'ഇത്രയും വലിയ മണ്ടത്തരം കാണിക്കാമോ?': അജിത്ത് ചിത്രം വിഡാമുയര്‍ച്ചി റിലീസ് മാറ്റിയത് വെറുതെയല്ല,സംഭവിച്ചത്!

By Web Desk  |  First Published Jan 4, 2025, 8:21 AM IST

അജിത്ത് കുമാറിന്റെ വിടാമുയർച്ചി എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കാനുള്ള കാരണം റീമേക്ക് റൈറ്റ്‌സ് സംബന്ധിച്ച തർക്കമാണ്. 


ചെന്നൈ: അജിത്ത് കുമാറിന്‍റെ ഒരു ചലച്ചിത്രം തീയറ്ററില്‍ എത്തിയിട്ട് ഈ ജനുവരി 11 വന്നാല്‍ രണ്ട് കൊല്ലമായി. അടുത്തതായി അജിത്തിന്‍റെ റിലീസ് ചെയ്യേണ്ട ചിത്രം വിഡാമുയര്‍ച്ചിയാണ്. പൊങ്കല്‍ റിലീസ് എന്ന രീതിയിലാണ് ഡിസംബര്‍ ആദ്യം ചിത്രത്തിന്‍റെ ആദ്യത്തെ പ്രമോ അടക്കം എത്തിയത്. എന്നാല്‍ ജനുവരി ആദ്യം ചിത്രത്തിന്‍റെ റിലീസ് മാറ്റിയതായി നിര്‍മ്മാതാക്കള്‍ അറിയിക്കുകയായിരുന്നു. 

ശരിക്കും അജിത്ത് കുമാറിനെപ്പോലെ ഒരു താരത്തിന്‍റെ ചിത്രം തമിഴകത്തെ ഉത്സവ സീസണ്‍ ആയ പൊങ്കലിന് പ്രഖ്യാപിച്ച് മാറ്റാന്‍ കാരണമായത് എന്താണ് എന്ന ചര്‍ച്ചയാണ് തമിഴകത്ത് ഇപ്പോള്‍ ശക്തമാകുന്നത്. അതില്‍ ഏറ്റവും പ്രധാനമായും ഉയര്‍ന്നുവരുന്നത് ചിത്രത്തിന്‍റെ റീമേക്ക് റൈറ്റ് സംബന്ധിച്ച തര്‍ക്കമാണ്. 

Latest Videos

നേരത്തെ ചിത്രത്തിന്‍റെ ടീസര്‍ ഇറങ്ങിയ സമയത്താണ്  ബ്രേക്ക്‍ഡൗണ്‍ എന്ന ഹിറ്റ് ഹോളിവുഡ് ചിത്രത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടതാകും വിഡാമുയര്‍ച്ചി എന്ന വാര്‍ത്തകള്‍ വന്നത്. 1997ല്‍ പ്രദര്‍ശനത്തിനെത്തിയതാണ് ബ്രേക്ക്‍ഡൗണ്‍. എന്നാല്‍  റീമേക്കാണോയെന്നതില്‍ ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ലെന്നും വാര്‍ത്തകള്‍ വന്നു. 

പക്ഷെ പിന്നീടാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ പാരമൗണ്ട് പിക്ചേര്‍സ് റീമേക്ക് അവകാശത്തിന്‍റെ പ്രതിഫലമായി വിഡാമുയര്‍ച്ചി നിര്‍മ്മാതാക്കളില്‍ നിന്നും വന്‍ തുക ആവശ്യപ്പെട്ടത്. ആദ്യഘട്ടത്തില്‍ 125 കോടിയാണ് കേട്ടതെങ്കിലും. ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പ് 80 കോടിയെങ്കിലും വേണം എന്നാണ് പാരമൗണ്ട് ആവശ്യപ്പെട്ടത് എന്നാണ് വിവരം. 

ഇതോടെ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ വലിയ പ്രതിസന്ധിയില്‍ ആയിരിക്കുകയാണത്രെ. നീണ്ട ഷെഡ്യൂളുകളും മറ്റുമായി വലിയതുക ഇതിനകം നിര്‍മ്മാതാക്കളായ ലൈക്ക മുടക്കിയ ചിത്രമാണ് വിഡാമുയര്‍ച്ചി. അതിനാല്‍ തന്നെ ഇപ്പോഴത്തെ പ്രശ്നത്തില്‍ ചര്‍ച്ച നടക്കുന്നതിനാലാണ് പ്രഖ്യാപിച്ച റിലീസ് അവര്‍ മാറ്റിയത് എന്നാണ് വിവരം. 

റിലീസ് ചെയ്ത ശേഷം നിയമപരമായി മുന്നോട്ട് നീങ്ങാം എന്ന് മുന്‍പ് തീരുമാനിച്ചെങ്കിലും അത് വലിയ അപകടമാണ് എന്ന നിയമപരമായ മുന്നറിയിപ്പും ലൈക്കയ്ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇപ്പോള്‍ പാരമൗണ്ടുമായി നിര്‍മ്മാണ പങ്കാളിത്ത കരാറിനാണ് ലൈക്ക ശ്രമിക്കുന്നത്. ഇത് പ്രകാരം ചിത്രത്തിന്‍റെ പ്രോഫിറ്റ് ഷെയര്‍ ചെയ്യാം എന്ന ആശയം മുന്നോട്ട് വയ്ക്കുന്നു. എന്നാല്‍ ഇതിനോട് അനുകൂലമായി ഹോളിവുഡ് നിര്‍മ്മാതക്കള്‍ പ്രതികരിച്ചില്ലെന്നാണ് വിവരം. 

എന്തായാലും റീമേക്ക് തര്‍ക്കത്തില്‍ നല്ലൊരു റിലീസ് ഡേറ്റ് വിഡാമുയര്‍ച്ചിക്ക് നഷ്ടമായി എന്നാണ് കോളിവുഡിലെ സംസാരം. ചിലപ്പോള്‍ ഈ കുരുക്ക് പറഞ്ഞ പൈസ കൊടുത്തില്ലെങ്കില്‍ അനിശ്ചിതമായി നീണ്ടേക്കും എന്നാണ് വിവരം. 

അതേ സമയം 2023 ല്‍ ഇറങ്ങിയ വിജയ് ചിത്രം ലിയോ ഇത് പോലെ തന്നെ 'ഹിസ്റ്ററി ഓഫ് വയലന്‍സ്' എന്ന ചിത്രത്തിന്‍റെ റീമേക്ക് ആയിരുന്നു. എന്നാല്‍ അതിന്‍റെ നിര്‍മ്മാതാക്കള്‍ ബുദ്ധിപൂര്‍വ്വം ആ ചിത്രത്തിന്‍റെ ഒറിജിനല്‍ കോമിക്സിന്‍റെ പകര്‍പ്പവകാശം വാങ്ങിയാണ് ചിത്രം എടുത്തത്. അത്തരത്തില്‍ ഒരു നീക്കം ലൈക്ക പോലുള്ള വലിയൊരു പ്രൊഡക്ഷന്‍ ഹൗസ് ചെയ്തില്ല എന്നത് വലിയ മണ്ടത്തരമാണ് എന്നാണ് കോളിവുഡിലെ സംസാരം. 

മഗിഴ് തിരുമേനിയാണ് വിഡാമുയര്‍ച്ചി സംവിധാനം ചെയ്യുന്നത്. അനിരുദ്ധാണ് സംഗീതം നിര്‍വഹിക്കുന്നത്. അര്‍ജുന്‍, തൃഷ അടക്കം വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 

ശരിക്കും സംഭവിക്കുന്നത് എന്താണ്? അജിത്ത് ചിത്രം വീണ്ടും നീട്ടി, വിഡാമുയര്‍ച്ചിയില്‍ ആശയക്കുഴപ്പം

പ്രതീക്ഷയേറ്റി ഗുഡ് ബാഡ് അഗ്ലി, ചിത്രത്തിന്റെ വമ്പൻ അപ്‍ഡേറ്റ്

click me!