ശശികുമാറിനൊപ്പം സിമ്രന്‍; പുതിയ ചിത്രം ആരംഭിച്ചു

By Web Team  |  First Published Sep 28, 2024, 10:28 PM IST

മില്യണ്‍ ഡോളര്‍ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം


ബിഗ് സ്ക്രീനിലെ ചില കോമ്പിനേഷനുകള്‍ പ്രേക്ഷകര്‍ക്ക് കൗതുകം പകരാറുണ്ട്. ഇപ്പോഴിതാ തമിഴ് സിനിമയില്‍ നിന്ന് അത്തരത്തിലൊരു കോമ്പിനേഷനില്‍ ഒരു ചിത്രം വരികയാണ്. ശശികുമാറും സിമ്രനും ആദ്യമായി ഒരുമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അബിഷന്‍ ജീവിന്ത് ആണ്. ശശികുമാറിന്‍റെ പിറന്നാള്‍ ദിനമായ ഇന്ന് പൂജ ചടങ്ങുകളോടെ ചിത്രത്തിന് ആരംഭം കുറിച്ചു. ഫാമിലി എന്‍റര്‍ടെയ്നര്‍ ഗണത്തില്‍ പെടുന്നതെന്ന് കരുതപ്പെടുന്ന സിനിമയുടെ ഷൂട്ടിംഗ് ഒക്ടോബറിലാണ്. 

മില്യണ്‍ ഡോളര്‍ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മണികണ്ഠന്‍ നായകനായ ഗുഡ് നൈറ്റ് എന്ന ചിത്രം നിര്‍മ്മിച്ച ബാനറാണ് മില്യണ്‍ ഡോളര്‍ സ്റ്റുഡിയോസ്. സിമ്രനും ശശികുമാറിനുമൊപ്പം പുതിയ ചിത്രത്തില്‍ യോഗി ബാബുവും രമേശ് തിലകും അഭിനയിക്കുന്നുണ്ട്. 2023 ല്‍ എത്തിയ ഗുഡ് നൈറ്റിലും രമേശ് തിലകിന് വേഷമുണ്ടായിരുന്നു. മില്യണ്‍ ഡോളര്‍ സ്റ്റുഡിയോസിന്‍റെ 5-ാമത്തെ നിര്‍മ്മാണ സംരംഭമാണ് ഇത്. പൂജ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും നിര്‍മ്മാണ കമ്പനി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

Latest Videos

സീന്‍ റോള്‍ഡന്‍ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. ഭരത് വിക്രമനാണ് എഡിറ്റര്‍. സംവിധായകനായി രണ്ട് ചിത്രങ്ങള്‍ മാത്രം ക്രെ‍ഡിറ്റിലുള്ള ശശികുമാര്‍ പക്ഷേ അഭിനേതാവ് എന്ന നിലയില്‍ സിനിമയില്‍ സജീവമാണ്. ഗരുഡന്‍, നന്ദന്‍ എന്നിവയാണ് അദ്ദേഹത്തിന്‍റേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. മറ്റ് ചില ചിത്രങ്ങളുടെ ചിത്രീകരണം പുരോഗമിക്കുന്നുമുണ്ട്. അതേസമയം അന്ധകനാണ് സിമ്രന്‍റേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. 

ALSO READ : യോഗി ബാബു നായകനായ 'ബോട്ട്' ഒടിടിയിലേക്ക്; സര്‍വൈവല്‍ ത്രില്ലര്‍ ചിത്രം എപ്പോള്‍, എവിടെ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!