സിനിമയുടെ ചിത്രീകരണം എന്ന് ആരംഭിക്കും എന്നതും അണിയറക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്
സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന എമ്പുരാന്‍ അപ്ഡേറ്റുകള്‍ എത്തി. പ്രോജക്റ്റ് സംബന്ധിച്ച സുപ്രധാന അപ്ഡേറ്റ് ഇന്ന് ഉണ്ടാകുമെന്ന് അണിയറക്കാര്‍ ഇന്നലെ അറിയിച്ചിരുന്നു. എമ്പുരാനെക്കുറിച്ചുള്ള രണ്ട് സുപ്രധാന കാര്യങ്ങളാണ് പിന്നണി പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ലൂസിഫര്‍ നിര്‍മ്മിച്ച ആശിര്‍വാദ് സിനിമാസിനൊപ്പം മറ്റൊരു പ്രമുഖ നിര്‍മ്മാണ കമ്പനി കൂടി എമ്പുരാന്‍ നിര്‍മ്മാണത്തില്‍ സഹകരിക്കുന്നുണ്ട് എന്നതാണ് അത്. തമിഴിലെ പ്രമുഖ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് ആണ് അത്.
ഒപ്പം സിനിമയുടെ ചിത്രീകരണം എന്ന് ആരംഭിക്കും എന്നതും അണിയറക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ 5 ന് ഷൂട്ടിംഗ് ആരംഭിക്കും. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് പ്രോജക്റ്റ് ഡിസൈന്‍ നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സുജിത്ത് വാസുദവ് ആണ്. സംഗീതം ദീപക് ദേവ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, കലാസംവിധാനം മോഹന്‍ദാസ്, എഡിറ്റിംഗ് അഖിലേഷ് മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വാവ, ക്രിയേറ്റീവ് ഡയറക്ടര്‍ നിര്‍മല്‍ സഹദേവ്, സൌണ്ട് ഡിസൈന്‍ എം ആര്‍ രാജാകൃഷ്ണന്‍, ആക്ഷന്‍ കൊറിയോഗ്രഫി സ്റ്റണ്ട് സില്‍വ, വസ്ത്രാലങ്കാരം സുജിത്ത് സുധാകര്‍.
മലയാളത്തിലെ അപ്കമിംഗ് പ്രോജക്റ്റുകളില്‍ എമ്പുരാനോളം കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ഒരു ചിത്രമില്ല. സ്കെയിലിലും കാന്‍വാസിലും മലയാള സിനിമയെ അത്ഭുതപ്പെടുത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രമാണിത്. 2019 ല്‍ പുറത്തെത്തിയ ലൂസിഫറിന്‍റെ വിജയാഘോഷ വേളയില്‍ പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രത്തെ ഇത്രയും നീട്ടിയത് കൊവിഡ് സാഹചര്യമായിരുന്നു. ദില്ലി, സിംല എന്നിവിടങ്ങളിലാണ് ചിത്രീകരണം ആരംഭിക്കുകയെന്ന് ട്രേഡ് അനലിസ്റ്റുകളില്‍ ചിലര്‍ നേരത്തെ അറിയിച്ചിരുന്നു. ലഡാക്കും ഒരു പ്രധാന ലൊക്കേഷന്‍ ആണ്. എമ്പുരാന്‍ വലിയ സിനിമയാണ്. വലിയ സിനിമയെന്നു പറഞ്ഞാല്‍ അതിന്‍റെ കഥാപശ്ചാത്തലം വലുതാണ്. സിനിമ ഒരു സാധാരണ സിനിമയാണ്. ലൂസിഫറില്‍ കണ്ട ടൈംലൈനിന് മുന്‍പ് നടന്ന കാര്യങ്ങളും ശേഷം നടന്ന കാര്യങ്ങളും എമ്പുരാനില്‍ ഉണ്ടാവും, പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു.
ALSO READ : ഏറ്റവും പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യന്‍ നായിക ആര്? നയന്‍താരയോ തൃഷയോ? പുതിയ കണക്കുകള്‍