ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോള്‍ അടിമുടി മാറ്റം; പ്രേക്ഷകരുടെ ഇഷ്ടം നേടി 'മഞ്ഞുമ്മലി'ലെ സിജു

By Web Team  |  First Published Feb 25, 2024, 9:36 PM IST

2006ൽ കൊടൈക്കനാലിൽ നടന്ന ഒരു യഥാർത്ഥ സംഭവമാണ് ചിത്രത്തിന് ആസ്‍പദം


മഞ്ഞുമ്മൽ ബോയ്സ് സിനിമ കണ്ടിറങ്ങിയവരുടെ മനസിൽ നിന്ന് ആ പതിനൊന്ന് പേരും ഒരിക്കലും മായില്ല. സർവൈവൽ ത്രില്ലർ ആണ് സിനിമ എങ്കിലും കുറച്ച് രസകരമായ രംഗങ്ങളും സിനിമയുടെ തുടക്കത്തിലുണ്ട്. അതിലൊന്നാണ് മഞ്ഞുമ്മലിലെ പിള്ളേർ കൊടൈക്കനാലിലേക്ക് യാത്ര പോകാൻ തുടങ്ങുന്ന രംഗങ്ങൾ. കൃത്യം എണ്ണം ആളുകളുമായി യാത്ര ആരംഭിക്കുമ്പോഴാണ് ബൈക്കിൽ ഒരാൾ പാഞ്ഞെത്തുന്നത്. അനിയൻ സിക്സനെ വണ്ടിയിൽ നിന്ന് തൂക്കി വെളിയിലേക്ക് എറിഞ്ഞ് കൊടൈക്കനാൽ യാത്രയ്ക്ക് ഇടിച്ചു കയറിയെത്തിയ സിജു. ആരെയും കൂസാത്ത ഈ സിജു ആരാണെന്ന് മനസിലാവാത്തവരും പ്രേക്ഷകരുടെ കൂട്ടത്തില്‍ ഉണ്ടാവും. മറ്റാരുമല്ല, സംവിധായകനും നടനുമായ ജീൻ പോൾ ലാൽ ആണ് സിക്സന്റെ ചേട്ടൻ സിജു ആയി എത്തിയത്. താടിയെടുത്ത് ജീൻ പോൾ എത്തിയപ്പോൾ സിജുവിനെ അവതരിപ്പിച്ചത് ജീൻ പോൾ തന്നെയാണെന്ന് മനസിലാക്കാൻ സിനിമാപ്രേമികൾ പോലും കുറച്ച് താമസിച്ചു.

ചിത്രത്തിലെ ഏറ്റവും ലൌഡ് ആയിട്ടുള്ള കഥാപാത്രയമായിരുന്നു ബാലു വർഗീസ് അവതരിപ്പിച്ച സിക്സൻ. സിക്സന്റെ ചേട്ടൻ സിജു ആയിട്ടാണ് ജീൻ പോൾ ചിത്രത്തിലെത്തിയത്. ആരെയും കൂസാത്ത, പേടിക്കാത്ത, നെഞ്ചും വിരിച്ച് എന്തിനെയും നേരിടുന്ന കഥാപാത്രം. അടിപൊളിയായി സിജു സ്ക്രീനിൽ നിറഞ്ഞാടിയെങ്കിലും ഇത് ആരാണെന്ന് പെട്ടെന്ന് പ്രേക്ഷകർക്ക് മനസിലായില്ല എന്നതാണ് യാഥാർത്ഥ്യം. ഏതായാലും അസാമാന്യ പ്രകടനം ഓരോരുത്തരും കാഴ്ചവെച്ച സിനിമയിൽ ഗംഭീര പ്രകടനമാണ് ജീൻ പോളും നടത്തിയത്. ടോവിനോ തോമസിനെ നായകനാക്കി ഒരുക്കുന്ന 'നടികർ' ആണ് ജീൻ പോളിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന അടുത്ത ചിത്രം.

Latest Videos

2006ൽ കൊടൈക്കനാലിൽ നടന്ന ഒരു യഥാർത്ഥ സംഭവമാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന പേരിൽ തിയറ്ററുകളിൽ എത്തിയിരിക്കുന്ന ചിത്രം. തിരക്കഥ എഴുതി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ചിദംബരം ആണ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ജീൻ പോൾ ലാൽ, ചന്തു സലിംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങി പ്രേക്ഷകരുടെ പ്രിയ താരങ്ങൾ അണിനിരന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. കൊച്ചിയിലെ മഞ്ഞുമ്മൽ എന്ന നാട്ടിൽ നിന്ന് കൊടൈക്കനാലിലേക്ക് ഒരു സുഹൃദ് സംഘം യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് അഭിമുഖീകരിക്കേണ്ടിവന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ സംഗീതം. ഷൈജു ഖാലിദ് ഛായാഗ്രഹണം. പറവ ഫിലിംസും ശ്രീ ഗോകുലം മൂവീസും ചേർന്നാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്.

ALSO READ : പൂവൻകോഴി സാക്ഷിയായ കേസ് ഇനി സിനിമ; നായകൻ അജു വർഗീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!