ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാകുന്ന ചിത്രം.
മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് 'നൻപകൽ നേരത്ത് മയക്കം'. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. ചിത്രം 27മത് ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റ ഐഎഫ്എഫ്കെ പ്രീമിയർ തീയതി പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി.
മൂന്ന് ദിവസമാണ് 'നൻപകൽ നേരത്ത് മയക്കം' ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുക. 12-ാം തിയതി ടാഗോർ തിയറ്ററിൽ 3. 30നും 13-ാം തിയതി ഉച്ചയ്ക്ക് 12 മണിക്ക് ഏരീസ് പ്ലക്സിലും 14ന് രാവിലെ 9. 30ക്ക് അജന്ത തിയറ്ററിലും ആണ് ചിത്രത്തിന്റെ പ്രദർശനം നടക്കുക. പ്രീമിയർ തീയതികൾ പുറത്തുവിട്ട് കൊണ്ട് പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്.
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് നന്‍പകല്‍ നേരത്ത് മയക്കം നിര്‍മ്മിക്കുന്നത്. ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ ലിജോയ്ക്കും ചിത്രത്തില്‍ നിര്‍മ്മാണ പങ്കാളിത്തമുണ്ട്. ലിജോയുടെ തന്നെ കഥയ്ക്ക് എസ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം തേനി ഈശ്വര്‍, എഡിറ്റിംഗ് ദീപു ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്‍, കലാസംവിധാനം ഗോകുല്‍ ദാസ്, മേക്കപ്പ് റോണക്സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, സൗണ്ട് മിക്സ് ഫസല്‍ എ ബക്കര്‍.
ദളപതിയുടെ 30 വർഷങ്ങൾ; നവജാത ശിശുക്കൾക്ക് സ്വർണമോതിരം സമ്മാനിച്ച് മക്കൾ ഇയക്കം
പൂര്‍ണ്ണമായും തമിഴ്നാട് പശ്ചാത്തലമാകുന്ന സിനിമയുടെ ചിത്രീകരണം വേളാങ്കണ്ണിയിലാണ് ആരംഭിച്ചത്. പഴനി ആയിരുന്നു പ്രധാന ലൊക്കേഷന്‍. ആ സമയത്ത് തമിഴ്നാട്ടില്‍ ഉണ്ടായിരുന്ന പ്രതികൂല കാലാവസ്ഥയെ മറികടന്ന് 28 ദിവസത്തെ ഒറ്റ ഷെഡ്യൂളിലാണ് ലിജോ തന്‍റെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്‍റെ പ്രൊമോഷണല്‍ മെറ്റീരിയലുകളെല്ലാം തന്നെ ശ്രദ്ധ നേടിയിരുന്നു. പിന്നാലെ വന്ന ടീസറും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു.