സംഭവത്തിൽ പരാതി നൽകിയിട്ടും ഫെഫ്‌കയോ ബി ഉണ്ണികൃഷ്‌ണനോ ഇടപെട്ടില്ലെന്നും പരാതിക്കാരി ആരോപിക്കുന്നു
തൃശ്ശൂർ: മേക്കപ്പ് ആർടിസ്റ്റുകളിൽ നിന്ന് ലൈംഗിക അതിക്രമം നേരിട്ടുവെന്ന പരാതിയുമായി വനിതാ മേക്കപ്പ് ആർട്ടിസ്റ്റ്. തൃശ്ശൂർ സ്വദേശിയായ വനിതയാണ് പരാതിയുമായി രംഗത്ത് വന്നത്. മേക്കപ്പ് ആർട്ടിസ്റ്റുമാരായ ശ്യം ചെറായി , സുഭാഷ് , മേക്കപ്പ് അസിസ്റ്റൻറ് ചാരുത്ത് എന്നിവർ ലൈംഗിക അതിക്രമം കാട്ടിയെന്നാണ് പരാതി. എന്നാൽ ഇത് സംബന്ധിച്ച് മേക്കപ്പ് ആർട്ടിസ്റ്റുമാരുടെ സംഘടനയ്ക്ക് പരാതി നൽകിയപ്പോൾ ഭാരവാഹികളിൽ നിന്ന് അധിക്ഷേപം നേരിട്ടുവെന്നും ഇവർ ആരോപിക്കുന്നു. സംഘടനയിൽ പരാതി നൽകിയപ്പോൾ, തന്നെ മോശക്കാരിയായി ചിത്രീകരിക്കുകയും അവസരങ്ങൾ നിഷേധിക്കുകയും ചെയ്തെന്നും യുവതി ആരോപിക്കുന്നു.
പടച്ചോനേ ഇങ്ങള് കാത്തോളീ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ശ്യാം ചെറായി ശരീരത്തിൽ കയറിപ്പിടിച്ചതെന്ന് യുവതി ആരോപിക്കുന്നു. അതിനെ തുടർന്നാണ് യുവതി സംഘടനയ്ക്ക് പരാതി നൽകിയത്. എന്നാൽ അതിക്രമം നടന്നതിന് എന്താണ് തെളിവെന്നായിരുന്നു സംഘടനാ ഭാരവാഹികളുടെ ചോദ്യം. ഇതേ സിനിമയുടെ ലൊക്കേഷനിൽ വെച്ച് സുഭാഷ് എന്ന മേക്കപ്പ് ആർടിസ്റ്റ് ലൈംഗിക ചുവയോടെ തന്നോട് സംസാരിച്ചുവെന്നും ചാരത്ത് എന്ന മേക്കപ്പ് ആർടിസ്റ്റ് ശരീരത്തിൽ കയറിപ്പിടിക്കുകയും അപമര്യാദയായി പെരുമാറിയെന്നും യുവതി ആരോപിക്കുന്നുണ്ട്. ഇതിന് ശേഷം ഫെഫ്‌കയ്ക്ക് പരാതി നൽകി. ആറ് മാസമായിട്ടും ബി ഉണ്ണികൃഷ്ണൻ പരാതിയിൽ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇത്രയും നാളായിട്ടും അന്വേഷിച്ച് പോലുമില്ലെന്നും യുവതി പറയുന്നു.