ഉദ്വേഗം നിറച്ച് 'ലിറ്റിൽ വിമൻ'- റിവ്യു

By P R Vandana  |  First Published Nov 4, 2022, 8:58 AM IST

'ലിറ്റില്‍ വിമൻ' എന്ന കെ ഡ്രാമയുടെ റിവ്യു.


ലൂയിസ മേ ആൽക്കോട്ട് 1868ൽ എഴുതിയ 'ലിറ്റിൽ വിമൻ' എന്ന നോവലിന് ഏഴ് സിനിമാ പരിഭാഷ്യങ്ങൾ ഉണ്ടായിട്ടുണ്ട്. 2019ൽ ഗ്രേറ്റ ഗെർവിഗ് സംവിധാനം ചെയ്‍ത സിനിമയാണ് അതിൽ ഏറ്റവും പുതിയത്. ഓസ്‍കർ, ബാഫ്‍ത, ഗോൾഡൻ ഗ്ലോബ് തുടങ്ങി നിരവധി പ്രമുഖ പുരസ്‍കാരവേദികളിൽ ഒന്നിലധികം നോമിനേഷനുകൾ കിട്ടിയ സിനിമയാണ് അത്. മാർച്ച് കുടുംബത്തിലെ നാല് സഹോദരിമാരുടെ ജീവിതമാണ് നോവലും സിനിമയും പറയുന്നത്. അതേ പേരിൽ ഇറങ്ങിയ കെ ഡ്രാമ ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ചയായിരിക്കുന്നു.  പറയുന്നത് ജീവിതത്തിലെ പ്രതിസന്ധികൾ നേരിടുന്ന സഹോദരിമാരുടെ കഥയാണ് എന്നതാണ് പേരിനും അപ്പുറം ആൽക്കോട്ടിന്റെ സൃഷ്‍ടിയുമായി പരമ്പരക്കുള്ള ബന്ധം.  ഓ സഹോദരിമാർ നേരിടുന്നതും മറികടക്കുന്നതുമായ പ്രശ്നങ്ങളും  വെല്ലുവിളികളും സങ്കീർണവും ദുരൂഹവുമാണ്.ആൽക്കോട്ടിന്റെ നോവൽ പോലെ  മാർച്ച് സഹോദരിമാർക്ക് മുന്നിലെത്തുന്ന  പ്രതിഭക്ക് അനുസരിച്ച് മുന്നോട്ടു പോകാൻ സ്ത്രീകൾക്ക് സമൂഹസാഹചര്യങ്ങൾ കൽപിക്കുന്ന വെല്ലുവിളികൾ അല്ല പരമ്പരയിലെ ഓ സഹോദരിമാർക്ക് മുന്നിലുള്ളത്.  ഓരോ നിമിഷവും മാറിമറിയുന്ന സസ്പെൻസും ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങളുമായിട്ടാണ് ചുങ് സ്യോ ക്യൂങ് എഴുത്തുകാരി ഓ സഹോദരിമാരുടെ പ്രശ്‍നങ്ങൾ എഴുതിയിരിക്കുന്നത്. സംവിധായകൻ കിം ഹീ വോൻ ആകട്ടെ അതിമനോഹരമായ രംഗവിതാനങ്ങളാലും ദൃശ്യവിന്യാസങ്ങളാലും രചനയേക്കാൾ മേലെ പ്രേക്ഷകരെ രസിപ്പിക്കുകയും ഉദ്വേഗഭരിതർ ആക്കുകയും ചെയ്യുന്നു. പ്രധാന കഥാപാത്രങ്ങളെല്ലാം സ്ത്രീകൾ ആണ്. പ്രണയവും പ്രണയനഷ്‍ടവും ദുരിതങ്ങളിൽ നിന്ന് രക്ഷപ്പെടുത്താൻ എത്തുന്ന നായകനെ കാത്തിരിക്കലും  തുടങ്ങി പതിവുള്ള കഥാപാത്രഘടനയല്ല പരമ്പരയിലെ ഒരൊറ്റ സ്ത്രീയുടേയും. സസ്പെൻസ്, സാഹസികത തുടങ്ങി പൊതുവെ നായക കേന്ദ്രീകൃതമായ എല്ലാ ചേരുവകളും ചേർന്ന് നിൽക്കുന്നത് സ്ത്രീ കഥാപാത്രങ്ങൾക്കൊപ്പമാണ്. ആ റോളുകളിൽ എത്തുന്ന എല്ലാവരും അതിഗംഭീരമായി അഭിനയിച്ചിട്ടുമുണ്ട്.  

Latest Videos

ദാരിദ്ര്യം ഒരു ശീലമായവരാണ് ഓ സഹോദരിമാർ. സഹോദരിമാരുടെ അച്ഛൻ കള്ളും കുടിച്ച് ചൂതാടി കടബാധ്യത മാത്രം ബാക്കിയാക്കുന്ന ആളാണ്. അമ്മയും വലിയ കാര്യമില്ല. മൂത്ത ആൾ ഒരു സ്വകാര്യ ധനസ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇൻ ജു. രണ്ടാമത്തെ ആൾ മാധ്യമപ്രവർത്തകയായ ഇൻ ക്യുങ്,ഏറ്റവും ഇളയത് ഇൻ ഹൈ. ഒന്നാന്തരം ചിത്രകാരിയായ ഇൻ ഹൈ ഒരു സ്കോളർഷിപ്പിന്റെ ബലത്തിൽ പ്രമുഖമായ സ്‍കൂളിൽ ചേർന്ന് പഠിക്കുന്നു. മൂത്ത രണ്ടുപേരും ഇൻ ഹൈക്ക് വേണ്ടിയാണ് സ്വപ്നങ്ങൾ കാണുന്നത്. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഇൻ ജുവിന് ആകെയുള്ള കൂട്ടുകാരി ജിൻ ഹ്വാ യൂങ് കൊല്ലപ്പെടുന്നു. ഹ്വാ യൂങ് തനിക്ക് വേണ്ടി നല്ലൊരു തുക കരുതിവെച്ചതായി ഇൻ ജു മനസ്സിലാക്കുന്നു. ഹ്വാ യുങ് എന്തിന് മരിച്ചു, ഇത്രയും കാശ് എവിടെ നിന്ന് വന്നു എന്ന ചോദ്യങ്ങൾ ഇൻ ജുവിന് മുന്നിലെത്തുന്നു. ഹ്വാ യുങ് കള്ളപ്പണം കൈകാര്യം ചെയ്തിരുന്നുവെന്നും ഇതിനിടയിൽ എഴുപത് കോടി രൂപ തിരിമറി ചെയ്യപ്പെട്ടുവെന്നും ആ പൈസ അന്വേഷിച്ച് എത്തുന്ന ചോയ് ദോ ഇല്ലിൽ നിന്ന് ഇൻ യുങ് മനസ്സിലാക്കുന്നു. ഇതിനൊപ്പമാണ് പഴയൊരു ബാങ്ക് തട്ടിപ്പ് കഥ അന്വേഷിച്ചു നടക്കുന്ന ഇൻ ക്യൂങ് അതിധനികരായ ഒരു കുടുംബത്തിലേക്ക് എത്തുന്നു. സോൾ നഗരപിതാവ് ആകാൻ മത്സരിക്കുന്ന പാർക്ക് ജേ സാങ്, അയാളുടെ ഭാര്യ വോൻ സാങ് വാ എന്നിവരിലേക്ക് ഇൻ ക്യൂങ് എത്തുന്നു. ഇതിനൊപ്പം ഹ്വാ യൂങ്ങ് തട്ടിയെടുത്ത പണവും  ഈ ദമ്പതികളും തമ്മിലുള്ള ബന്ധം ഇൻ ജൂവും മനസ്സിലാക്കുന്നു. പണവും അധികാരവും ശക്തിയുമുള്ള ദമ്പതികളുടെ ലോകത്തേക്ക് എത്തുന്ന സഹോദരിമാർക്ക് ദാരിദ്ര്യവും സ്വാധീനമില്ലായ്മയും മാത്രമല്ല തടസ്സമാകുന്നത്.  ഏകമകളുമായുള്ള സൗഹൃദത്തിന്റെ പേരിൽ  ഇൻ ഹൈ ദമ്പതികളുടെ വീട്ടിൽ താമസിക്കനെത്തുന്നതും സഹോദരിമാരെ ബുദ്ധിമുട്ടിലാക്കുന്നു.

കഥ മുന്നോട്ടു പോകുന്ന ഓരോ നിമിഷവും സംഘർഷഭരിതവും ഉദ്വേഗജനകവും ആണ്. എവിടെയാണ് കാണാതായ കോടികൾ? ഹ്വാ യൂങ്  എങ്ങനെ മരിച്ചു? ദോയ് ഇൽ യഥാർത്ഥത്തിൽ ആരാണ്? ദമ്പതികളുടെ യഥാർത്ഥ ഉദ്ദേശ്യം എന്താണ്? യഥാർത്ഥ വില്ലൻ ഇവരിൽ ആരാണ്? ആരൊക്കെയാണ് ഇടക്കിടെ കൊല്ലപ്പെടുന്നത്? കഥയിൽ നിർണായ സ്വാധീനമുള്ള ബ്ലൂ ഓ‌ർക്കിഡ് ബ്ലൂ എന്തിന്റെ പ്രതീകമാണ്? അത് എവിടെ നിന്ന് എങ്ങനെ എന്തിന് വന്നു? സഹോദരിമാർക്ക് എന്നെങ്കിലും നല്ല കാലം ഉണ്ടാകുമോ? ചോദ്യങ്ങൾക്കുത്തരം പന്ത്രണ്ട് എപ്പിസോഡ് തീരുമ്പോൾ പ്രേക്ഷകന് മുന്നിലെത്തും. ഓരോ എപ്പിസോഡിലും ബാക്കി വെച്ച സംശയങ്ങൾ മാറും. ബ്ലൂ ഓർക്കിഡിന്റെ രഹസ്യാത്മകത, ഇൻ ഹൈയുടെ ചിത്രങ്ങൾ പോലെ മനോഹരമായ പശ്ചാത്തലം, ഓരോ കഥാപാത്രത്തിനും നൽകിയിട്ടുള്ള സംഗീത ശകലം, അതിസുന്ദരമായ പ്രൊഡക്ഷൻ ഡിസൈൻ. 'ലിറ്റിൽ വിമൻ' രചനാവൈഭവവും സംവിധാനമികവും നിർമാണമികവും കൃത്യമായി ചേർന്നിരിക്കുന്ന സൃഷ്‍ടിയാണ്. അതു പോലെ തന്നെയാണ് പ്രമുഖ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളുടെ അഭിനയ മികവും. നായികാസ്ഥാനത്തുള്ള സഹോദരിമാരായി എത്തിയ Kim Go-eun, Nam Ji-hyun,  Park Ji-hu. വില്ലത്തരമുള്ള ദമ്പതികളായി തിളങ്ങിയ Um Ki-joon , Uhm Ji-won  ദോയ് ഇൽ ആയ Wi Ha-joon , ഇൻ ക്യൂങ്ങിന്റെ ബാല്യകാല സ്നേഹിതനായി എത്തുന്ന  Kang Hoon എല്ലാവരും അവരവരുടെ അഭിനയ ജീവിതത്തിൽ നിർണായക ഏടുകളാണ് 'ലിറ്റിൽ വിമനി'ലൂടെ എഴുതിച്ചേർത്തിരിക്കുന്നത്.

ലിറ്റിൽ വിമൻ അടുത്തിടെ കെ ഡ്രാമാ ലോകം കണ്ട ഏറ്റവും മികച്ച ത്രില്ലറുകളിൽ ഒന്നാണ്.സംശയമില്ല. നെറ്റ്ഫ്ലിക്സിന്റെ കാഴ്ചാക്കണക്കുകൾ വെളിവാക്കുന്ന പ്രേക്ഷകപ്രീതി വെറുതെയല്ലെന്ന് ചുരുക്കം.

Read More: ഒന്നിക്കാൻ വൈകിയ പ്രണയിനികളുടെ കഥ, 'മൈ സീക്രട്ട് റൊമാൻസ്' റിവ്യു

click me!