മമ്മൂട്ടിയുടെ ബസൂക്കയും മോഹന്‍ലാലിന്‍റെ ബറോസും ആണ് റിലീസിന് ഒരുങ്ങുന്നത്.
വർഷങ്ങൾക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമ വരുന്നുവെന്ന് ചർച്ചകൾ. കഴിഞ്ഞ ദിവസം ആന്റണി പെരുമ്പാവൂർ പങ്കുവച്ചൊരു ഫോട്ടോയാണ് ഇതിന് ആധാരം. മമ്മൂട്ടി കമ്പനിയും ആശിർവാദ് സിനിമാസും കൈകോർക്കുന്നു എന്ന് കുറിച്ച് മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പമുള്ള ഫോട്ടോയാണ് ആന്റണി ഷെയർ ചെയ്തത്.
ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചുള്ളൊരു സിനിമ വരുന്നുവെന്ന തരത്തിലാണ് ചർച്ചകൾ നടക്കുന്നത്. ഇക്കാര്യത്തിൽ വൈകാതെ ഔദ്യോഗിക വിവരം ഉണ്ടാകുമെന്നാണ് വിവരം. ചർച്ചകളുടെ അടിസ്ഥാനത്തിലാണെങ്കിൽ പതിനൊന്ന് വർഷങ്ങൾക്ക് ശേഷമാകും മോഹൻലാലും മമ്മൂട്ടിയും വീണ്ടും സ്ക്രീൻ പങ്കിടാൻ ഒരുങ്ങുന്നത്. കടൽകടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചെത്തിയത്.
അതേസമയം, ബസൂക്കയാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനവും രചനയും നിർവഹിക്കുന്നത് നവാഗതനായ ഡീനോ ഡെന്നിസ് ആണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിന്‍റെ മകനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡീനോ ഡെന്നിസ്. പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരും അഭിനയിച്ചിട്ടുണ്ട്.
ബറോസ് ആണ് മോഹൻലാലിന്റേതായി റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രം. ബറോസ് ഓക്ടോബർ 3ന് തിയറ്ററുകളിൽ എത്തും. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ വൻ പ്രതീക്ഷയോടെയാണ് ആരാധകർ ബറോസിനെ നോക്കി കാണുന്നത്. സന്തോഷ് ശിവനാണ് ബറോസിന്‍റെ ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ബറോസ് ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു.
സൂപ്പർ താരങ്ങളുടെ മൗനം അപഹാസ്യം, പണം കൊടുത്താൽ സംസാരിച്ചേക്കും: പരിഹസിച്ച് ചിന്മയി ശ്രീപദ
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..