'ബ്രോ ഡാഡി' റീമേക്കില്‍ 'ഡാഡി' ഉണ്ടാവില്ല; ചിരഞ്ജീവി ആവശ്യപ്പെട്ട പ്രധാന വ്യത്യാസം

By Web Team  |  First Published Aug 3, 2023, 8:59 PM IST

ചിരഞ്ജീവിയുടെ മകള്‍ സുഷ്‍മിത കോനിഡേലയാണ് ബ്രോ ഡാഡിയുടെ തെലുങ്ക് റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്


സമീപകാല തെലുങ്ക് സിനിമയില്‍ ഏറ്റവുമധികം റീമേക്കുകള്‍ ചെയ്യുന്നത് ചിരഞ്ജീവിയാണ്. മോഹന്‍ലാല്‍ നായകനായ ലൂസിഫര്‍ റീമേക്ക് ഗോഡ്‍ഫാദര്‍ എന്ന പേരിലും അജിത്ത് കുമാര്‍ നായകനായ വേതാളം റീമേക്ക് ഭോലാ ശങ്കര്‍ എന്ന പേരിലും ചിരഞ്ജീവി ചെയ്തു. ഇതില്‍ ഗോഡ്‍ഫാദര്‍ 2022 ല്‍ പുറത്തെത്തി. ഭോലാ ശങ്കര്‍ ഓഗസ്റ്റ് 11 ന് തിയറ്ററുകളിലെത്തും. ലൂസിഫറിന് പിന്നാലെ മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡിയും ചിരഞ്ജീവി തെലുങ്കിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തെലുങ്ക് മാധ്യമങ്ങളില്‍ ഈ പ്രോജക്റ്റിനെക്കുറിച്ച് സ്ഥിരമായി അപ്ഡേഷനുകള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്.

ചിരഞ്ജീവിയുടെ മകള്‍ സുഷ്‍മിത കോനിഡേലയാണ് ബ്രോ ഡാഡിയുടെ തെലുങ്ക് റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്. കല്യാണ്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ധ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലിന്‍റെ റോളില്‍ ചിരഞ്ജീവി എത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച വേഷത്തില്‍ ഷര്‍വാനന്ദും മീന അവതരിപ്പിച്ച കഥാപാത്രമായി തൃഷയും കല്യാണി പ്രിയദര്‍ശന്‍ എത്തിയ റോളില്‍ ശ്രീലീലയും എത്തുമെന്ന് ട്രേഡ് അനലിസ്റ്റുകള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

Latest Videos

എന്നാല്‍ ഇതേക്കാളൊക്കെ കൌതുകമുണര്‍ത്തുന്ന മറ്റൊരു അപ്ഡേഷനും എത്തിയിട്ടുണ്ട്. ചിരഞ്ജീവിയുടെ കഥാപാത്രത്തില്‍ മലയാളം ഒറിജിനലില്‍ നിന്ന് ഒരു പ്രധാന മാറ്റം ഉണ്ടാവും എന്നതാണ് അത്. ബ്രോ ഡാഡിയില്‍ മോഹന്‍ലാലും പൃഥ്വിരാജും അച്ഛനും മകനും ആയിരുന്നെങ്കില്‍ തെലുങ്ക് റീമേക്ക് വരുമ്പോള്‍ ചിരഞ്ജീവിയുടെയും ഷര്‍വാനന്ദിന്‍റെയും കഥാപാത്രങ്ങള്‍ സഹോദരങ്ങള്‍ ആയിരിക്കും. ചിരഞ്ജീവി തന്നെയാണ് ഈ മാറ്റം നിര്‍ദേശിച്ചതെന്ന് ഒടിടി പ്ലേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ബ്രോ ഡാഡി പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു. ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണിത്.

ALSO READ : മലയാളത്തില്‍ ഈ വാരം റിലീസ് പെരുമഴ; എത്തുന്നത് 7 ചിത്രങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!