'ഈ രാജ്യം നിങ്ങളെ നമിക്കുന്നു'; ഓസ്‍കര്‍ ജേതാക്കള്‍ക്ക് അഭിനന്ദനവുമായി മമ്മൂട്ടി, മോഹന്‍ലാല്‍

By Web Team  |  First Published Mar 13, 2023, 6:33 PM IST

"ലോകം മുഴുവന്‍ നാട്ടു നാട്ടുവിന്‍റെ താളത്തിനൊപ്പം നൃത്തം ചെയ്യുന്നത് കാണുമ്പോള്‍ അഭിമാനം നിറഞ്ഞ് തുളുമ്പുന്നു"


ഓസ്‍കര്‍ അവാര്‍ഡ് നേട്ടത്തിലൂടെ രാജ്യത്തിന്‍റെ യശസ്സ് ഉയര്‍ത്തിയ കലാപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി മമ്മൂട്ടിയും മോഹന്‍ലാലും. ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ പുരസ്കാരം നേടിയ ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന്‍റെയും മികച്ച ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിം ആയി തെരഞ്ഞെടുക്കപ്പെട്ട ദി എലിഫന്‍റ് വിസ്പറേഴ്സിന്‍റെയും അണിയറ പ്രവര്‍ത്തകര്‍ക്ക് ഇരുവരും അഭിനന്ദനങ്ങള്‍ നേര്‍ന്നു.

ലോകം മുഴുവന്‍ നാട്ടു നാട്ടുവിന്‍റെ താളത്തിനൊപ്പം നൃത്തം ചെയ്യുന്നത് കാണുമ്പോള്‍ അഭിമാനം നിറഞ്ഞ് തുളുമ്പുന്നു. ഈ രാജ്യത്തിന്‍റെ അഭിമാനമായതിന് എം എം കീരവാണിക്കും ചന്ദ്രബോസിനും ഹൃദയം നിറഞ്ഞ ആശംസകള്‍. ഇന്ത്യന്‍ സിനിമയെ ലോകത്തിന്‍റെ നിറുകയില്‍ എത്തിച്ചതിന് എസ് എസ് രാജമൌലി, രാം ചരണ്‍, ജൂനിയര്‍ എന്‍ ടി ആര്‍ എന്നിവരെക്കുറിച്ചും അഭിമാനം. മികച്ച ഹ്രസ്വ ഡോക്യുമെന്‍ററിക്കുള്ള പുരസ്കാരം നേടിയത് ദി എലിഫന്‍റ് വിസ്പറേഴ്സ് ആണ്. കാര്‍ത്തികി ഗോണ്‍സാല്‍വസ്, ഗുണീത് മോംഗ, സിഖ്യ എന്‍റര്‍ടെയ്ന്‍‍മെന്‍റ് എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍. ശരിക്കും ഗംഭീരമായ നേട്ടം, മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Latest Videos

നാട്ടു നാട്ടു രണ്ടാമതും ചരിത്രം കുറിക്കുന്നു. ഇന്ത്യയെ വീണ്ടും ഒന്നാമതെത്തിച്ചതിന് എം എം കീരവാണി ഗാരു, ചന്ദ്രബോസ്, എസ് എസ് രാജമൌലി, കാല ഭൈരവ, രാഹുല്‍ സിപ്ലിഗുഞ്ജ്, പ്രേം രക്ഷിത്, ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, പിന്നെ മുഴുവന്‍ ആര്‍ആര്‍ആര്‍ സംഘത്തിനും അഭിനന്ദനങ്ങള്‍. ഈ രാജ്യം നിങ്ങളെ നമിക്കുന്നു. എലിഫന്‍റ് വിസ്പറേഴ്സിലൂടെ ഓസ്കര്‍ നേടിയ രണ്ട് വനിതകളെയും നമിക്കുന്നു. ഇന്ത്യയുടെ ഈ അഭിമാന വിജയത്തിന് കാര്‍ത്തികി ഗോണ്‍സാല്‍വസിനും ഗുണീത് മോംഗയ്ക്കും അഭിനന്ദനങ്ങള്‍, എന്നാണ് മോഹന്‍ലാലിന്‍റെ കുറിപ്പ്. ഓസ്കറില്‍ ഒരേ വര്‍ഷം രണ്ട് പുരസ്കാരങ്ങള്‍ എന്ന അപൂര്‍വ്വതയെ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുകയാണ് ഇന്ത്യന്‍ സിനിമാപ്രേമികള്‍.

ALSO READ : പുത്തന്‍ ലുക്കില്‍ ശരവണന്‍; അടുത്ത ചിത്രത്തിന്‍റെ പ്രഖ്യാപനത്തിന് കാത്ത് ആരാധകര്‍

click me!