ഭാവഗാനം നിലച്ചു; മലയാളത്തിന്റെ പ്രിയ ​ഗായകൻ പി ജയചന്ദ്രൻ വിടവാങ്ങി

By Web Desk  |  First Published Jan 9, 2025, 8:11 PM IST

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു വർഷത്തിൽ അധികമായി അമല ആശുപത്രിയിൽ പലപ്പോഴായി ചികിത്സയിലായിരുന്നു അദ്ദേഹം. 


തൃശൂർ: മലയാളത്തിന്റെ പ്രിയ ഭാവ ​ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. എണ്‍പത് വയസായിരുന്നു. 7.54 ആണ് മരണം സ്ഥിരീകരിച്ചത്. വൈകിട്ട് 7 മണിക്ക് പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു വർഷത്തിൽ അധികമായി അമല ആശുപത്രിയിൽ പലപ്പോഴായി ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്കാരം മറ്റന്നാള്‍ വൈകിട്ട് നടക്കും. 

1944 മാർച്ച് 3 ന് എറണാകുളം ജില്ലയിലെ രവിപുരത്താണ് അദ്ദേഹം ജനിച്ചത്. പിന്നീട് ഇരിങ്ങാലക്കുടയിലേക്ക് താമസം മാറ്റി. വിദ്യാഭ്യാസ കാലഘട്ടമെല്ലാം ഇവിടെയായിരുന്നു. ഗായകൻ യേശുദാസിന്റെ സുഹൃത്തായിരുന്ന ജ്യേഷ്ഠൻ സുധാകരൻ വഴിയാണ്ജയചന്ദ്രൻ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്നു വരുന്നത്.

Latest Videos

1965ൽ'കുഞ്ഞാലിമരയ്ക്കാര്‍' എന്ന പടത്തില്‍ പി ഭാസ്കരന്റെ രചനയായ 'ഒരുമുല്ലപ്പൂമാലയുമായ് 'എന്ന ഗാനം ചിദംബരനാഥിന്റെ സംഗീതത്തില്‍ പാടി. ആ ചിത്രം പുറത്തുവരുന്നതിനു മുന്നേ മദ്രാസില്‍ നടന്ന ഒരു ഗാനമേളയില്‍ ജയചന്ദ്രൻ പാടിയ രണ്ടു പാട്ടുകള്‍ കേട്ട സംവിധായകന്‍ എ വിന്‍സെന്റിന്റെ ശുപാര്‍ശ പ്രകാരം സംഗീത സംവിധായകന്‍ ജി ദേവരാജന്‍ പി ഭാസ്കരന്റെ രചനയായ 'മഞ്ഞലയില്‍മുങ്ങിത്തോര്‍ത്തി' എന്ന ഗാനം 'കളിത്തോഴന്‍' എന്ന ചിത്രത്തിനായി പാടിച്ചു. ഈ ചിത്രം 1967ല്‍ പുറത്തുവരികയും ​ഗാനം ഏറെ ശ്രദ്ധ നേടുകയും ചെയ്തു. 

പിന്നീട് അനുരാഗഗാനം പോലെ, രാജീവനയനേ നീയുറങ്ങൂ, രാസാത്തി ഉന്നെ കാണാതെ നെഞ്ചം, പ്രായം നമ്മില്‍ മോഹം നല്‍കി, നിന്‍ മണിയറയിലെ, മറന്നിട്ടുമെന്തിനോ, ഹര്‍ഷബാഷ്പം തൂകി, കാട്ടുകുറിഞ്ഞി പൂവും ചൂടി, ഉപാസന, കരിമുകില്‍ കാട്ടിലെ തുടങ്ങി ഒട്ടവനധി ​മനോഹര ഗാനങ്ങൾ അദ്ദേഹം സമ്മാനിച്ചു. ആറ് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തില്‍ ആയിരത്തിലേറെ പാട്ടുകൾ സമ്മാനിച്ച അദ്ദേഹത്തിന്‍റെ സ്വരം, സിനിമകളില്‍ മാത്രമല്ല ലളിതഗാനത്തിലും ഭക്തിഗാനത്തിലും തരംഗമായി മാറിയിരുന്നു. 

യുദ്ധം ജയിച്ച ആഹ്ളാദത്തിലല്ല ഞാന്‍, പ്രതികരിച്ചത് നിവര്‍ത്തികെട്ട്; പ്രതികരണവുമായി ഹണി റോസ്

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ജയചന്ദ്രന്‍റെ ​ഗാനങ്ങൾ ശ്രദ്ധനേടി.  ഈ ഭാഷകളില്‍ എല്ലാം കൂടി 16000ലേറെ ഗാനങ്ങൾ അദ്ദേഹം പാടിയി‍ട്ടുണ്ട്. 2008ല്‍ എ. ആര്‍. റഹ്‌മാന്‍ സംഗീതം നല്‍കിയ 'ADA..എ വേ ഓഫ് ലൈഫ്'' എന്ന ചിത്രത്തിനായി അല്‍ക യാഗ്‌നിക്കിനൊപ്പം പാടിക്കൊണ്ടാണ് ജയചന്ദ്രന്‍ ആദ്യമായി ഹിന്ദി ഗാനരംഗത്ത് എത്തുന്നത്.  ദേശീയ പുരസ്കാരവും 5തവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന പുരസ്കാരവും മികച്ച പിന്നണി ഗായകനുള്ള തമിഴ് നാട് സർക്കാർ പുരസ്കാരവും നേടിയിട്ടുണ്ട്. 2021ല്‍ കേരള സര്‍ക്കാരിന്‍റെ ജെ സി ഡാനിയല്‍ പുരസ്കാരവും ലഭിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

click me!