ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും ഉണ്ണി മുകുന്ദൻ ഫിലിംസിൻ്റെയും ബാനറിൽ ഷരീഫ് മുഹമ്മദ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.
തിയറ്ററുകളില്‍ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രം മാര്‍ക്കോയുടെ ഒടിടി റിലീസ് സംബന്ധിച്ച വാര്‍ത്തകള്‍ തള്ളി നിര്‍മ്മാതാവ് ഷരീഫ് മുഹമ്മദ്. ചിത്രത്തിന്‍റെ ഒടിടി റിലീസ് നെറ്റ്ഫ്ലിക്സിലൂടെ ആയിരിക്കുമെന്നും തിയറ്റര്‍ റിലീസില്‍ നിന്നും 45 ദിവസങ്ങള്‍ക്ക് അപ്പുറമായിരിക്കും എത്തുകയെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിന് വാസ്തവവുമായി ബന്ധമില്ലെന്ന് പറയുന്നു മാര്‍ക്കോ നിര്‍മ്മാതാവ്. ഇത് സംബന്ധിച്ച നിര്‍മ്മാതാവിന്‍റെ പ്രസ്താവന ചിത്രത്തിലെ നായക താരം ഉണ്ണി മുകുന്ദന്‍ അടക്കം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.
മാര്‍ക്കോയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു പ്ലാറ്റ്‍ഫോമുമായും ഒരു കരാറിലും തങ്ങള്‍ ഒപ്പുവച്ചിട്ടില്ലെന്ന് നിര്‍മ്മാതാവ് അറിയിക്കുന്നു. "ഒരു സിനിമാറ്റിക് അനുഭവം എന്ന നിലയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മാര്‍ക്കോ തിയറ്ററുകളില്‍ത്തന്നെ പ്രേക്ഷകര്‍ ആസ്വദിക്കുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണ്. ചിത്രം ഇപ്പോഴും ബിഗ് സ്ക്രീനില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്‍റെ തീവ്രത ദൃശ്യ, ശ്രാവ്യ മികവോടെ അനുഭവിക്കാന്‍ നിങ്ങള്‍ തിയറ്ററുകളില്‍ത്തന്നെ എത്തണമെന്ന് ഞങ്ങള്‍ പറയുന്നു. ഒടിടി റിലീസ് സംബന്ധിച്ച ഒരു തീരുമാനം വരികയാണെങ്കില്‍ അത് നിങ്ങളെ ഔദ്യോഗികമായി അറിയിക്കുന്നതായിരിക്കും", നിര്‍മ്മാതാവ് ഷരീഫ് മുഹമ്മദ് പ്രസ്താവനയില്‍ അറിയിച്ചു.
മലയാളത്തില്‍ സമീപകാലത്തെ വലിയ വിജയങ്ങളില്‍ ഒന്നാണ് ഉണ്ണി മുകുന്ദന്‍ ടൈറ്റില്‍ റോളില്‍ എത്തിയ മാര്‍ക്കോ. ഡിസംബര്‍ 20 ന് ക്രിസ്മസ് റിലീസ് ആയി മലയാളത്തിലും ഹിന്ദിയും എത്തിയ ചിത്രത്തിന്‍റെ തെലുങ്ക്, തമിഴ് പതിപ്പുകളും പിന്നീട് തിയറ്ററുകളിലെത്തി. ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് തിയറ്ററുകളില്‍ സ്വീകാര്യത നേടിയ ചിത്രം കൂടിയാണ് മാര്‍ക്കോ. മലയാളത്തിലെ ഏറ്റവും വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെ തിയറ്ററുകളിലെത്തിയ ചിത്രവുമാണിത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതിനകം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട് ചിത്രം.
ALSO READ : തെലങ്കാന ട്രാന്‍സ്‍പോര്‍ട്ട് കോര്‍പറേഷന്‍റെ പരസ്യത്തില്‍ ഇടംപിടിച്ച് 'മാര്‍ക്കോ'