എറണാകുളം മഞ്ഞുമ്മലില്‍ നിന്നും കൊടെക്കനാലിലേക്ക് ഒരു ക്വാളിസില്‍ ടൂറു പോകുന്ന 11 അംഗ സൗഹൃദ സംഘത്തിന്‍റെ കഥയാണ് 'മഞ്ഞുമ്മല്‍ ബോയ്സ്'. അവര്‍ അവിടെ നേരിടുന്ന പ്രതിസന്ധിയും അതില്‍ നിന്നുള്ള സാഹസികമായ കരകയറലുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.
മലയാള സിനിമയുടെ സീന്‍ മാറ്റും എന്നാണ് സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം 'മഞ്ഞുമ്മല്‍ ബോയ്സ്' എന്ന ചിത്രത്തെക്കുറിച്ച് പറഞ്ഞ കാര്യം ഇത് മലയാള സിനിമയുടെ സീന്‍ മാറ്റും എന്നാണ്. ശരിക്കും രണ്ടേകാല്‍ മണിക്കൂര്‍ ചിത്രം കണ്ടിറങ്ങുമ്പോള്‍ തീര്‍ച്ചയായും മലയാള സിനിമയിലെ ഒരു സീന്‍ മാറ്റുന്നുണ്ട് ചിത്രത്തിന്‍റെ യുവ അണിയറക്കാര്‍ എന്ന് പ്രേക്ഷകന് തോന്നും. അടക്കത്തിലും ഒതുക്കത്തിലും മലയാളത്തില്‍ ഒരുക്കിയ ഒരു യാഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട സര്‍വൈവല്‍ ത്രില്ലറാണ് 'മഞ്ഞുമ്മല്‍ ബോയ്സ്'. ചിലപ്പോള്‍ തീയറ്ററില്‍ കാണുന്ന പ്രേക്ഷകന് അതിനപ്പുറവും ചിലത് കണ്ടെത്തിയേക്കാം.
എറണാകുളം മഞ്ഞുമ്മലില്‍ നിന്നും കൊടെക്കനാലിലേക്ക് ഒരു ക്വാളിസില്‍ ടൂറു പോകുന്ന 11 അംഗ സൗഹൃദ സംഘത്തിന്‍റെ കഥയാണ് 'മഞ്ഞുമ്മല്‍ ബോയ്സ്'. അവര്‍ അവിടെ നേരിടുന്ന പ്രതിസന്ധിയും അതില്‍ നിന്നുള്ള സാഹസികമായ കരകയറലുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ശരിക്കും വളരെ ലളിതമായ കഥ തന്തുവെന്ന് തോന്നാം എങ്കിലും ഒരു നാട് പാടി നടന്ന യഥാര്‍ത്ഥ സംഭവത്തെ അതിന്‍റെ എല്ലാ വൈകാരികതയും ഉള്‍ക്കൊണ്ട് സ്ക്രീനില്‍ വീണ്ടും അവതരിപ്പിക്കാന്‍ സംവിധായകന്‍ ചിദംബരം വിജയിച്ചു എന്ന് തന്നെ പറയാം.
ചിത്രത്തിന്‍റെ തിരക്കഥ എടുത്തു പറയേണ്ട കാര്യമാണ്. മഞ്ഞുമ്മലിലെ സൗഹൃദ സംഘം ആരാണെന്ന് പ്രേക്ഷകന് വ്യക്തമാക്കി കൊടുക്കുന്ന ഒരു സ്പേസിന് അപ്പുറം അനാവശ്യമായ ഒരു വലിച്ചുനീട്ടലുകള്‍ക്കും അവസരം നല്‍കാതെ വളരെ പാക്ക്ഡായ തിരക്കഥയാണ് ചിത്രത്തിന്. അത് ചിത്രത്തിലെ സംഭവ വികാസങ്ങളുടെ ചടുലതയ്ക്കും, അവതരണത്തിനും ഗുണം ചെയ്യുന്നു.
ഒരു വിനോദയാത്രയുടെ അടിച്ചുപൊളി മൂഡില്‍ നിന്നും ഭീതിതമായ ഒരു അവസ്ഥയിലേക്ക് പ്രേക്ഷകനെ പിടിച്ചിടുന്ന നിമിഷമുണ്ട് ചിത്രത്തില്‍. ഒരു കരയില്‍ നിന്നും ഒരു ഇരുള്‍ കുഴിയിലേക്ക് പ്രേക്ഷകനും പതിക്കുന്ന പോലുള്ള അനുഭവം ഈ രംഗം തരുന്നു. അഭിനേതാക്കളുടെ കാര്യത്തിലേക്ക് വന്നാല്‍ മഞ്ഞുമ്മല്‍ ബോയ്സ് ആയി എത്തിയ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലിംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവര്‍ എല്ലാം ഗംഭീരമാക്കുന്നുണ്ട്.
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവരെ പ്രത്യേകം എടുത്ത് പറയാവുന്ന പ്രകടനം ചിത്രത്തില്‍ പുറത്തെടുക്കുന്നുണ്ട്. കമല്‍ഹാസന്‍റെ പ്രശസ്ത ചിത്രം ഗുണയുടെ ബാക്ഡ്രോപ്പ് ചിത്രത്തിലുണ്ട്. കാതല്‍ അല്ലെങ്കില്‍ സ്നേഹം എന്നതിന് സൗഹൃദം എന്ന് അര്‍ത്ഥമുണ്ടെന്ന് ചിത്രം പറയുന്നു. കൈതി സിനിമയിലൂടെ മലയാളിക്ക് പരിചിതനായ ജോര്‍ജ് മാരിയന്‍, രമചന്ദ്ര ദുരൈരാജ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.
എന്തായാലും ഷൈജു ഖാലിദിന്‍റെ ക്യാമറ വര്‍ക്കും, അജയന്‍ ചാലിശ്ശേരിയുടെ പ്രൊഡക്ഷന്‍ ഡിസൈനിംഗും ചിത്രത്തിന്‍റെ എടുത്തു പറയേണ്ട വിജയ ഘടകങ്ങളാണ്. ഗുണകേവിന്‍റെ അകത്തുള്ള ദൃശ്യങ്ങളെ യഥാര്‍ത്ഥ്യം പോലെ അവതരിപ്പിക്കുന്ന അജയന്‍ ചാലിശ്ശേരിയുടെ വര്‍ക്ക്. ഒപ്പം ഭീതിതമായ അവസ്ഥയില്‍ എത്തുമ്പോള്‍ ഷൈജു ഖാലിദിന്‍റെ ക്യാമറയിലൂടെ കൊടക്കനാലിന്‍റെ സൗന്ദര്യം പ്രേക്ഷകനില്‍ ഭീതിയാണ് നറയ്ക്കുന്നത്. സുഷിന്‍ ശ്യാം സീന്‍ മാറ്റുന്ന രീതിയില്‍ തന്നെ പാശ്ചത്തല സംഗീതം ഒരുക്കിയിട്ടുണ്ട്.
ജാനേമന്‍ എന്ന കോമഡി ഡ്രാമയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു പ്രമേയത്തിലേക്ക് എത്തുമ്പോള്‍ എഴുത്തിലും അവതരണത്തിലും സംവിധായകന്‍ ചിദംബരം 'മഞ്ഞുമ്മല്‍ ബോയ്സില്‍' നടത്തുന്ന കൈയ്യടക്കം ഗംഭീരം എന്നെ വിശേഷിപ്പിക്കാന്‍ കഴിയൂ.
മലയാളത്തിലെ ലക്ഷണമൊത്ത അതിജീവന കഥയാണ് 'മഞ്ഞുമ്മല്‍ ബോയ്സ്' പറയുന്നത്. യുവാക്കളുടെ സൗഹൃദവും അവരുടെ കൂട്ടുകാര്‍ക്ക് വേണ്ടിയുള്ള അര്‍പ്പണവും ഒരു മികച്ച സാങ്കേതിക സൃഷ്ടിയായി തന്നെ കാഴ്ചവയ്ക്കുമ്പോള്‍ അത് പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്നു.
മലയാള സിനിമയുടെ സീന്‍ മാറുമോ? എങ്ങനെയുണ്ട് 'മഞ്ഞുമ്മല്‍ ബോയ്‍സ്'? ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ
വിറ്റത് 95,134 ടിക്കറ്റുകള്‍! ആദ്യ ഷോയ്ക്ക് മുന്‍പേ 'മഞ്ഞുമ്മല്‍ ബോയ്‍സ്' നേടിയ കളക്ഷന്‍