Mammootty action movies : 'മൈക്കിളി'ന് മുന്നേ ആക്ഷനില്‍ കസറിയ മമ്മൂട്ടി കഥാപാത്രങ്ങള്‍

By Web Team  |  First Published Mar 1, 2022, 6:27 AM IST

'മൈക്കിള്‍' എത്തുംമുന്നേ കാണാനുള്ള ചിത്രങ്ങളില്‍ ചിലത്.
 


മമ്മൂട്ടി (Mammootty) നായകനാകുന്ന പുതിയ ചിത്രം 'ഭീഷ്‍മ പര്‍വം' പ്രദര്‍ശനത്തിന് എത്തുകയാണ്. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന 'ഭീഷ്‍മ പര്‍വ'ത്തില്‍ 'മൈക്കിളാ'യി ആക്ഷൻ രംഗങ്ങളില്‍ മമ്മൂട്ടി വിസ്‍മയിപ്പിക്കുമെന്നത് തീര്‍ച്ച. പ്രഖ്യാപനം മുതലേ ചര്‍ച്ചയായി ചിത്രവുമാണ് 'ഭീഷ്‍മ പര്‍വം'. 'ഭീഷ്‍മ പര്‍വം' റിലീസിന് എത്താനിരിക്കുമ്പോള്‍ മമ്മൂട്ടിയെ പഴയ ആക്ഷൻ ഹിറ്റ് സിനിമകള്‍ (Mammootty action movies) ഇതാ ഓര്‍മയിലേക്ക്.

Latest Videos

മന്നാഡിയാരുടെ കൈക്കരുത്ത്

മമ്മൂട്ടിയുടെ കരിയറിലെ കരുത്തുറ്റ കഥാപാത്രങ്ങളില്‍ ഒന്നാണ് 'നരസിംഹ മന്നാഡിയാര്‍'. 'ധ്രുവം' എന്ന ചിത്രത്തിലാണ് മമ്മൂട്ടി 'നരസിംഹ മന്നാഡി'യാരായി എത്തിയത്. എസ് എന്‍ സ്വാമിയായിരുന്നു ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ജോഷി സംവിധാനം ചെയ്‍ത ചിത്രം 1993ലാണ് പ്രദര്‍ശനത്തിന് എത്തിയത്. മമ്മൂട്ടിയുടെ കിടിലൻ ആക്ഷൻ രംഗങ്ങള്‍ കൊണ്ടും ഭാവതീവ്രത കൊണ്ടും ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു 'ധ്രുവം'.

കോമഡി പറഞ്ഞ് തല്ല്

'രാജമാണിക്യം' ആക്ഷൻ കോമഡി ചിത്രമായിട്ടായിരുന്നു എത്തിയത്. മമ്മൂട്ടി തിരുവനന്തപുരം സ്ലാംഗും ചിത്രത്തില്‍ ഉപയോഗിച്ചത് വൻ ഹിറ്റായി. രസകരമായ ഒട്ടേറെ രംഗങ്ങളുള്ള ചിത്രത്തില്‍ മമ്മൂട്ടിക്ക് ആക്ഷൻ രംഗങ്ങളുമുണ്ടായിരുന്നു. വൻ വിജയം സ്വന്തമാക്കിയ ചിത്രം സംവിധാനം ചെയ്‍തത് 2005ല്‍ അൻവര്‍ റഷീദാണ്. 

വഴിവിട്ട ജീവിതവുമായി 'ബല്‍റാം'

സ്ഥിരമായി മലയാള സിനിമയില്‍ അതുവരെ കണ്ടുവന്ന സല്‍ഗുണ സമ്പന്നനായിരുന്നില്ല 'ആവനാഴി'യിലെ 'ഇൻസ്‍പെക്ടര്‍ ബല്‍റാം'. വഴിവിട്ട ജീവിതചര്യകളൊക്കെയായിരുന്നു മമ്മൂട്ടിയുടെ കഥാപാത്രത്തിന് ചിത്രത്തിലുണ്ടായിരുന്നത്. ടി ദാമോദരന്റെ തിരക്കഥയില്‍ ഐ വി ശശിയായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. 1986ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം മമ്മൂട്ടിയുടെ ആക്ഷൻ രംഗങ്ങള്‍ക്ക് മാറ്റേകി.

'അലക്സാണ്ടറു'ടെ 'സാമ്രാജ്യം'

'അലക്സാണ്ടര്‍' എന്ന അധോലോക നായകനായിരുന്നു 'സാമ്രാജ്യ'ത്തില്‍ മമ്മൂട്ടി. സംവിധായകന്‍ ജോമോന്‍റെ ആദ്യ ചിത്രമായിരുന്നു 'സാമ്രാജ്യം'. ഷിബു ചക്രവര്‍ത്തിയാണ് മമ്മൂട്ടി ചിത്രത്തിന് തിരക്കഥ എഴുതിയത്. മമ്മൂട്ടിയുടെ മാസ്- ക്ലാസ് രംഗങ്ങള്‍ ചിത്രത്തിന്റെ ആകര്‍ഷണമായി.

പൊലീസുകാരനായ ഗുണ്ട

ഒരേസമയം പൊലീസുകാരനും അധോലോക ഗുണ്ടയുമായിരുന്നു 'കാരിക്കാമുറി ഷണ്മുഖന്‍'. കൊച്ചിയിലെ അധോലോകത്തിന്‍റെയും ക്വട്ടേഷന്‍ സംഘങ്ങളുടെയും കഥയായിരുന്നു 'ബ്ലാക്ക്' എന്ന ചിത്രം പറഞ്ഞത്. രഞ്‍ജിത്ത് സംവിധാനം ചെയ്‍ത ചിത്രത്തില്‍ 'കാരിക്കാമുറി ഷണ്മുഖന്‍' ആയി മമ്മൂട്ടി വിലസി. മികച്ച ആക്ഷൻ രംഗങ്ങളും ചിത്രത്തില്‍ മമ്മൂട്ടിക്കുണ്ടായിരുന്നു.

അമല്‍ നീരദിന്റെ 'ബിലാല്‍'

അമല്‍ നീരദിന്റെ ആദ്യ ചിത്രത്തില്‍ 'ബിലാല്‍ ജോണ്‍ കുരിശിങ്കല്‍' ആയിരുന്നു നായകൻ. നായകന്റെ രൂപം മമ്മൂട്ടിയുടേതും. സംഭാഷണങ്ങള്‍ക്കും ചലനങ്ങള്‍ക്കൊണ്ടും മമ്മൂട്ടി ചിത്രത്തെ  ആവേശഭരിതമാക്കി. അമലിന്റെ സ്റ്റൈലിഷായുള്ള ആഖ്യാനവുമായപ്പോള്‍ ചിത്രം വേറെ ലെവല്‍. 'ബിഗ് ബി'യുടെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിട്ടുണ്ട്.

മമ്മൂട്ടി ആക്ഷനില്‍ വിസ്‍മയിപ്പിച്ച ചിത്രങ്ങള്‍ ഇനിയും എണ്ണത്തിലേറെയുണ്ട്. 'ഭീഷ്‍മ പര്‍വം' എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ തകര്‍പ്പൻ ആക്ഷൻ രംഗങ്ങള്‍ക്കായി  കാത്തിരിക്കുകയാണ് ആരാധകര്‍. അമല്‍ നീരദ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.  മാര്‍ച്ച് മൂന്നിനാണ് തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുക.

click me!