'കുവൈറ്റ് വിജയനല്ലേ, ജോര്‍ജേ നമ്പര്‍ വാങ്ങിച്ചോളൂ'; മമ്മൂട്ടി തിരിച്ചറിഞ്ഞതിനെക്കുറിച്ച് കെ യു മനോജ്

By Web Team  |  First Published Oct 12, 2022, 10:22 AM IST

"മമ്മൂക്ക എറണാകുളത്ത് വച്ച് നാടകം കണ്ടിരുന്നു. പിന്നീട് നാടകത്തെ കുറിച്ചും സിനിമയെ കുറിച്ചും സംസാരിക്കുകയും ചെയ്തു"


മലയാള സിനിമയില്‍ ഏറ്റവും അപ്ഡേറ്റഡ് ആയി നില്‍ക്കുന്ന താരങ്ങളില്‍ പ്രധാനിയാണ് മമ്മൂട്ടി. അഭിനയ, സാങ്കേതിക മേഖലകളിലേക്ക് എത്തുന്ന കഴിവുറ്റ നവാഗതരെയൊക്കെ അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ശ്രമിക്കാറുമുണ്ട്. ഇപ്പോഴിതാ മമ്മൂട്ടി തന്നെ തിരിച്ചറിഞ്ഞതിനെക്കുറിച്ച് പറയുകയാണ് പുതുമുഖ നടന്‍ കെ യു മനോജ്. നാടകവേദികളിലൂടെ ശ്രദ്ധ നേടിയ മനോജ് തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലും പ്രേക്ഷകശ്രദ്ധയിലേക്ക് എത്തിയത്. കുവൈറ്റ് വിജയന്‍ എന്നായിരുന്നു ചിത്രത്തില്‍ മനോജിന്‍റെ കഥാപാത്രത്തിന്‍റെ പേര്. ഈ കഥാപാത്രത്തെ മമ്മൂട്ടി ശ്രദ്ധിച്ചിരുന്നുവെന്ന് പറയുന്നു മനോജ്.

മനോജിന്‍റെ കുറിപ്പ്

Latest Videos

എൻ്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു നിമിഷത്തെക്കുറിച്ച് നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ എറണാകുളം ലാൽ മീഡിയയിൽ "പ്രണയ വിലാസം" എന്ന എന്റെ പുതിയ സിനിമയുടെ ഡബ്ബിം​ഗ് ആയിരുന്നു. ആദ്യ ദിനം ഡബ്ബിങ് കഴിഞ്ഞ് പിറ്റേന്ന് സ്റ്റുഡിയോയില്‍ എത്തിയപ്പോള്‍ എല്ലാവരും ആരെയോ ബഹുമാനപൂർവ്വം കാത്തിരിക്കുന്ന ഒരു പ്രതീതി. കാര്യം തിരക്കിയപ്പോൾ സന്തോഷപൂർവ്വം അറിയുന്നു സാക്ഷാൽ മമ്മൂക്ക ഡബ്ബിംഗിനായി വരുന്നു എന്ന്, സ്റ്റുഡിയോ സ്റ്റാഫ് എന്നോട് പറഞ്ഞു. "സത്യം പറയാലൊ, കേട്ടയുടനെ എന്റെ "കിളി " പോയി. പിന്നെ മമ്മൂക്കയെ കാണാനുള്ള ധൃതിയായി. മമ്മൂക്ക വരുമ്പോൾ എന്നെ അറിയിക്കണേ എന്ന് സ്റ്റാഫിൽ ഒരാളെ സ്നേഹപൂർവ്വം ഏല്‍പ്പിച്ച് ഞാൻ ഡബ്ബിം​ഗ് തുടർന്നു. ഇടയിലെപ്പോഴോ അയാൾ വന്ന് പറഞ്ഞു- "മമ്മൂക്ക ഡബ്ബിങ് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങാറായി. ഞാൻ ഉടൻ പുറത്തേക്ക് ഓടി. നിമിഷങ്ങൾക്കുള്ളിൽ മമ്മൂക്ക പുറത്തേക്ക് വരുന്നു. "നെറ്റിപട്ടം കെട്ടിയ   ആന" എന്നൊക്കെ പറയാറില്ലെ... ഞാൻ മെല്ലെ അടുത്ത് ചെന്നു ധൈര്യം സംഭരിച്ച് പറയുവാനൊരുങ്ങി. "മമ്മൂക്ക ഞാൻ തിങ്കളാഴ്ച നിശ്ചയം".. പറഞ്ഞ് മുഴുപ്പിക്കാൻ വിടാതെ മമ്മൂക്ക പറഞ്ഞു..."ആ... മനസ്സിലായി കുവൈത്ത് വിജയൻ... സിനിമയിൽ കണ്ടത് പോലെ അല്ല... കാണാൻ ചെറുപ്പമാണല്ലോ... വിജയനെ പോലെ ചൂടാവുന്ന ആളാണെന്ന് പറയില്ലല്ലോ... 
എന്താ background മുമ്പ് അഭിനയിച്ചിട്ടുണ്ടോ?"
ഞാൻ പറഞ്ഞു തിയ്യറ്ററാണ്, പിന്നെ കുറച്ച് സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങളിൽ...
"ഖസാക്കിന്റെ ഇതിഹാസം'' നാടകത്തിലുണ്ടായിരുന്നു. മമ്മൂക്ക എറണാകുളത്ത് വച്ച് നാടകം കണ്ടിരുന്നു. പിന്നീട് നാടകത്തെ കുറിച്ചും സിനിമയെ കുറിച്ചും സംസാരിക്കുകയും ചെയ്തു. ഒടുവിൽ ഞാൻ പറഞ്ഞു "മമ്മൂക്ക ഒരു ഫോട്ടോ..."
വെളിയിൽ നിന്നെടുക്കാം ഇവിടെ ലൈറ്റ് കുറവാണ്.
അങ്ങനെ സന്തോഷത്തോടെ മമ്മൂക്ക എനിക്ക് വേണ്ടി ഈ ഫോട്ടോയ്ക്ക് നിന്ന് തന്നു.
പോകാനിറങ്ങുമ്പോൾ "പ്രിയൻ ഓട്ടത്തിലാണ് " എന്ന സിനിമയിൽ മമ്മൂക്ക പറഞ്ഞത് പോലെ ഒരു ഡയലോഗും
"ജോർജേ, മനോജിന്റെ നമ്പർ വാങ്ങിച്ചോളൂ."
എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ...
തൊണ്ടയിലെ വെള്ളവും വറ്റി... 
നേരെ ക്യാബിനിൽ ചെന്ന് ഒരു കുപ്പി വെള്ളം മൊത്തം കുടിച്ചു. പോയ "കിളി" തിരിച്ച് വരാൻ വീണ്ടും സമയമെടുത്തു. "മനോജേട്ടാ... നോക്കാം" ക്യാബിനിൽ നിന്ന് വീണ്ടും വിളി... ഡബ്ബിം​ഗ് തുടരുമ്പോഴും ഉള്ളിൽ സന്തോഷവും... ആരാധനയും കൂടി... കൂടി വന്നു. താങ്ക് യൂ മമ്മൂക്കാ...

ALSO READ : തമിഴ്നാടും കീഴടക്കാന്‍ ചിരഞ്ജീവിയുടെ 'ഗോഡ്‍ഫാദര്‍'; റിലീസ് പ്രഖ്യാപിച്ചു

click me!