പത്തോ ഇരുപതോ അല്ല; 'മാര്‍ക്കോ'യുടെ കൊറിയന്‍ റിലീസ് 'ബാഹുബലി'യുടെ നാലിരട്ടി സ്ക്രീനുകളില്‍!

By Web Desk  |  First Published Jan 2, 2025, 10:29 PM IST

ഹനീഫ് അദേനി സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രം


മലയാളത്തില്‍ സമീപകാലത്തെ ഏറ്റവും മികച്ച വിജയമാവുകയാണ് ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ. ക്രിസ്മസ് റിലീസ് ആയി മലയാളത്തിനൊപ്പം ഹിന്ദിയിലും എത്തിയ ചിത്രം ഉത്തരേന്ത്യയില്‍ വലിയ ആരാധകവൃന്ദത്തെ നേടിയിരുന്നു. ഇന്നലെ പുറത്തെത്തിയ തെലുങ്ക് പതിപ്പിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നാളെ ചിത്രത്തിന്‍റെ തമിഴ് പതിപ്പും പുറത്തെത്തുകയാണ്. മലയാളി സിനിമാപ്രേമികളെ ആവേശഭരിതരാക്കുന്ന വാര്‍ത്തയായിരുന്നു ചിത്രം കൊറിയന്‍ റിലീസിന് ഒരുങ്ങുന്നു എന്നത്. ബാഹുബലിക്ക് ശേഷം കൊറിയന്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെടുന്ന തെന്നിന്ത്യന്‍ ചിത്രമായിരിക്കും മാര്‍ക്കോ. ഏപ്രിലില്‍ ആയിരിക്കും മാര്‍ക്കോയുടെ കൊറിയന്‍ റിലീസ്.

ഇപ്പോഴിതാ ബാഹുബലിയുടെ സ്ക്രീന്‍ കൗണ്ടുമായി ഉള്ള ഒരു താരതമ്യം കൗതുകകരമായിരിക്കും. ബാഹുബലി 2 സൗത്ത് കൊറിയയില്‍ 24 സ്ക്രീനുകളിലാണ് 2017 ല്‍ റിലീസ് ചെയ്യപ്പെട്ടത്. എന്നാല്‍ അതിന്‍റെ നാലിരട്ടിയില്‍ ഏറെ, അതായത് നൂറിലേറെ സ്ക്രീനുകളിലാവും മാര്‍ക്കോ എത്തുക. ഒരു ഇന്ത്യന്‍ സിനിമയ്ക്ക് കൊറിയന്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഏറ്റവും വലിയ സ്ക്രീന്‍ കൗണ്ട് ആണ് ഇത്. ദക്ഷിണ കൊറിയൻ എന്‍റർടെയ്ൻമെന്‍റ് മേഖലയിലെ വമ്പൻമാരായ നൂറി പിക്ചേഴ്സുമായി ഒരു സുപ്രധാന ഡിസ്ട്രിബ്യൂഷൻ കരാർ ആണ് മാര്‍ക്കോ സ്വന്തമാക്കിയിരിക്കുന്നത്.

Latest Videos

1993 ൽ സ്ഥാപിതമായ നൂറി പിക്ചേഴ്സ് ദക്ഷിണ കൊറിയൻ ചലച്ചിത്ര വിതരണത്തിലെ ഒരു പ്രമുഖ ശക്തിയാണ്. കൊറിയൻ പ്രേക്ഷകർക്ക് ആകർഷകമായ അന്താരാഷ്ട്ര, ഹോളിവുഡ് ഉള്ളടക്കം എത്തിക്കുന്നതിൽ എന്നും നൂറി പിക്ചേഴ്സ് മുന്നിലുണ്ട്. വൈവിധ്യമാർന്നതും ഉയർന്ന നിലവാരമുള്ളതുമായ സിനിമകളോടുള്ള കമ്പനിയുടെ സമർപ്പണം ഏഷ്യൻ ചലച്ചിത്ര വ്യവസായത്തിലെ ഒരു വിശ്വസനീയമായ പേരായി നൂറി പിക്ചേഴിസിനെ മാറ്റിയിട്ടുണ്ട്. 

"ഞങ്ങളുടെ ആദ്യ ഇന്ത്യൻ പങ്കാളിത്തമായി 'മാർക്കോ' യെ കൊറിയൻ സിനിമാലോകത്തേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ലോകോത്തരമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്ന മാർക്കോയിലെ ആക്ഷൻ രംഗങ്ങൾ ഞങ്ങളെ ആകർഷിച്ചു. ഈ ചിത്രത്തിന് അന്താരാഷ്ട്ര വേദിയിൽ ഒരു ഗെയിം ചെയ്ഞ്ചർ ആകാനുള്ള കഴിവുണ്ട്. ലോക സിനിമയിലെ ഈ ധീരമായ പുതിയ ശബ്‍ദം കൊറിയൻ പ്രേക്ഷകരെ പരിചയപ്പെടുത്തുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഈ ചിത്രം കൊറിയൻ വിപണിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട് ", 'മാർക്കോ'യുമായുള്ള പങ്കാളിത്തത്തെക്കുറിച്ച് നൂറി പിക്ചേഴ്സ് സ്ഥാപകനും സിഇഒയുമായ യോങ്ഹോ ലീ പറഞ്ഞു. ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും ഉണ്ണി മുകുന്ദൻ ഫിലിംസിൻ്റെയും ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഹനീഫ് അദേനിയാണ്. 

ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും പുതുമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രം മലയാളത്തിലെ തന്നെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം എന്ന ലേബലോടെയാണ് എത്തിയത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: അബ്ദുൾ ഗദാഫ്, ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്, പിആർഒ: ആതിര ദിൽജിത്ത്.

ALSO READ : വിവാദങ്ങള്‍ക്ക് വിട; 'കൊറഗജ്ജ' 5 ഭാഷകളില്‍ തിയറ്ററുകളിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!