Lata Mangeshkar : 'സ്ലോ പോയ്സ‍ണിങ്ങി'നെ അതിജീവിച്ച ലതാ മങ്കേഷ്കര്‍, അന്ന് മരണവുമായി മല്ലിട്ടത് ദിവസങ്ങളോളം...

By Web Team  |  First Published Feb 6, 2022, 1:23 PM IST

മൂന്നു ദിവസം അവര്‍ മരണത്തോട് മല്ലടിച്ചു. പത്ത് ദിവസം വേണ്ടിവന്നു അവരുടെ ആരോഗ്യം ഒന്ന് മെച്ചപ്പെടാന്‍. ഡോക്ടർമാര്‍ അന്ന് പറഞ്ഞത് ആരോ ലതയ്ക്ക് സ്ലോ പോയിസണ്‍ നൽകിയെന്നാണ്.


ഇന്ത്യയുടെ മഹാഗായിക, ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കര്‍(Lata Mangeshkar) വിടവാങ്ങി. ലതാ മാങ്കേഷ്കറിനെ കുറിച്ച് പദ്മ സച്ച്ദേവ് എഴുതിയ പുസ്തകമാണ് 'ഐസാ കഹാെ സേ ലാവൂം'(Aisa Kahan Se Laun). ആ പുസ്തകത്തില്‍ ഒരു സുപ്രധാനകാര്യത്തെ കുറിച്ച് പദ്മ വെളിപ്പെടുത്തുന്നുണ്ട്. അത്, ഇന്ത്യയുടെ പ്രിയ ഗായികയെ ഒരിക്കല്‍ ആരോ സ്ലോ പോയിസൺ നൽകി കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ട് എന്നതാണ്. 1963 -ൽ ലതയ്ക്ക് സ്ലോ പോയിസണ്‍ നൽകിയെന്ന് പദ്മ സച്ച്‌ദേവ് ആദ്യമായി വെളിപ്പെടുത്തി. ജീവിതത്തിനും മരണത്തിനും ഇടയിൽ കിടന്ന് മല്ലടിച്ച ശേഷം അത്ഭുതകരമായിട്ടാണ് പ്രിയഗായിക അന്ന് രക്ഷപ്പെട്ടത്. 

ലതാ മങ്കേഷ്കറുമായി വളരെ അടുപ്പമുണ്ടായിരുന്നു പദ്മയ്ക്ക്. ​ഗായിക തന്നെ പദ്മയെ പ്രിയ കൂട്ടുകാരി എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. പദ്മയുടെ പുസ്തകത്തിൽ ഇങ്ങനെ പറയുന്നു, 'ലതാജി അക്കാര്യം എന്നോട് വെളിപ്പെടുത്തി. 1963 -ലാണ്. അന്ന് അവര്‍ക്ക് 33 വയസ്സായിരുന്നു. ഒരു പുലർച്ചെ അവര്‍ക്ക് അടിവയറ്റിൽ കഠിനമായ വേദന അനുഭവപ്പെട്ടു. തുടര്‍ന്ന് ഛർദ്ദിക്കാൻ തുടങ്ങി. രണ്ടുമൂന്നു പ്രാവശ്യം ഛർദ്ദിച്ചു. അത് പച്ചകലർന്ന ദ്രാവകമായിരുന്നു. വേദന കാരണം ലതയ്ക്ക് കാലുകൾ അനക്കാനായില്ല, ശരീരമാകെ വേദനിക്കുന്നുണ്ടായിരുന്നു. പിന്നീട്, ആശുപത്രിയിലെത്തിച്ചു. മൂന്നു ദിവസം അവര്‍ മരണത്തോട് മല്ലടിച്ചു. പത്ത് ദിവസം വേണ്ടിവന്നു അവരുടെ ആരോഗ്യം ഒന്ന് മെച്ചപ്പെടാന്‍. ഡോക്ടർമാര്‍ അന്ന് പറഞ്ഞത് ആരോ ലതയ്ക്ക് സ്ലോ പോയിസണ്‍ നൽകിയെന്നാണ്.' 

Latest Videos

ആ സമയത്ത്, ലതാ മങ്കേഷ്‌കറിന്റെ പാചകക്കാരൻ ഒരു തുമ്പും കൂടാതെ ശമ്പളം പോലും വാങ്ങാതെ അപ്രത്യക്ഷനായി എന്ന് പറയപ്പെടുന്നു. അയാളും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാകാം എന്ന് വിശ്വസിക്കുന്നു. പുസ്തകവും അതുതന്നെ അവകാശപ്പെട്ടു. 'സംഭവത്തിന് ശേഷം, ബോളിവുഡിലെ പ്രശസ്ത ഗാനരചയിതാവ് മജ്‌റൂഹ് സുൽത്താൻപുരി ദിവസവും വൈകുന്നേരം ആറുമണിക്ക് ലതാജിയെ അവരുടെ വീട്ടിൽ സന്ദര്‍ശിക്കും. മജ്‌റൂഹ്  ഭക്ഷണം ആദ്യം രുചിച്ചശേഷം മാത്രം ലതയെ കഴിക്കാൻ അനുവദിച്ചു. ലതയുടെ മനോനില മെച്ചപ്പെടുത്താനും സന്തോഷിപ്പിക്കാനും അദ്ദേഹം പാട്ടുകളും കഥകളും ആവര്‍ത്തിച്ച് പറഞ്ഞു' എന്നും പദ്മ പുസ്തകത്തില്‍ എഴുതുന്നു. 

ലണ്ടൻ ആസ്ഥാനമായുള്ള ചലച്ചിത്ര എഴുത്തുകാരി നസ്രീൻ മുന്നി കബീറുമായുള്ള മറ്റൊരു അഭിമുഖത്തിലും, ലത ഈ ഭയപ്പെടുത്തിയ സംഭവവും പറഞ്ഞിരുന്നു. ഇത് ലതയുടെ ഇളയ സഹോദരി ഉഷ മങ്കേഷ്‌കര്‍ സ്ഥിരീകരിക്കുകയുമുണ്ടായി. 


 

click me!