'40 രൂപയും 20 മിനിറ്റും'; കൊച്ചി മെട്രോ അനുഭവം പറഞ്ഞ് സംവിധായകന്‍ പത്മകുമാര്‍

By Web Team  |  First Published May 29, 2022, 12:47 PM IST

പനമ്പള്ളി നഗറില്‍ നിന്ന് ഇടപ്പള്ളിയിലേക്ക് അത്യാവശ്യത്തിന് എത്തേണ്ടിവന്നപ്പോള്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസ് ആവശ്യപ്പെട്ടത് 370 രൂപയും 70 മിനിറ്റുമാണെന്ന് പത്മകുമാര്‍


അവശ്യസമയത്ത് തന്നെ ലക്ഷ്യസ്ഥാനത്തെത്തിച്ച കൊച്ചി മെട്രോ (Kochi Metro) സംവിധാനത്തിന് നന്ദി അറിയിച്ച് സംവിധായകന്‍ എം പത്മകുമാര്‍ (M Padmakumar). കഴിഞ്ഞ ദിവസം പനമ്പള്ളി നഗറില്‍ നിന്ന് ഇടപ്പള്ളിയിലേക്ക് അത്യാവശ്യത്തിന് എത്തേണ്ടിവന്നപ്പോള്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസ് ആവശ്യപ്പെട്ടത് 370 രൂപയും 70 മിനിറ്റുമാണെന്ന് പത്മകുമാര്‍ പറയുന്നു. എന്നാല്‍ കൊച്ചി മെട്രോയില്‍ 40 രൂപയ്ക്ക് 20 മിനിറ്റ് സമയത്തില്‍ താന്‍ ഇടപ്പള്ളിയില്‍ എത്തിയെന്നും.

പത്മകുമാറിന്‍റെ കുറിപ്പ്

Latest Videos

കൊച്ചി മെട്രോയിൽ ഇന്ന് ആദ്യമായല്ല ഞാൻ യാത്ര ചെയ്യുന്നത്. പക്ഷെ ഈ കുറിപ്പ് കൊച്ചി മെട്രോയ്ക്ക് ഹൃദയം കൊണ്ട് ഞാൻ പ്രകാശിപ്പിക്കുന്ന ഒരു സ്നേഹവും നന്ദിയും കൂടിയാണ്. കുറച്ചു നാളായി കൊച്ചിയിൽ ജീവിച്ചു വരുന്ന എല്ലാവർക്കുമറിയാം, ഓരോ ദിവസവും വർദ്ധിച്ചു വരുന്ന ഗതാഗതക്കുരുക്കും യാത്രക്ലേശങ്ങളും.. ഇന്നലെ വൈകിട്ട് 6.30 ന് പനമ്പിള്ളിനഗറിൽ നിന്ന് എനിക്ക് 7മണിക്ക് ഇടപ്പള്ളി എത്തിച്ചേരേണ്ട അത്യാവശ്യം. ഒരു ഊബർ ടാക്സിയാണ് try ചെയ്തത്.. 370 രൂപയും 70 മിനിറ്റ് സമയവും ആണ്  ആവശ്യപ്പെട്ടത്. അതു നൽകാൻ കഴിയാത്തതു കൊണ്ട് കടവന്ത്ര സ്റ്റേഷനിൽ നിന്ന് മെട്രോ കയറി. 40 രൂപയും 20 മിനിറ്റും മാത്രമെടുത്ത് കൊച്ചി മെട്രോ എന്നെ ഇടപ്പള്ളിയിൽ എത്തിച്ചു... ആവശ്യമാണ് ഉൽപ്പന്നത്തിന്റെ വില നിശ്ചയിക്കുന്നത് എന്ന തിയറി കടമെടുത്താൽ 40 അല്ല, അതിന്റെ പത്തിരട്ടിയാണ് മെട്രോയ്ക്ക് ഞാൻ നൽകേണ്ടത്.. പൊതുഗതാഗതത്തിന്‍റെ മേന്മയും അത് ഉപയോഗപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയും സ്വന്തം അനുഭവത്തിലൂടെ ഞാൻ പങ്കുവെക്കുന്നു, ഒരിക്കൽ കൂടി നന്ദി, സ്നേഹം.. പ്രിയപ്പെട്ട കൊച്ചി മെട്രോ..

ALSO READ : 'ഹിമാലയത്തില്‍ വച്ച് പ്രണവ് മോഹന്‍ലാലിനെ കണ്ട ഷെയ്‍ന്‍'; ഉല്ലാസം ടീസര്‍

അതേസമയം പത്താം വളവ് ആണ് പത്മകുമാറിന്‍റെ പുതിയ ചിത്രം. കുടുംബ പശ്ചാത്തലത്തിലുള്ള ഇമോഷണല്‍ ത്രില്ലര്‍ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് സുകുമാരന്‍, കണ്‍മണി, അജ്‍മല്‍, അദിതി രവി, സ്വാസിക വിജയ്, സോഹന്‍ സീനുലാല്‍, സുധീര്‍ കരമന, അനീഷ് ജി മോഹന്‍, ജയകൃഷ്‍ണന്‍, നിസ്‍താര്‍ അഹമ്മദ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മമ്മൂട്ടി നായകനായ 'മാമാങ്ക'ത്തിനു ശേഷം എം പദ്‍മകുമാര്‍ മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. 'മാമാങ്ക'ത്തിനു ശേഷം ഒരു തമിഴ് ചിത്രവും പദ്‍മകുമാര്‍ സംവിധാനം ചെയ്‍തിരുന്നു. സ്വന്തം സംവിധാനത്തില്‍ മലയാളത്തില്‍ വന്‍ വിജയം നേടിയ 'ജോസഫി'ന്‍റെ തമിഴ് റീമേക്ക് ആയ 'വിചിത്തിരന്‍' ആണ് ഈ ചിത്രം. ജോജു ജോര്‍ജ് മലയാളത്തില്‍ അവതരിപ്പിച്ച ടൈറ്റില്‍ റോള്‍ തമിഴില്‍ അവതരിപ്പിക്കുന്നത് ആര്‍ കെ സുരേഷ് ആണ്.

click me!