അടുത്ത ചിത്രത്തില്‍ നായകന്‍ ധനുഷ്? ആദ്യ പ്രതികരണവുമായി ചിദംബരം

By Web Team  |  First Published Mar 8, 2024, 6:12 PM IST

മഞ്ഞുമ്മല്‍ ബോയ്‍സ് തമിഴ്നാട്ടില്‍ വലിയ തോതില്‍ സ്വീകരിക്കപ്പെട്ടതിന് പിന്നാലെയാണ് ചിദംബരം ധനുഷിനെ കണ്ടത്


തമിഴ്നാട്ടില്‍ ഒരു മലയാള ചിത്രം നേടുന്ന റെക്കോര്‍‍ഡ് വിജയമാണ് മഞ്ഞുമ്മല്‍ ബോയ്സ് നേടുന്നത്. രണ്ട് ആഴ്ച കൊണ്ട് തമിഴ്നാട്ടില്‍ നിന്ന് മാത്രം ചിത്രം 21 കോടിയിലേറെയാണ് നേടിയത്. ചിത്രം വന്‍ വിജയം നേടിയതിന് പിന്നാലെ സംവിധായകന്‍ ചിദംബരം ഉള്‍പ്പെടെയുള്ള അണിയറക്കാര്‍ ചെന്നൈയില്‍ എത്തി കമല്‍ ഹാസന്‍, ഉദയനിധി സ്റ്റാലിന്‍ എന്നിവരെ കണ്ടിരുന്നു. ധനുഷ്, വിക്രം, സിദ്ധാര്‍ഥ് എന്നിവര്‍ക്കൊപ്പമുള്ള ചിത്രം ചിദംബരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ധനുഷിനൊപ്പമുള്ള ചിത്രം പങ്കുവച്ചതിന് പിന്നാലെ ഇരുവരും ഒരു ചിത്രത്തിനുവേണ്ടി ഒരുമിക്കുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. ധനുഷിന്‍റെ കരിയറിലെ 54-ാം ചിത്രം സംവിധാനം ചെയ്യുക ചിദംബരം ആയിരിക്കുമെന്നായിരുന്നു പ്രചരണം. ഇപ്പോഴിതാ അതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍.

അത് വാസ്തവമല്ലെന്നും മഞ്ഞുമ്മല്‍ ബോയ്സ് കണ്ട് ഇഷ്ടപ്പെട്ട്, തന്നെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ച ധനുഷിനെ കാണാന്‍ താന്‍ പോവുകയായിരുന്നെന്ന് ചിദംബരം തമിഴ് യുട്യൂബ് ചാനല്‍ പ്രൊവോക്ക് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. "ഇല്ല. അങ്ങനെയൊരു വാര്‍ത്തതന്നെ എന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. അങ്ങനെയൊന്ന് ഇല്ല. സിനിമ കണ്ടതിന് ശേഷം ധനുഷ് സാര്‍ എന്നെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതനുസരിച്ച് പോയി കണ്ടതാണ്. ഓര്‍ത്തിരിക്കുന്ന നിമിഷമാണ് അത്. സിനിമ കണ്ട് ഇഷ്ടമായെന്ന് അദ്ദേഹം പറഞ്ഞു. വലിയ നടനാണ് ധനുഷ്. പുതുപ്പേട്ടൈ എനിക്ക് ഏറെ ഇഷ്ടമുള്ള സിനിമയാണ്. സെല്‍വരാഘവന്‍ ആരാധകനുമാണ് ഞാന്‍. 7 ജി റെയിന്‍ബോ കോളനിയൊക്കെ മനോഹരമായ സിനിമയായിരുന്നു. എന്‍റെ കൗമാരകാലമാണ് അതൊക്കെ. അത്തരം സിനിമകള്‍ കൃത്യമായി സ്വാധീനിക്കുന്ന സമയം. കാതല്‍ കൊണ്ടേനും അത്തരത്തില്‍ ഒരു സിനിമയായിരുന്നു. ആരാണ് ഈ നടനെന്ന് കൗതുകത്തോടെ നോക്കിയിട്ടുണ്ട് അക്കാലത്ത്", ചിദംബരത്തിന്‍റെ വാക്കുകള്‍.

Latest Videos

ALSO READ : മികച്ച മൂന്നാമത്തെ ഇന്ത്യന്‍ സിനിമ; 'ചാവേറി'ന് പുരസ്‍കാരം ഏറ്റുവാങ്ങി ടിനു പാപ്പച്ചന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!