നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം, ഹോട്ട്സ്റ്റാര്‍ തുടങ്ങിയവയില്‍ ഈ ആഴ്ച റിലീസാകുന്ന പുതിയ ചിത്രങ്ങളും ഷോകളും പരിശോധിക്കാം.
മുംബൈ: ഇന്ത്യയില്‍ സിനിമ തീയറ്റര്‍ കഴിഞ്ഞാല്‍ പ്രേക്ഷകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ഒടിടി പ്ലാറ്റ്ഫോമുകളെയാണ്. ഈ ആഴ്ചയും മികച്ച ചില ചിത്രങ്ങളും ഷോകളും വിവിധ ഒടിടി പ്ലാറ്റ്ഫോമുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം, ഹോട്ട്സ്റ്റാര്‍ തുടങ്ങിയവയില്‍ ഈ ആഴ്ച റിലീസാകുന്ന പുതിയ ചിത്രങ്ങളും ഷോകളും പരിശോധിക്കാം.
ലസ്റ്റ് സ്റ്റോറീസ് 2
‘ലസ്റ്റ് സ്റ്റോറീസി’ന് രണ്ടാം ഭാഗം വരുന്നു. നെറ്റ്ഫ്ലിക്സില്‍ തന്നെയാണ് രണ്ടാം ഭാഗവും റിലീസ് ആകുന്നത്. സമൂഹത്തിലെ വിവിധ തലത്തില്‍ ജീവിക്കുന്ന സ്ത്രീകളുടെ ലൈംഗിക താല്‍പ്പര്യങ്ങളെ അധികരിച്ച് രസകരമായി കഥ പറഞ്ഞ് പ്രേക്ഷകരെ നേടിയ സിനിമയുടെ രണ്ടാം ഭാഗമാണ് ലസ്റ്റ് സ്റ്റോറീസ് 2.
ഒന്നാം ഭാഗത്തിന്‍റെതിന് സമാനമായി വിവിധ പ്രായത്തിലും വിവിധ സാമൂഹിക പരിസരത്തുമുള്ള സ്ത്രീകളുടെ ലൈംഗിക താല്‍പ്പര്യങ്ങളെ പരാമര്‍ശിക്കുന്ന കഥപരിസരമാണ് രണ്ടാം ഭാഗത്തിനും എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. കജോള്‍, മൃണാള്‍ താക്കൂര്‍, തമന്ന ഭാട്ടിയ, അമൃത സുഭാഷ്, അംഗദ് ബേദി, കുമുദ് മിശ്ര,നീന ഗുപ്ത, തിലോത്തമ ഷോം, വിജയ് വര്‍മ തുടങ്ങിയവരാണ് ലസ്റ്റ് സ്‌റ്റോറീസ് രണ്ടാം ഭാഗത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.
ജൂണ്‍ 29ന് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യുക. അമിത് രവീന്ദര്‍നാഥ് ശര്‍മ, ആര്‍. ബാല്‍ക്കി, കൊങ്കണ സെന്‍ ശര്‍മ, സുജോയ് ഘോഷ് എന്നിവരാണ് ലസ്റ്റ് സ്‌റ്റോറീസ് രണ്ടാം ഭാഗത്തിലെ ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്. ആര്‍.എസ്.വി.പി, ഫ്‌ളൈയിങ് യൂണികോണ്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍.
വീരന്‍
ഹിപ് ഹോപ് തമിഴന്‍ ആദി പ്രധാന വേഷത്തിൽ അഭിനയിച്ച തമിഴ് സൂപ്പർഹീറോ ചിത്രം വീരൻ അടുത്തിടെയാണ് തിയേറ്ററുകളിൽ റിലീസ് ആയത്. തണുപ്പന്‍ പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. എ ആർ കെ ശരവണന്‍ സംവിധാനം ചെയ്ത ചിത്രം മിന്നല്‍ മുരളിയുമായുള്ള സാമ്യത്തിന്‍റെ പേരില്‍ ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇത് റീമേക്ക് ചിത്രമല്ലെന്നാണ് വീരന്‍ സിനിമയുടെ ടീം പിന്നീട് വ്യക്തമാക്കിയത്.
ഇപ്പോള്‍ വീരൻ അതിന്റെ തിയേറ്റർ റൺ പൂർത്തിയാക്കി ഒടിടി റിലീസിന് ഒരുങ്ങുകയാണ്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ജൂൺ 30 മുതൽ വീരൻ സ്ട്രീം ചെയ്യും. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം വരുന്നത്. സത്യ ജ്യോതി ഫിലിംസ് നിർമ്മിച്ച വീരനിൽ വിനയ് റായ്, ആതിര രാജ്, മുനിഷ്കാന്ത്, കാളി വെങ്കട്ട് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹിപ് ഹോപ്പ് തമിഴന്‍ തന്നെയാണ് ഈ ചിത്രത്തിന് ഈണങ്ങൾ ഒരുക്കിയത്.
ദ വിച്ചര്‍
ഹോളിവുഡ് താരം ഹെൻറി കാവിൽ പ്രധാന വേഷത്തില്‍ എത്തുന്ന ദ വിച്ചറിന്‍റെ മൂന്നാം സീസണ്‍ ജൂണ്‍ 29 ന് റിലീസാകും. ജെറാൾട്ട് ഓഫ് റിവിയ എന്ന കഥാപാത്രത്തിന്‍റെ സാഹസിത യാത്ര ഈ സീസണോടെ അവസാനിക്കും എന്നാണ് സൂചന. അടുത്തിടെ നെറ്റ് ഫ്ലിക്സ് അവസാന സീസണിന്‍റെ ഔദ്യോഗിക ട്രെയിലർ ഇറക്കിയിരുന്നു.
ഫാസ്റ്റ് എക്സ്
ഹോളിവുഡ് താരം വിൻ ഡീസൽ പ്രധാന വേഷത്തില്‍ എത്തിയ ആക്ഷൻ ചിത്രം ഫാസ്റ്റ് എക്‌സ് ബുക്ക് മൈ ഷോയില്‍ റെന്‍റ് എ ഫിലിം വ്യവസ്ഥയില്‍ കാണാം. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ഫ്രാഞ്ചൈസിയിലെ പത്താമത്തെ ചിത്രമാണ് ഫാസ്റ്റ് എക്‌സ്.ലൂയിസ് ലെറ്റെറിയർ സംവിധാനം ചെയ്ത ഫാസ്റ്റ് എക്‌സ് അടുത്ത ഭാഗത്തിന്‍റെ സൂചന നല്‍കിയാണ് അവസാനിക്കുന്നത്.
ജാക്ക് റയാന്‍ സീസണ്‍ 4
പ്രശസ്തമായ ആമസോൺ പ്രൈം സീരീസ് ' ജാക്ക് റയാൻ സീസൺ 4' ജൂണ്‍ 30ന് റിലീസ് ചെയ്യും. ജാക്ക് റയാന്‍ ആക്ഷന്‍ ത്രില്ലര്‍ സീരിസിന്‍റെ അവസാന ഭാഗം ആയിരിക്കും സീസണ്‍ 4.
ദ നൈറ്റ് മാനേജര്‍ സീസണ്‍ 2
അനില്‍ കപൂറും ആദിത്യ റോയി കപൂറും പ്രധാന വേഷത്തില്‍ എത്തുന്ന വെബ് സീരിസ് ദ നൈറ്റ് മാനേജറിന്‍റെ രണ്ടാം ഭാഗം ഈ ആഴ്ച റിലീസാകും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ഈ ബിഗ് ബജറ്റ് സീരിസ് സ്ട്രീം ചെയ്യുക. ജൂണ്‍ 30നാണ് സീരിസ് സ്ട്രീം ചെയ്യുക. ഈ സീരിസിന്‍റെ ആദ്യഭാഗം ഫെബ്രുവരിയില്‍ പുറത്തിറങ്ങിയിരുന്നു.
ദ കേരള സ്റ്റോറി റൈറ്റ്സ് വാങ്ങാന്‍ ആളില്ല; പിന്നില്‍ സംഘടിത നീക്കമെന്ന് സംവിധായകന്‍
"ഇത് ഇവിടെ നടക്കില്ല" :ബിഗ് ബോസ് ഒടിടിയില്‍ മത്സരാര്‍ത്ഥിയെ ശകാരിച്ച് സല്‍മാന്‍ ഖാന്‍