ആറാം ദിനം ഏഴിരട്ടി ഷോകള്‍! തമിഴ്നാട്ടില്‍ അപൂര്‍വ്വ നേട്ടവുമായി ദുല്‍ഖര്‍

By Web Team  |  First Published Nov 6, 2024, 5:40 PM IST

പ്രേക്ഷകരുടെ പരാതിക്ക് പരിഹാരം. റോക്ക്ഫോര്‍ട്ട് എന്‍റര്‍ടെയ്ന്‍‍മെന്‍റ് ആണ് തമിഴ്നാട്ടിലെ ചിത്രത്തിന്‍റെ വിതരണക്കാര്‍


ഇത്തവണത്തെ ദീപാവലി റിലീസുകളില്‍ ഏറ്റവും ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ തെലുങ്ക് ചിത്രം ലക്കി ഭാസ്‍കര്‍. വെങ്കി അറ്റ്‍ലൂരി സംവിധാനം ചെയ്ത ഈ പിരീഡ് ക്രൈം ഡ്രാമ ചിത്രം ബഹുഭാഷകളിലാണ് തിയറ്ററുകളില്‍ എത്തിയത്. തെലുങ്ക് സംസ്ഥാനങ്ങള്‍ക്ക് പുറമെ കേരളത്തിലും തമിഴ്നാട്ടിലും യുഎസ് ഉള്‍പ്പെടെയുള്ള വിദേശ മാര്‍ക്കറ്റുകളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അതേസമയം റിലീസിന് പിന്നാലെ തമിഴ്നാട്ടിലെ  പ്രേക്ഷകര്‍ ഒരു പരാതിയുമായി എത്തിയിരുന്നു. ചിത്രത്തിന് ആവശ്യത്തിന് സ്ക്രീനുകള്‍ സംസ്ഥാനത്ത് ഇല്ല എന്നതായിരുന്നു അത്. ഇപ്പോഴിതാ അതിന് വലിയൊരളവില്‍ പരിഹാരമായിരിക്കുകയാണ്.

റോക്ക്ഫോര്‍ട്ട് എന്‍റര്‍ടെയ്ന്‍‍മെന്‍റ് ആണ് തമിഴ്നാട്ടിലെ ചിത്രത്തിന്‍റെ വിതരണക്കാര്‍. വന്‍ അഭിപ്രായവും ബുക്കിംഗും നേടുമ്പോഴും ആവശ്യത്തിന് തിയറ്ററുകളും ഷോകളും ഇല്ല എന്ന വിമര്‍ശനം ആദ്യ ദിനങ്ങളില്‍ അവിടെ ഉയര്‍ന്നിരുന്നു. പിന്നാലെ തമിഴ്നാട്ടിലെ ഷോകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി തിയറ്റര്‍, മള്‍ട്ടിപ്ലെക്സ് ഉടമകളുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ് തങ്ങളെന്ന് വിതരണക്കാര്‍ അറിയിച്ചിരുന്നു. അത് ഫലം കാണുകയും ചെയ്തു. ഒക്ടോബര്‍ 31 ന് 75 ഷോകളുമായി തമിഴ്നാട്ടില്‍ പ്രദര്‍ശനം ആരംഭിച്ച ചിത്രത്തിന് ഇപ്പോള്‍ 534 ഷോകള്‍ ഉണ്ട്! അതായത് റിലീസ് സമയത്തേതിന്‍റെ ഏഴിരട്ടിയിലധികം ഷോകള്‍.

Latest Videos

undefined

75 ഷോകളുടെ റിലീസില്‍ നിന്ന് രണ്ടാം ദിനം 180 ആയും മൂന്നാം ദിനം 200 ആയും ഷോ കൗണ്ട് വര്‍ധിച്ചിരുന്നു. നാലാം ദിനം 320, അഞ്ചാം ദിനം 470, ആറാം ദിനം 534 എന്നിങ്ങനെ ഷോകളുടെ എണ്ണം വര്‍ധിച്ചു. ആറാം ദിനം ഏഴിരട്ടി ഷോകള്‍ ഒരു ചിത്രത്തിന് ലഭിക്കുക എന്നത് അപൂര്‍വ്വമാണ്. മികച്ച ചിത്രം എന്നതിനൊപ്പം തമിഴ്നാട്ടിലെ പ്രേക്ഷകരില്‍ ദുല്‍ഖര്‍ സല്‍മാനുള്ള സ്വീകാര്യതയും ഇതില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.

ALSO READ : ഐഎഫ്എഫ്ഐ മത്സര വിഭാഗത്തിലേക്ക് 'തണുപ്പ്'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!