്‍ രണ്ട് കണ്ണും ഒരുമിച്ച് അടയ്ക്കണം. അല്ലാതെ ചെയ്യാന്‍ പറ്റില്ല. ഒരു വശം ഭാഗികമായ പരാലിസിസ് എന്നൊക്കെ പറയാവുന്ന രീതിയില്‍ എത്തിയിട്ടുണ്ട്. മാറും എന്നാണ് പറഞ്ഞത്. ഞാനിപ്പോള്‍ തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ അഡ്മിറ്റ് ആയിട്ടുണ്ട്", മിഥുന്‍ രമേശ് പറഞ്ഞിരുന്നു.
ALSO READ : ഇതാണോ 'വാലിബനി'ലെ അടുത്ത ലുക്ക്? കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റ് പറയുന്നത്