കേരളത്തിലെ 85 സ്ക്രീനുകളിലും ജിസിസിയില്‍ 40 സ്ക്രീനുകളിലുമാണ് മലയാളം ജയിലര്‍ ഇന്ന് പ്രദര്‍ശനം ആരംഭിക്കുന്നത്.
ഒരേ സമയം ഒരേ പേരില്‍ രണ്ട് സിനിമകള്‍ തിയറ്ററുകളില്‍! അത്തരം അപൂര്‍വ്വതയ്ക്ക് സാക്ഷ്യം വഹിക്കുകയാണ് കേരളത്തിലെയും ഗള്‍ഫിലെയും സിനിമാ തിയറ്ററുകള്‍ ഇന്ന് മുതല്‍. നെല്‍സണ്‍ ദിലീപ്‍കുമാറിന്‍റെ രജനികാന്ത് ചിത്രം ജയിലറിനൊപ്പം മലയാളത്തില്‍ നിന്ന് ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്തിരിക്കുന്ന മറ്റൊരു ജയിലറും ഇന്ന് മുതല്‍ പ്രദര്‍ശനം ആരംഭിക്കുന്നു. തമിഴ് ജയിലര്‍ തിയറ്ററുകളിലെത്തിയ ഓഗസ്റ്റ് 10 ന് തന്നെയാണ് മലയാളം ജയിലറിന്‍റെയും റിലീസ് തീയതിയായി ആദ്യം പ്രഖ്യാപിച്ചിരുന്നത്. പേരിനെച്ചൊല്ലി ഇരു ചിത്രത്തിന്‍റെ അണിയറക്കാരും തമ്മിലുള്ള തര്‍ക്കം കോടതി വരെ എത്തിയിരുന്നു. അവസാനം റിലീസിന് തലേന്ന് മലയാളം ജയിലറിന്‍റെ റിലീസ് തീയതി നീട്ടിവെക്കുകയായിരുന്നു.
കേരളത്തിലെ 85 സ്ക്രീനുകളിലും ജിസിസിയില്‍ 40 സ്ക്രീനുകളിലുമാണ് മലയാളം ജയിലര്‍ ഇന്ന് പ്രദര്‍ശനം ആരംഭിക്കുന്നത്. റിലീസ് ദിനത്തില്‍ സംവിധായകന്‍ സക്കീര്‍ മഠത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ കുറിച്ചു- "ഇന്ന് കേരളത്തിലും ഗൾഫ് നാടുകളിലുമായി മലയാളം ജയിലർ റിലീസ് ചെയ്യുകയാണ്. എല്ലാവരും കാണുകയും നിങ്ങളുടെ അഭിപ്രായം അറിയിക്കുകയും ചെയ്യണം. കുറേ കാലത്തെ കഷ്ടപ്പാടാണ് ഈ ചിത്രം... നിങ്ങൾ പ്രേക്ഷകരാണ് എൻ്റെ സിനിമയുടെ സൂപ്പർ താരം...", സക്കീര്‍ മഠത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പിരീഡ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം 1956-57 കാലഘട്ടത്തിൽ നടന്ന ഒരു സംഭവകഥയാണ് പറയുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ജയിലറുടെ വേഷത്തിലാണ് നായകനായ ധ്യാന്‍ എത്തുന്നത്. അഞ്ച് കൊടും കുറ്റവാളികളുടെ കൂടെ ഒരു ബംഗ്ലാവിൽ താമസിച്ച് അവരെ വെച്ച് പുതിയൊരു പരീക്ഷണത്തിന് ശ്രമിക്കുന്ന ജയിലര്‍ ആണ് ധ്യാന്‍ അവതരിപ്പിക്കുന്ന കഥാപാത്രം. ഗോൾഡൻ വില്ലേജിൻ്റെ ബാനറിൽ എൻ കെ മുഹമ്മദ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ദിവ്യ പിള്ള നായികയായി എത്തുന്ന ഈ ചിത്രത്തിൽ മനോജ് കെ ജയൻ, ശ്രീജിത്ത് രവി, നവാസ് വള്ളിക്കുന്ന്, ബിനു അടിമാലി, ഉണ്ണി രാജ, ജയപ്രകാശ്, ബി കെ ബൈജു, ശശാങ്കൻ, ടിജു മാത്യു, ശാന്തകുമാരി, ആൻസി വിനീഷ, ബാല താരങ്ങളായ വാസുദേവ് സജീഷ് മരാർ, സൂര്യദേവ് സജീഷ് മാരാർ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.
ALSO READ : മലയാളത്തില്‍ നിന്ന് അടുത്ത ഒടിടി റിലീസ്; 'ആയിരത്തൊന്ന് നുണകള്‍' സ്ട്രീമിംഗ് ആരംഭിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക