'അന്ന് ആ മനുഷ്യന്‍റെ മകനാണ് ഞാനെന്ന് തോന്നി, എന്‍റെ മനസ്സ് ശൂന്യമാവുന്ന പോലെ'; ഇരുകൈകളും മലർത്തി മമ്മൂട്ടി

By Anver Sajad  |  First Published Dec 26, 2024, 12:20 AM IST

'ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം'


കോഴിക്കോട്: മലയാളത്തിന്റെ മഹാ പ്രതിഭയും അതുല്യ കലാകാരനും എഴുത്തിന്‍റെ പെരുന്തച്ചനുമായ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അതി വൈകാരിക കുറിപ്പുമായി മമ്മൂട്ടി. ചിലരെങ്കിലും പറയാറുണ്ട് എം ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന് പറഞ്ഞ മഹാനടൻ, എം ടിക്കൊപ്പമുള്ള അനുഭവവും പങ്കുവച്ചു. ആദ്യമായി കണ്ട ദിവസം മുതൽ ആ ബന്ധം വളർന്നെന്നും സ്നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകിയെന്നും മമ്മൂട്ടി കുറിച്ചു.നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയിൽ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ, ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നിയെന്നും മമ്മൂട്ടി വിവരിച്ചു.

ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ടെന്നും അതൊന്നും ഓർക്കുന്നില്ലിപ്പോളെന്നും വിശദീകരിച്ച മമ്മൂട്ടി, മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നുവെന്നും ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നുവെന്നും പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിച്ചത്.

Latest Videos

undefined

അത്രമേൽ വേദന, തലമുറകളെ സ്വാധീനിച്ച പ്രിയ എഴുത്തുകാരന് അന്ത്യാഞ്ജലി, അനുശോചിച്ച് മുഖ്യമന്ത്രിയടക്കമുള്ളവർ

മമ്മൂട്ടിയുടെ കുറിപ്പ്

ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്. കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു. കണ്ട ദിവസം മുതൽ ആ ബന്ധം വളർന്നു. സ്നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി. നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയിൽ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ, ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്. അതൊന്നും ഓർക്കുന്നില്ലിപ്പോൾ. ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു. ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!