ചികിത്സയിൽ ഇരിക്കുന്നവർ എത്രയും പെട്ടെന്ന് ഭേദമായി ജീവിതത്തിലേക്ക് മടങ്ങി എത്തട്ടെ എന്ന പ്രാർത്ഥനയും മമ്മൂട്ടി ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചു.
മലപ്പുറം: താനൂർ ബോട്ടപകടത്തിൽ വേദന പങ്കുവച്ച് മമ്മൂട്ടി. അങ്ങേ അറ്റം ദുഃഖമുണ്ടാക്കുന്ന സംഭവമാണെന്ന് പറഞ്ഞ മമ്മൂട്ടി, ദുരന്തത്തിൽ മരണപ്പെട്ട വ്യക്തികളുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു എന്നും വ്യക്തമാക്കി. ചികിത്സയിൽ ഇരിക്കുന്നവർ എത്രയും പെട്ടെന്ന് ഭേദമായി ജീവിതത്തിലേക്ക് മടങ്ങി എത്തട്ടെ എന്ന പ്രാർത്ഥനയും മമ്മൂട്ടി ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചു.
മമ്മൂട്ടിയുടെ കുറിപ്പ്
മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങി നിരവധി പേർ മരിച്ച സംഭവം അങ്ങേ അറ്റം ദുഃഖമുണ്ടക്കുന്നതാണ്. ദുരന്തത്തിൽ മരണപ്പെട്ട വ്യക്തികളുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ചികിത്സയിൽ ഇരിക്കുന്നവർ എത്രയും പെട്ടെന്ന് ഭേദമായി ജീവിതത്തിലേക്ക് മടങ്ങി എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
മോഹൻലാലിന്‍റെ കുറിപ്പ്
വളരെയധികം വേദനയുണ്ടാക്കുന്ന ദുരന്തമാണ് താനൂരിൽ സംഭവിച്ചത്. ഇരുപതിലധികം വിലപ്പെട്ട മനുഷ്യജീവനുകളാണ് നഷ്ടപ്പെട്ടത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു. ഹോസ്പിറ്റലിൽ ആയവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നു.
മഞ്ജു വാര്യരുടെ കുറിപ്പ്
താനൂർ ബോട്ടപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി. ഇന്നലെ വരെ നമുക്കൊപ്പമുണ്ടായിരുന്ന 22 പേർ ഇന്ന് ഇല്ല എന്നത് ഒരുപാട് സങ്കടപ്പെടുത്തുന്നു. അവരുടെ ചിരി നിമിഷങ്ങൾ മുങ്ങിപ്പോയത് നമ്മുടെയെല്ലാം വേദനയിലേക്കാണ്. നിത്യതയിൽ അവർ സ്വസ്ഥരായിരിക്കട്ടെ. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരാൻ പ്രാർഥനകൾ...
അതേസമയം കേരളത്തെ സങ്കടക്കയത്തിലാഴ്ത്തിയ താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കാൻ 2018 സിനിമയുടെ അണിയറക്കാർ തീരുമാനിച്ചു. കേരളത്തിൽ 2018 ലുണ്ടായ മഹാപ്രളയത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച 2018 സിനിമയുടെ നിർമ്മാതാക്കളാണ് സഹായധനം പ്രഖ്യാപിച്ചിരിക്കുന്നത്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം നൽകുമെന്നാണ് 2018 സിനിമയുടെ നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരിക്കുന്നത്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ 10 ലക്ഷം വീതം ധനസഹായം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. അപകടത്തിൽ മുഖ്യമന്ത്രി ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു. ഇന്നലെ അപകടത്തിൽ അനുശോചനം അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. അപകടത്തിൽ 22 പേരാണ് മരിച്ചത്. ഇവരിൽ 15 പേർ കുട്ടികളും അഞ്ച് പേർ സ്ത്രീകളും രണ്ട് പേർ പുരുഷന്മാരുമായിരുന്നു.