ബജറ്റ് 3363 കോടി! എന്നിട്ടും നിര്‍മ്മാണം പൂര്‍ത്തിയായില്ല; ആ നിര്‍ണ്ണായക തീരുമാനമെടുക്കാന്‍ നിര്‍മ്മാതാക്കള്‍?

By Web Team  |  First Published Nov 5, 2024, 6:03 PM IST

അടുത്ത വര്‍ഷം തിയറ്ററുകളിലെത്തേണ്ട ചിത്രം. ലോകത്ത് ഏറ്റവും ആരാധകരുള്ള ഫ്രാഞ്ചൈസികളില്‍ ഒന്ന്


സിനിമകളുടെ ബജറ്റിലും ബിസിനസിലും ഹോളിവുഡിനെ കവച്ചുവെക്കാന്‍ ലോകത്ത് മറ്റൊരു സിനിമാ വ്യവസായമില്ല. ഏറ്റവും ജനപ്രീതി നേടിയ ഫ്രാഞ്ചൈസികളില്‍ വീണ്ടും വീണ്ടും ഭീമമായ തുക മുടക്കി പണം വാരുക എന്നത് കാലാകാലങ്ങളായി ഹോളിവുഡ് സ്റ്റുഡിയോകളുടെ നടപ്പുരീതിയാണ്. അക്കൂട്ടത്തില്‍ ലോകമാകെ ആരാധകരെ നേടിയ, നിര്‍മ്മാതാക്കള്‍ക്ക് വമ്പന്‍ ലാഭം നേടിക്കൊടുത്ത ഫ്രാഞ്ചൈസികളിലൊന്നാണ് ടോം ക്രൂസ് നായകനായ മിഷന്‍ ഇംപോസിബിള്‍ സിരീസ്. എന്നാല്‍ പുറത്തെത്താനിരിക്കുന്ന, ഫ്രാഞ്ചൈസിയിലെ എട്ടാമത്തെ ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്തകള്‍ അതിന്‍റെ ആരാധകരെ തെല്ല് നിരാശരാക്കുന്നതാണ്.

1966 ല്‍ ബ്രൂസ് ഗെല്ലര്‍ ക്രിയേറ്റ് ചെയ്ത് എത്തിയ ടെലിവിഷന്‍ സിരീസിനെ ആസ്പദമാക്കി 1996 ലാണ് മിഷന്‍ ഇംപോസിബിളിലെ ആദ്യ ചിത്രം എത്തിയത്. പിന്നീടെത്തിയ തുടര്‍ ചിത്രങ്ങളിലൂടെ ടോം ക്രൂസിന്‍റെ കരിയറിലെ ഏറ്റവും ജനപ്രീതിയുള്ള ഫ്രാഞ്ചൈസികളിലൊന്നായി ഇത് മാറി. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 4.09 ബില്യണ്‍ ഡോളറിലധികമാണ് (34000 കോടി രൂപ) ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഈ ഫ്രാഞ്ചൈസി ചിത്രങ്ങള്‍ ഇതുവരെ നേടിയിട്ടുള്ളത്. എന്നാല്‍ ഫ്രാഞ്ചൈസിയിലെ ഏറ്റവുമൊടുവില്‍ പുറത്തെത്തിയ ഏഴാം ചിത്രമായ മിഷന്‍ ഇംപോസിബിള്‍: ഡെഡ് റെക്കനിംഗ് (2023) നിര്‍മ്മാതാക്കള്‍ പ്രതീക്ഷിച്ച വിജയം നേടിയില്ല. 

Latest Videos

undefined

ബാര്‍ബി, ഓപണ്‍ഹെയ്മര്‍ എന്നീ ചിത്രങ്ങളുടെ സാന്നിധ്യമാണ് ഇതിന് ഒരു പ്രധാന കാരണമായി പറയുന്നത്. അതേസമയം ചരിത്രത്തില്‍ ആദ്യമായി ഈ ഫ്രാഞ്ചൈസിയില്‍ നിന്ന് ഓസ്‍കര്‍ നോമിനേഷന്‍ നേടിയത് ഈ ചിത്രമായിരുന്നു. അതേസമയം അടുത്ത വര്‍ഷം പുറത്തെത്താനിരിക്കുന്ന, ഫ്രാഞ്ചൈസിയിലെ ഇനിയും പേരിട്ടിട്ടില്ലാത്ത എട്ടാം ചിത്രം നിര്‍മ്മാതാക്കള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്‍റെ ബജറ്റ് 300 മില്യണ്‍ ഡോളര്‍ മറികടന്നെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. എന്നാല്‍ അത് 400 മില്യണ്‍ ഡോളറിലേക്ക് (3363 കോടി രൂപ) അടുക്കുകയാണെന്നാണ് ഹോളിവുഡ് റിപ്പോര്‍ട്ടറിന്‍റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അതേസമയം ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല.

2023 ല്‍ ഹോളിവുഡില്‍ ഉണ്ടായ സമരമാണ് ഇതിന് ഒരു പ്രധാന കാരണമായി പറയപ്പെടുന്നത്. ബോക്സ് ഓഫീസില്‍ വലിയ നേട്ടമുണ്ടാക്കാത്ത ഏഴാം ഭാഗത്തിന് ശേഷമെത്തുന്ന എട്ടാം ഭാഗം ഫ്രാഞ്ചൈസിയിലെ അവസാന ചിത്രമെന്ന നിലയില്‍ മാര്‍ക്കറ്റ് ചെയ്യാനാണ് നിര്‍മ്മാതാക്കളായ പാരമൗണ്ടിന് താല്‍പര്യമെന്നും ഹോളിവുഡ് റിപ്പോര്‍ട്ടറിന്‍റെ റിപ്പോര്‍ട്ടിലുണ്ട്. ഈ ചിത്രത്തിന്മേലുള്ള പ്രേക്ഷകരുടെ താല്‍പര്യം വര്‍ധിപ്പിക്കുകയാണ് ഇതിന്‍റെ ലക്ഷ്യം. അതേസമയം നായകനായ ടോം ക്രൂസിന് ഈഥന്‍ ഹണ്ട് എന്ന നായക കഥാപാത്രത്തോട് വിട പറയാന്‍ ഒട്ടും താല്‍പര്യവുമില്ല. നവംബര്‍ 11 ന് എത്തുന്ന ട്രെയ്‍ലറിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്‍റെ പേരും അതില്‍ ഉണ്ടാവും. മിഷന്‍ ഇംപോസിബിള്‍ എട്ടാം ഭാഗത്തോടെ അവസാനിക്കുമോയെന്ന് അന്ന് അറിയാം. 

ALSO READ : വേറിട്ട വേഷത്തില്‍ ബിന്ദു പണിക്കര്‍; 'ജമീലാന്‍റെ പൂവന്‍കോഴി' തിയറ്ററുകളിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!