നായാട്ടിലും പടയിലും വേട്ടയിലും കുഞ്ചാക്കോ ബോബൻ പരിചിതമല്ലാത്ത കഥാപരിസരത്തിൽ അത്ര ശീലമില്ലാത്ത കഥാപാത്ര സൃഷ്ടിയിൽ മികവ് കാട്ടി.
മലയാള സിനിമയിലെ മുൻനിര നായക നിരയിൽ ശ്രദ്ധേയനാണ് നടൻ കുഞ്ചാക്കോ ബോബൻ. ഒരു കാലത്ത് ചോക്ലേറ്റ് ബോയ് ഇമേജിൽ തരംഗം സൃഷ്ടിച്ച കുഞ്ചാക്കോ ബോബൻ ഇന്ന്, വ്യത്യസ്തതയാർന്ന വേഷപ്പകര്‍ച്ചകളിലൂടെ മലയാളികളെ അമ്പരിപ്പിക്കുകയാണ്. കാമ്പുള്ള കഥാപാത്രങ്ങളാലും വേറിട്ട ചിത്രങ്ങളാലും വൻ മാറ്റമാണ് കുഞ്ചാക്കോ ബോബൻ തന്റെ അഭിനയ ജീവിതത്തില്‍ വരുത്തിയിരിക്കുന്നത്. വ്യത്യസ്തതകൾ തേടി മുന്നേറുന്ന ചാക്കോച്ചന്റെ പിറന്നാളാണ് ഇന്ന്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് പ്രിയതാരത്തിന് ആശംസകളുമായി എത്തുന്നത്.
ഫാസിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'ധന്യ'യെന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് കുഞ്ചാക്കോ ബോബൻ വെള്ളിത്തിരയിൽ എത്തുന്നത്. കുഞ്ചാക്കോയുടെ പിതാവ് ബോബൻ കുഞ്ചാക്കോയായിരുന്നു 'ധന്യ' നിര്‍മിച്ചത്. 1997ല്‍ ഒരു പ്രണയ ചിത്രത്തിലെ നായകനെ തേടിയപ്പോള്‍ ഫാസിലിന്റെ ഓര്‍മയിലേക്ക് എത്തിയതും കുഞ്ചാക്കോ ബോബന്റെ മുഖം. അങ്ങനെ അനിയത്തിപ്രാവില്‍ നായകനായി. യുവാക്കളും കുടുംബപ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്ത ചിത്രം വൻ ഹിറ്റായി മാറി.
അനിയത്തിപ്രാവിലെ പ്രണയ നായകന്റെ മുഖമായിരുന്നു പിന്നീടുള്ള ചിത്രങ്ങളിലും പ്രേക്ഷകരുടെ മനസിലും കുഞ്ചാക്കോ ബോബന്. ചോക്ലേറ്റ് ഹീറോയെന്ന വിളിപ്പേരും കുഞ്ചാക്കോ ബോബന് സ്വന്തമായി. അനിയത്തിപ്രാവിന്റെ വിജയം തുടര്‍ന്നുള്ള ചിത്രങ്ങളില്‍ നിലനിര്‍ത്താനായില്ലെങ്കിലും ആദ്യ വിജയത്തിന്റെ പ്രതിഫലനം എന്നോണം കുഞ്ചാക്കോ നിരവധി സിനിമകളിൽ നായകനായി.
ഏതൊരു സഹോദരനും ആഗ്രഹിക്കുന്ന അളിയൻ, ഏതൊരു പെൺകുട്ടിയും ഇഷ്ടപ്പെടുന്ന കാമുകൻ, ഏതൊരു അമ്മയും തന്റേതെങ്കിൽ എന്ന് വിചാരിച്ച മകൻ എന്നിങ്ങനെ പോയി ചാക്കോച്ചന്റെ കഥാപാത്രങ്ങൾ. 'നിറം' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബൻ- ശാലിനി കെമിസ്‍ട്രി തിയറ്ററുകളില്‍ ട്രെൻഡ് സെറ്ററായി മാറി.
കുടുംബ ചിത്രങ്ങളിലും കുഞ്ചാക്കോ ബോബൻ തകർത്തഭിനയിച്ചുവെങ്കിലും ചോക്ലേറ്റ് ഹീറോ പരിവേഷം താരത്തെ വിടാതെ പിന്തുടർന്നു. പ്രിയയുമായി 2005ല്‍ വിവാഹിതനായ കുഞ്ചാക്കോ ബോബൻ, സിനിമയിൽ നിന്നും മാറിനിൽക്കുകയും ചെയ്തു. 2006ല്‍ 'കിലുക്കം കിലു കിലുക്കം' എന്ന ചിത്രത്തിൽ ഇതിനിടയിൽ അഭിനയിച്ചുവെങ്കിലും 207ല്‍ താരം പൂർണമായി സിനിമയിൽ നിന്നും വിട്ടുനിന്നു. 2008ല്‍ ഷാഫിയുടെ ലോലിപോപ്പിലൂടെ തിരിച്ചുവരവ് നടത്തു. ഈ കാലയളവിൽ പുറത്തിറങ്ങിയ 'എൽസമ്മ എന്ന ആൺകുട്ടി'യെന്ന ചിത്രം നടന്റെ തിരിച്ചുവരവില്‍ ബ്രേക്കായി.
'ട്രാഫിക്ക്' എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും വേറിട്ട വേഷം നല്‍കി. പിന്നാലെ സീനിയേഴ്‍സ്, ഓര്‍ഡിനറി തുടങ്ങിയ ചിത്രങ്ങളും ഹിറ്റായതോടെ കുഞ്ചാക്കോ ബോബന്റെ സിനിമകൾ വീണ്ടും തുടര്‍ച്ചയായി തിയറ്ററുകളില്‍ എത്തി. എന്നാൽ പിന്നീട് മലയാളികൾ കണ്ടത് കുഞ്ചാക്കോ ബോബൻ എന്ന നടന്റെ വേറിട്ട വേഷങ്ങൾ. 'അഞ്ചാം പാതിര' ആയിരുന്നു തുടക്കമിട്ടത്. ക്രിമിനോളജിസ്റ്റിന്റെ വേഷത്തില്‍ കുഞ്ചാക്കോ ബോബൻ എത്തിയപ്പോൾ അത് മലയാളികൾക്കും കുഞ്ചാക്കോ എന്ന നടനും വേറിട്ട അനുഭവമായി മാറി.
നായാട്ടിലും പടയിലും വേട്ടയിലും കുഞ്ചാക്കോ ബോബൻ പരിചിതമല്ലാത്ത കഥാപരിസരത്തിൽ അത്ര ശീലമില്ലാത്ത കഥാപാത്ര സൃഷ്ടിയിൽ മികവ് കാട്ടി. ഡോ. ബിജുവിന്റെ സിനിമയിലും അഭിനയിച്ച് കുഞ്ചാക്കോ ബോബൻ (വലിയ ചിറകുള്ള പക്ഷി) വാണിജ്യ സിനിമയുടെ അതിരുകൾക്ക് പുറത്തേക്ക് കാലെടുത്ത് വെച്ചു. സ്വയം നവീകരണത്തിന്റെയും സ്വയം പരീക്ഷണത്തിന്റേയും പരിശീലനക്കളരിയിൽ മികവ് കാട്ടിയ കുഞ്ചാക്കോയെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. അവർ പറഞ്ഞുതുടങ്ങി, ചാക്കോച്ചൻ ചിത്രങ്ങൾക്കായി കാത്തിരിക്കാൻ തുടങ്ങി. ചോക്കളേറ്റ് നായകനിൽ നിന്ന് നല്ല നടനിലേക്ക്, പരീക്ഷണ നടനിലേക്കുള്ള മാറ്റം മലയാളികളെ തെല്ലല്ല അമ്പരപ്പിച്ചത്. ഇവയിൽ അവസാനത്തേത് ആയിരുന്നു 'ന്നാ താൻ കേസ് കൊട്' എന്ന സിനിമ.
രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ചിത്രത്തിൽ കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബൻ നിറഞ്ഞാടി. പല കാരണങ്ങളാല്‍ സമീപകാലത്ത് വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം കൂടിയായിരുന്നു ഇത്. കുഞ്ചാക്കോ ബോബന്‍റെ വൈറല്‍ ഡാന്‍സ് ആണ് ആദ്യം പ്രേക്ഷകശ്രദ്ധ നേടിയതെങ്കില്‍ ചിത്രത്തിന്‍റെ റിലീസിനോടനുബന്ധിച്ച് അണിയറക്കാര്‍ പുറത്തുവിട്ട ഒരു പോസ്റ്റര്‍ ആണ് അതിലേറെ ചര്‍ച്ചയായത്. തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ എന്നായിരുന്നു പോസ്റ്ററിലെ ആഹ്വാനം. ഈ പോസ്റ്ററിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഇടത് അനുഭാവികളായ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിനിടെ റിലീസ് ചെയ്ത ചിത്രം 50 കോടി ക്ലബ്ബിൽ ഇടം നേടി ജൈത്രയാത്ര തുടർന്നു. അഞ്ച് ദിവസം കൊണ്ട് 25 കോടിയാണ് ചിത്രം ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്. സ്വയം പുതുക്കലുമായി മുന്നോട്ടു പോകുന്ന കുഞ്ചാക്കോയ്ക്ക്, ഇനിയും എണ്ണംപറഞ്ഞ കഥാപാത്രങ്ങളും ചിത്രങ്ങളും ലഭിക്കട്ടെയെന്ന് ആശംസിക്കുകയാണ് മലയാളികള്‍.
പ്രേക്ഷകപ്രീതി നേടി 'അപ്പൻ', സണ്ണി വെയ്ൻ കലക്കിയെന്ന് പ്രതികരണങ്ങള്‍