"ഹോളിവുഡ് കാര്‍ട്ടൂണ്‍": ആദിപുരുഷിനെതിരെ വിമര്‍ശനവുമായി രാമായണം സീരിയലില്‍ രാമന്‍

By Web Team  |  First Published Jun 19, 2023, 3:51 PM IST

ആദിപുരുഷിനെ 'ഹോളിവുഡ് കാർട്ടൂൺ' എന്നാണ് പഴയ 'രാമന്‍' വിശേഷിപ്പിച്ചത്. രാമയണം പോലൊരു ഇതിഹാസത്തെ ആധുനികമായി വീണ്ടും എടുക്കേണ്ട ആവശ്യകത എന്താണെന്നും അരുണ്‍ എബിപി ന്യൂസിനോട് പറഞ്ഞു.


മുംബൈ: പ്രഭാസ് നായകനായ ആദിപുരുഷ് മൂന്ന് ദിവസത്തില്‍ 300 കോടി നേടിയെന്നാണ് നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചത്.  എന്നാല്‍ ഓം റൌട്ട് സംവിധാനം ചെയ്ത ചിത്രത്തിനെതിരെ അതിലെ സംഭാഷണങ്ങളുടെ പേരിലും, വിഎഫ്എക്സിന്‍റെ പേരിലും വിമര്‍ശനം നേരിടുന്നുണ്ട്. ഇപ്പോള്‍ ആദിപുരുഷിനെതിരെ പഴയ രാമാനന്ദ് സാഗറിന്‍റെ രാമായണം സീരിയലില്‍ രാമനായി എത്തിയ അരുണ്‍ ഗോവില്‍ വിമര്‍ശിച്ചിരിക്കുകയാണ്. 

ആദിപുരുഷിനെ 'ഹോളിവുഡ് കാർട്ടൂൺ' എന്നാണ് പഴയ 'രാമന്‍' വിശേഷിപ്പിച്ചത്. രാമയണം പോലൊരു ഇതിഹാസത്തെ ആധുനികമായി വീണ്ടും എടുക്കേണ്ട ആവശ്യകത എന്താണെന്നും അരുണ്‍ എബിപി ന്യൂസിനോട് പറഞ്ഞു. 2022 ല്‍ ആദിപുരുഷ് ടീസര്‍ ഇറങ്ങിയ സമയത്ത് അത് സംബന്ധിച്ച തന്‍റെ അഭിപ്രായം ആദിപുരുഷിന്‍റെ സംവിധായകന്‍ അടക്കം അണിയറക്കാരെ അറിയിച്ചിരുന്നുവെന്നും അരുണ്‍ ഗോവില്‍ പറയുന്നു. 

Latest Videos

"ഇത്രയും വർഷങ്ങളായി നാമെല്ലാവരും അറിയുകയും സ്നേഹിക്കുകയും ചെയ്ത രാമയണത്തിന് എന്താണ് കുഴപ്പം ? അതിലെ കാര്യങ്ങള്‍ മാറ്റേണ്ടതിന്‍റെ ആവശ്യം എന്തായിരുന്നു? ഒരുപക്ഷെ ആദിപുരുഷ്  സിനിമയുടെ അണിയറക്കാര്‍ക്ക് ശ്രീരാമനിലും സീതയിലും ശരിയായ വിശ്വാസമില്ലായിരിക്കാം, അതിനാലാണ് അവർ ഈ മാറ്റങ്ങൾ വരുത്തിയത്. ” - അരുണ്‍ രൂക്ഷമായി തന്നെ വിമര്‍ശിച്ചു. 

പ്രധാനമായും രണ്ട് കാരണങ്ങളാൽ ആദിപുരുഷ് ചിത്രം വിമര്‍ശനം നേരിടുന്നത്.  മോശം വിഎഫ്എക്സും, ചിത്രത്തിലെ സംഭാഷണങ്ങളുടെ പേരിലും. ഓം റൗട്ട് സംവിധാനം ചെയ്ത  സിനിമ ഈ കാരണങ്ങള്‍ എല്ലാം കൊണ്ടു തന്നെ സമിശ്രമായ പ്രതികരണമാണ് നേടുന്നത്. അതേ സമയം ആദിപുരുഷിലെ സംഭാഷണങ്ങളില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തും എന്നാണ് ഇപ്പോള്‍ നിര്‍മ്മാതാക്കള്‍ പറയുന്നത്. ഈ മാറ്റം ഉടൻ തീയറ്ററുകളിൽ എത്തും. 

ഹിന്ദു പുരാണേതിഹാസം രാമായണത്തെയാണ് ആദിപുരുഷാക്കി സംവിധായകന്‍ മാറ്റിയത്. എന്നാല്‍ ചിത്രത്തിലെ ആളുകള്‍ ആരാധിക്കുന്ന ദൈവങ്ങളായ കഥാപാത്രങ്ങള്‍ മോശം വാക്കുകളും മറ്റും ഉപയോഗിക്കുന്നു എന്നതാണ് പൊതുവില്‍ ഉയര്‍ന്ന വിമര്‍ശനം. അതില്‍ തന്നെ ലങ്ക ദഹന സമയത്ത്  ഹനുമാന്‍ നടത്തുന്ന ഡയലോഗ് ഏറെ വിമര്‍ശനവും ട്രോളുകളും വരുത്തിവച്ചിട്ടുണ്ട്. 

ലോകമെമ്പാടുമുള്ള ആദിപുരുഷ് മികച്ച പ്രതികരണം നേടുകയും എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും ആകര്‍ഷിക്കുകയും ചെയ്യുന്നുണ്ട്. അതേ സയമം പൊതുജനങ്ങളുടെയും പ്രേക്ഷകരുടെയും അഭിപ്രായങ്ങൾ വിലയിരുത്തലുകളും പരിഗണിച്ച് ഈ ദൃശ്യാനുഭവം അവിസ്മരണീയമായ ഒരു സിനിമാറ്റിക് അനുഭവമാക്കി മാറ്റുവാന്‍ സിനിമയുടെ സംഭാഷണങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ഞങ്ങളുടെ തീരുമാനിക്കുന്നു- നിര്‍മ്മാതാക്കള്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

ആദിപുരുഷിലെ വിവാദ ഡയലോഗുകള്‍ തിരുത്തുമെന്ന് നിര്‍മ്മാതാക്കള്‍

ആദിപുരുഷ് റിലീസ് ദിവസം എത്ര നേടി; പ്രതീക്ഷിക്കുന്ന കണക്കുകള്‍ ഇങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം....

click me!