വേളാങ്കണ്ണിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്
അഭിമുഖങ്ങളിലൂടെയല്ല, സംവിധാനം ചെയ്യുന്ന സിനിമകളിലൂടെ വലിയ ചര്‍ച്ചകള്‍ തന്നെ സൃഷ്‍ടിക്കാറുള്ള സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി (Lijo Jose Pellissery). ഡയറക്റ്റ് ഒടിടി റിലീസ് ആയി പുതിയ ചിത്രം 'ചുരുളി' (Churuli) എത്തിയപ്പോഴും അക്കാര്യത്തില്‍ മാറ്റമൊന്നുമില്ല. സിനിമയിലെ സാങ്കല്‍പ്പിക ഭൂമികയിലെ കഥാപാത്രങ്ങളുടെ തെറി കലര്‍ന്ന ഭാഷണം വാര്‍ത്തകളിലും വിശകലനങ്ങളിലും നിറയുമ്പോള്‍ ആ ചര്‍ച്ചകളുടെയൊന്നും ഭാഗമാവാതെ പുതിയ സിനിമയുടെ ചിത്രീകരണത്തിലാണ് ലിജോ. മമ്മൂട്ടി (Mammootty) ആദ്യമായി ലിജോയുടെ നായകനാവുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. സിനിമയുടെ പുതിയ ലൊക്കേഷന്‍ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്.
'നന്‍പകല്‍ നേരത്ത് മയക്കം' (Nanpakal Nerathu Mayakkam) എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പഴനി ഷെഡ്യൂള്‍ ആണ് നിലവില്‍ പുരോഗമിക്കുന്നത്. അവിടെനിന്നുള്ള ലൊക്കേഷന്‍ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. ഒരു രംഗം ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പില്‍ നില്‍ക്കുന്ന ലിജോയെയും മമ്മൂട്ടിയെയും ചിത്രത്തില്‍ കാണാം. മമ്മൂട്ടിയുടെയും ലിജോയുടെയും ആരാധകരും സിനിമാപ്രേമികളില്‍ വലിയൊരു വിഭാഗവും ഈ ചിത്രത്തെ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. ഇരുവര്‍ക്കുമിടയില്‍ സംഭവിക്കുന്ന ആദ്യ കോമ്പിനേഷന്‍ ചിത്രമെന്ന നിലയില്‍ വലിയ വാര്‍ത്താപ്രാധാന്യം നേടിയ സിനിമയുമാണ് നന്‍പകല്‍ നേരത്ത് മയക്കം.
undefined
മമ്മൂട്ടി ആരംഭിച്ച പുതിയ നിര്‍മ്മാണക്കമ്പനിയുടെ ആദ്യചിത്രം എന്നതും ഈ പ്രോജക്റ്റിന്‍റെ പ്രത്യേകതയാണ്. മമ്മൂട്ടി കമ്പനി എന്നാണ് മമ്മൂട്ടിയുടെ പുതിയ നിര്‍മ്മാണക്കമ്പനിയുടെ പേര്. സഹനിര്‍മ്മാതാവായി ലിജോ ജോസ് പെല്ലിശ്ശേരിയുമുണ്ട്. എസ് ഹരീഷ് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്‍റെ പശ്ചാത്തലം തമിഴ്നാട് ആണ്. അശോകന്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതേസമയം മറ്റൊരു ചിത്രത്തിനുവേണ്ടിയും ലിജോയും മമ്മൂട്ടിയും ഒന്നിക്കുന്നുണ്ട്. എം ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ളിക്സ് ഒരുക്കുന്ന ആന്തോളജി ചിത്രത്തിലെ ഒരു ഭാഗം സംവിധാനം ചെയ്യുന്നത് ലിജോയാണ്. ഈ ചിത്രത്തിലെയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മമ്മൂട്ടിയാണ്. കടുഗണ്ണാവ ഒരു യാത്ര എന്ന എംടി കഥയാണ് ലിജോ സിനിമാരൂപത്തിലാക്കുന്നത്.