ജൂഡ് ആന്‍റണിക്ക് തലയില്‍ മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിമുണ്ട് എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍.
ജൂഡ് ആന്‍റണി ഒരുക്കിയ '2018 എവരിവണ്‍ ഈസ് എ ഹീറോ' എന്ന ചിത്രത്തിന്‍റെ ടീസര്‍ ലോഞ്ചിനിടെ നടത്തിയ പ്രസംഗത്തിൽ മമ്മൂട്ടി നടത്തിയ പ്രസ്താവന വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ജൂഡ് ആന്‍റണിക്ക് തലയില്‍ മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിമുണ്ട് എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍. ഇത് ബോഡി ഷെയ്മിംഗ് ആണെന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം. ഇപ്പോഴിതാ ഇക്കാര്യത്തിൽ ഖേദം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മമ്മൂട്ടി.
'ജൂഡ് ആന്റണി'യെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ എനിക്കുള്ള ഖേദംപ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കില്ലെന്നും മമ്മൂട്ടി പറഞ്ഞു. ഇക്കാര്യം ഓർമ്മിപ്പിച്ച എല്ലാവർക്കും നന്ദിയെന്നും മമ്മൂട്ടി കുറിച്ചു.
മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ
പ്രിയരെ കഴിഞ്ഞ ദിവസം '2018' എന്ന സിനിമയുടെ ട്രൈലർ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ സംവിധായകൻ 'ജൂഡ് ആന്റണി'യെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കുവാൻ മേലിൽ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓർമ്മിപ്പിച്ച എല്ലാവർക്കും നന്ദി.
പിന്നാലെ നിരവധി പേരാണ് മമ്മൂട്ടിയെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയത്. "തെറ്റ് പറ്റുക സ്വാഭാവികം..അതു തിരുത്തി മുന്നേറുന്നിടത്താണ് മനസ്സിന്റെ നന്മ, തെറ്റ് തെറ്റായി കണ്ട് തിരുത്താൻ കാണിക്കുന്ന മനസ്സാണ് വേണ്ടത്...Good decision മമ്മൂക്ക, ജൂഡ് ആന്റണിക്ക് പരാതിയില്ലാത്ത ഒരു കമന്റിനു ഖേദം പ്രകടിപ്പിച്ച ഇക്ക മസ്സാണ്, ഞങ്ങളുടെ അഭിമാനമാണ് മമ്മൂക്ക", എന്നിങ്ങനെ പോകുന്നു കമന്റുകൾ.
രണ്ട് ദിവസം മുന്‍പായിരുന്നു '2018 എവരിവണ്‍ ഈസ് എ ഹീറോ'യുടെ ടീസര്‍ ലോഞ്ച് നടന്നത്. ഇതിന് പിന്നാലെയായിരുന്നു ജൂഡിനെ പുകഴ്ത്തി കൊണ്ട് മമ്മൂട്ടി 'ജൂഡ് ആന്‍റണിക്ക് തലയില്‍ മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിമുണ്ട്' എന്ന് പറഞ്ഞത്. ഇത് ഒരു വിഭാഗത്തെ ചൊടിപ്പിക്കുക ആയിരുന്നു. പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി ജൂഡും രംഗത്തെത്തി.
'ബോളിവുഡിന് തിരിച്ചെത്താന്‍ ഒറ്റ ഹിറ്റ് മതി'; ചിലപ്പോള്‍ അത് 'പഠാന്‍' ആയിരിക്കുമെന്ന് പൃഥ്വിരാജ്
"മമ്മൂക്ക എന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെയ്മിംഗ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട്. എനിക്ക് മുടി ഇല്ലാത്തതിൽ ഉള്ള വിഷമം എനിക്കോ എന്റെ കുടുംബത്തിനോ ഇല്ല. ഇനി അത്രേം concern ഉള്ളവർ മമ്മൂക്കയെ ചൊറിയാൻ നില്‍ക്കാതെ എന്റെ മുടി പോയതിന്റെ കാരണക്കാരായ ബാംഗ്ലൂർ കോര്‍പറേഷന്‍ വാട്ടർ, വിവിധ ഷാംപൂ കമ്പനികൾ ഇവർക്കെതിരെ ശബ്ദമുയർത്തുവിൻ. ഞാൻ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യൻ ഏറ്റവും സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുത്. എന്ന് മുടിയില്ലാത്തതിൽ അഹങ്കരിക്കുന്ന ഒരുവൻ."എന്നായിരുന്നു ജൂഡിന്‍റെ പ്രതികരണം.