'പൃഥ്വി 25 കോടി അടച്ചതിന് തെളിവുണ്ടോ'? നടക്കുന്നത് വ്യാജ പ്രചരണമെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍

By Web Team  |  First Published May 12, 2023, 12:05 PM IST

"ഇഡിയോ ഇന്‍കം ടാസ്കോ വന്നാല്‍ അവര്‍ക്ക് കൊടുക്കാനുള്ള രേഖകള്‍ നമ്മുടെ കയ്യില്‍ ഉണ്ട്"


എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സ്വീകരിച്ച നടപടികള്‍ക്ക് പിഴയായി താന്‍ 25 കോടി അടച്ചുവെന്ന പ്രചരണങ്ങള്‍ക്ക് എതിരായി നടന്‍ പൃഥ്വിരാജ് ഇന്നലെ രം​ഗത്തെത്തിയിരുന്നു. ആരോപണം അടിസ്ഥാനരഹിതമാണെന്നും വാര്‍ത്ത പ്രസിദ്ധീകരിച്ച യുട്യൂബ് ചാനലിനെതിരെ ശക്തമായ നിയമ നടപടികള്‍ ആരംഭിക്കുകയാണെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. ഇപ്പോഴിതാ നിരവധി ചിത്രങ്ങളില്‍ പൃഥ്വിരാജിന്‍റെ നിര്‍മ്മാണ പങ്കാളി ആയിരുന്ന ലിസ്റ്റിന്‍ സ്റ്റീഫന്‍ ഈ വിഷയത്തിലുള്ള തന്‍റെ പ്രതികരണം അറിയിച്ചിരിക്കുകയാണ്.

"ഇത് ഒരു സത്യമായിട്ടുള്ള വാര്‍ത്തയല്ല. നമുക്കൊക്കെ ഇന്‍കം ടാക്സിന്‍റെയും ജിഎസ്‍ടിയുടെയും റെയ്ഡ് ഒക്കെ വന്നിട്ടുണ്ട്. അതൊക്കെ സ്വാഭാവികമാണ്. കാരണം അറിയപ്പെടുന്ന ഒരു ഇന്‍ഡസ്ട്രിയാണ് നമ്മള്‍ പ്രവര്‍ത്തിക്കുന്നത്. പുറത്തേക്ക് പകിട്ട് വേണ്ട ഒരു ഇന്‍ഡസ്ട്രിയാണ് സിനിമാ വ്യവസായം. വാര്‍ത്തയും അങ്ങനെ ഉണ്ടാക്കി എടുത്തിരിക്കുകയാണ്. പൃഥ്വിരാജ് ഇഡിയ്ക്ക് 25 കോടി രൂപ അടിച്ചിട്ടുണ്ട് എങ്കില്‍ അതിന്‍റെ ഒരു റെസീപ്റ്റോ എന്തെങ്കിലും തെളിവ് ഉണ്ടാവില്ലേ? ജിഎസ്‍ടി അടയ്ക്കുമ്പോള്‍ റെസീപ്റ്റ് കിട്ടാറുണ്ട്. പേരും തുകയും പറഞ്ഞപ്പോഴാണ് പൃഥ്വിരാജ് ഇതിനെതിരെ പ്രതികരിച്ചത് തന്നെ. ഇഡിയോ ഇന്‍കം ടാസ്കോ വന്നാല്‍ അവര്‍ക്ക് കൊടുക്കാനുള്ള രേഖകള്‍ നമ്മുടെ കയ്യില്‍ ഉണ്ട്", മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ലിസ്റ്റിന്‍ പ്രതികരിച്ചു.

Latest Videos

ഷാജി കൈലാസ് സംവിധാനം ചെയ്ത കാപ്പയാണ് പൃഥ്വിരാജിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ഇന്ദുഗോപന്റെ പ്രശസ്‍ത നോവലായ 'ശംഖുമുഖി'യെ അടിസ്ഥാനപ്പെടുത്തി ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥയും ഇന്ദുഗോപന്‍റേത് ആയിരുന്നു. അന്ന ബെൻ, ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു തുടങ്ങി വലിയ താരനിരയും ചിത്രത്തില്‍ ഉണ്ടായിരുന്നു. കൊട്ട മധു എന്നായിരുന്നു പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേര്. അതേസമയം ഈ വര്‍ഷം ഇതുവരെ പൃഥ്വിരാജ് അഭിനയിച്ച ചിത്രങ്ങളൊന്നും റിലീസ് ചെയ്യപ്പെട്ടിട്ടില്ല. ബ്ലെസിയുടെ ആടുജീവിതം, ജയന്‍ നമ്പ്യാരുടെ വിലായത്ത് ബുദ്ധ എന്നിവയാണ് അദ്ദേഹത്തിന്‍റേതായി പുറത്തുവരാനുള്ള ചിത്രങ്ങള്‍.

ALSO READ : 'പെപ്പെ പുണ്യാളന്‍'; ആന്‍റണി വര്‍ഗീസിനെതിരെ വീണ്ടും ജൂഡ്

click me!