രം​ഗണ്ണന്റെ തട്ട് താണുതന്നെ; മലയാളി മനസിൽ കുടിയേറിയ നല്ല കിണ്ണംകാച്ചിയ ഡയലോ​ഗുകൾ

By Web Desk  |  First Published Dec 28, 2024, 2:52 PM IST

ഹിറ്റ് സിനിമകള്‍ക്കൊപ്പം സൂപ്പര്‍ ഹിറ്റ് ഡയലോഗുകളും സമ്മാനിച്ച വര്‍ഷം. 


മ്മുടെ എല്ലാം ജീവിതത്തിൽ ചില സന്ദർഭങ്ങളുണ്ടാകും. വാക്കുകൾ കൊണ്ട് വിവരിക്കാനാകാത്തവയും അല്ലാത്തവയും. തതവസരത്തിൽ നമ്മുടെ അവസ്ഥ വിവരിക്കാൻ ഇതിലും പറ്റിയ ഡയലോ​ഗ് വേറെയില്ലെന്ന് ചില സിനിമാ ഡയലോ​ഗുകൾ നമ്മെ ഓർമിപ്പിക്കും. അതിപ്പോൾ കൊച്ചു കുട്ടികൾ മുതൽ മുതിർന്നവരോട് വരെ ഈ ഡയലോ​ഗുകളാകും പറയുക. അതിന് ഉദാഹരണങ്ങൾ അനവധിയുമാണ്. അത്തരത്തിൽ ഒരുകൂട്ടം പഞ്ച് സിനിമാ ഡയലോ​ഗുകൾ മലയാളികൾക്ക് സമ്മാനിച്ച വർഷമാണ് 2024. വർഷം തീരാനൊരുങ്ങുമ്പോഴും ഈ ഡയലോ​ഗുകൾ നിത്യജീവിതത്തിൽ മലയാളികൾ ഉപയോ​ഗിച്ചുകൊണ്ടേയിരിക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. അക്കൂട്ടത്തിലെ ഏതാനും ചില ഡയലോ​ഗുകളൊന്ന് പരിചയപ്പെടാം. 

കൂട്ടത്തിലെ കൊമ്പൻ 'എടാ മോനേ..'

Latest Videos

undefined

2024ലെ ഏറ്റവും ഹിറ്റ് ഡയലോ​ഗ് ഏതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമെ ഉണ്ടാകൂ. ആവേശം സിനിമയിലെ ഫഹദ് ഫാസിലിന്റെ ഡയലോ​ഗുകൾ. രം​ഗൻ എന്ന കഥാപാത്രമായി ഫഹദ് നിറഞ്ഞാടിയപ്പോഴെല്ലാം പഞ്ച് ഡയലോ​ഗുകളുടെ അകമ്പടിയും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ വർഷത്തെ കൊമ്പൻ 'എടാ മോനേ' എന്ന് തന്നെ പറയേണ്ടി വരും. സന്ദർഭോചിതമായി ഇപ്പോഴും എടാ മോനേന്ന് വിളിക്കാത്ത യുവാക്കൾ വളരെ ചുരുക്കമാകും. ഈ ഡയലോ​ഗോടെ രം​ഗണ്ണന്റെ കഥ അവസാനിക്കുന്നില്ല. 'ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെ' എന്ന് രംഗണ്ണന്‍ പറയുന്നതും ശ്രദ്ധിക്കപ്പെട്ടു. ​രം​ഗൻ മാത്രമല്ല അമ്പാന്റെ 'ശ്രദ്ധിക്കുന്നുണ്ട് അണ്ണാ' എന്ന മറുപടിയും ഹിറ്റ് തന്നെ. 

ലൂസടിക്കടാ..

മലയാള സിനിമയിൽ പുത്തൻ റെക്കോർഡ് സമ്മാനിച്ച സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. കേരളവും കടന്ന് പാൻ ഇന്ത്യൻ ലെവലിൽ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിലെ ഏതാനും ഡയലോ​ഗുകൾ സോഷ്യൽ മീഡിയയിൽ താരമായിരുന്നു. ഒപ്പം റീൽസുകൾ അടക്കിവാണു. ഇതിൽ ശ്രദ്ധേയം ചന്തു സലിംകുമാർ അവതരിപ്പിച്ച അഭിലാഷിന്റെ 'ലൂസടിക്കടാ..'എന്ന ഡയലോ​ഗാണ്. കഥയുടെ ഏറ്റവും മുർദ്ധന്യാവസ്ഥയിൽ നിൽക്കുമ്പോൾ പറഞ്ഞ ഈ ഡയലോ​ഗ് ചെറുതല്ലാത്ത ഓളം തന്നെ തിയറ്ററുകളിൽ സൃഷ്ടിച്ചിരുന്നു. ഈ കഥാപാത്രത്തിന്റെ തന്നെ 'സുഭാഷ് പോയി സുഭാഷ് പോയി', എന്ന ഡയലോ​ഗും ശ്രദ്ധിക്കപ്പെട്ടു. ശ്രീനാഥ് ഭാസിയുടെ സുഭാഷ് എന്ന വേഷത്തിന്റെ 'കുട്ടേട്ടാ…കുട്ടേട്ടാ' എന്ന വിളിയും ഏറെ വൈറലായി മാറിയിരുന്നു. 

ജസ്റ്റ് കിഡ്ഡിങ്..

​ഗിരീഷ് എഡിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത ബ്ലോക് ബസ്റ്റർ ചിത്രമാണ് പ്രേമലു. റൊമന്റിക് കോമഡി വിഭാ​ഗത്തിലിറങ്ങിയ ചിത്രം ഇതര ഭാഷകളിലും ശ്രദ്ധനേടിയപ്പോൾ സൂപ്പർ ഹിറ്റായി മാറിയൊരു ഡയലോ​ഗുണ്ട്. 'ജസ്റ്റ് കിഡ്ഡിങ്'. ശ്യാം മോഹന്റെ ആദി എന്ന കഥാപാത്രത്തിന്റേതായിരുന്നു ഈ ഡയലോ​ഗ്. മലയാളികൾക്കിടയിൽ മാത്രമല്ല അന്യഭാഷക്കാരിലും ഈ ഡയലോ​ഗ് ശ്രദ്ധിക്കപ്പെട്ടു. 

നിനക്ക് പോകാന്‍ അനുവാദല്ല്യാ..

പുതു​യു​ഗത്തിൽ ബ്ലാക് ആന്റ് വൈറ്റിൽ പരീക്ഷണം നടത്തിയ സിനിമയാണ് ഭ്രമയു​ഗം. രാഹുൽ സദാശിവന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാണനെ മനയിൽ തളച്ച കൊടുമൺ പോറ്റിയുടെ(മമ്മൂട്ടി) 'നിനക്ക് പോകാന്‍ അനുവാദല്ല്യാ', എന്ന ഡയലോ​ഗ് ഏറെ ശ്രദ്ധനേടി. ട്രോളുകളിലും ഇത് ഇടംനേടിയിരുന്നു. 

ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ..

വർഷങ്ങൾക്കു ശേഷം എന്ന സിനിമയാണ് അടുത്തത്. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രത്തിന്റെ വിജയത്തിനൊപ്പം ശ്രദ്ധനേടിയത് നിവിൻ പോളിയുടെ പഞ്ച് ഡയലോ​ഗുകളായിരുന്നു. 'ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാടാ' എന്ന സംഭാഷണം ഒരിക്കലെങ്കിലും ഉപയോ​ഗിക്കാത്ത മലയാളികൾ വിരളമായിരിക്കും. 'അവന്റെ മകനും ഇവന്റെ മകനും മറ്റവന്റെ മകനും കൂടിയല്ലേ ഇപ്പോൾ മലയാള സിനിമ ഉണ്ടാക്കുന്നത്. ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാടാ ഞാൻ. ഒറ്റയ്ക്ക് വന്നവനെ കളിയാക്കുന്നോടാ പട്ടികളെ. ബോഡി ഷെയ്മിം​ഗ് ചെയ്യുന്ന പട്ടികളെ', എന്നിങ്ങനെ പോകുന്നു ആ ഡയലോ​ഗ്. 

കാണപ്പോവത് നിജം..

മോഹൻലാലിന്റേതായി ഈ വർഷം റിലീസ് ചെയ്തത് ഒരൊറ്റ സിനിമ മാത്രമാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബൻ.  2024ലെ ട്രെന്‍ഡിങ് ഡയലോഗുകളില്‍ ഈ ചിത്രത്തിലെ സംഭാഷണവും ഉണ്ട്. 'നീ കണ്ടതെല്ലാം പൊയ് കാണപ്പോവത് നിജം', എന്നതാണ് ആ ഡയലോ​ഗ്. ട്രോളുകളിലാണ് ഏറ്റവും കൂടുതൽ ഈ സംഭാഷണം ഉപയോ​ഗിച്ച് കണ്ടത്.  

ആര് വാണു, ആര് വീണു; രണ്ടാം വരവിലെ ജനപ്രിയർ ആരൊക്കെ ?

It's not a കൊണച്ച പ്ലാൻ..

സമീപകാലത്ത് റിലീസ് ചെയ്ത് പ്രേക്ഷക പ്രശംസ ഏറെ നേടിയ സിനിമയായിരുന്നു സൂക്ഷ്മദർശിനി. നസ്രിയയും ബേസിൽ ജോസഫും ആദ്യമായി ഒന്നിച്ചെത്തിയ ചിത്രം വൻ വിജയം നേടിയപ്പോൾ ശ്രദ്ധിക്കപ്പെട്ടൊരു ഡയലോ​ഗ് കൂടിയുണ്ട്. തന്റെ പ്ലാനിനെ കളിയാക്കിയ മാനുവലിനോട്(ബേസിൽ) കയർത്ത് ഡോ. ജോൺ(സിദ്ധാർത്ഥ് ഭരതൻ) പറയുന്ന "It's not a കൊണച്ച പ്ലാൻ" എന്നതാണ് ആ ഡയലോ​ഗ്.

ഇനി ഇവിടെ ഞാൻ മതി..

നിലവിൽ തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ഹനീഫ് അദേനി ചിത്രമാണ് മാർക്കോ. റിലീസ് ചെയ്ത ആദ്യദിനം മുതൽ മികച്ച പ്രതികരണങ്ങളോടെ മുന്നേറുന്ന ചിത്രത്തിലെ ഒരു ഡയലോ​ഗ് പ്രേക്ഷക ശ്രദ്ധനേടിയിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത മാർക്കോ ആക്ഷൻ ടീസറിന് പിന്നാലെയാണ് ആ സംഭാഷണം ഏറെ ശ്രദ്ധനേടിയത്. 'ഞാൻ വന്നപ്പോൾ മുതൽ എല്ലാ ചെന്നായ്ക്കളും കൂടി എന്നെ കൂട്ടം കൂടി അടികാൻ നോക്കുവ, ഇനി ഇവിടെ ഞാൻ മതി', എന്നാണ് ഡയലോ​ഗ്. 

മുകളില്‍ പറഞ്ഞ സംഭാഷണങ്ങള്‍ക്ക് പുറമെ വേറെ നല്ല ഡയലോഗുകള്‍ ഈ വര്‍ഷം മലയാള സിനിമകളില്‍ ഉണ്ടായിട്ടുണ്ട്. അവ ഏതെക്കെയാണെന്ന് പ്രേക്ഷകര്‍ക്ക് കൂട്ടിച്ചേര്‍ക്കാവുന്നതാണ്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

click me!