വേറിട്ട പ്രമേയവുമായി 'കുട്ടന്‍റെ ഷിനിഗാമി'; ഓഗസ്റ്റ് 30 ന് തിയറ്ററുകളില്‍‌

By Web Team  |  First Published Aug 11, 2024, 4:45 PM IST

റഷീദ് പാറയ്ക്കല്‍ സംവിധാനം


ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റഷീദ് പാറയ്ക്കല്‍ സംവിധാനം ചെയ്യുന്ന കുട്ടന്‍റെ ഷിനിഗാമി എന്ന ചിത്രം ഓഗസ്റ്റ് 30 ന് തിയറ്ററുകളിലെത്തും. പേര് പോലെ തന്നെ പ്രമേയത്തിലും വൈവിധ്യവുമായി എത്തുന്ന ചിത്രമാണിത്. കാലനും ഒരു ആത്മാവും ചേർന്ന് നടത്തുന്ന ഇൻവെസ്റ്റിഗേഷനാണ് ഈ ചിത്രം. ഷിനിഗാമി ഒരു ജാപ്പനീസ് വാക്കാണ്. ഷിനിഗാമി എന്നാൽ കാലൻ എന്നാണ് ജാപ്പനീസ് ഭാഷയിലെ അര്‍ഥം. 

ജപ്പാനിൽ നിന്നും ഡോക്ടറേറ്റ് നേടിയ ആളാണ് ഈ ചിത്രത്തിലെ ഷിനിഗാമി. ഈ ഷിനിഗാമി ഇപ്പോഴെത്തിയിരിക്കുന്നത് ഒരു ആത്മാവിനെ തേടിയാണ്. കൈയ്യിൽ ഒരു ജോഡി ചെരുപ്പുമായിട്ടാണ് ഷിനിഗാമിയുടെ നടപ്പ്. ഈ ചെരുപ്പ് ധരിക്കുന്നതോടെ അത്മാവ് കൂടെപ്പോരണമെന്നതാണ് ഇവരുടെ വിശ്വാസം. കുട്ടൻ എന്നയാളിൻ്റെ ആത്മാവിലേക്കാണ് ഷിനിഗാമിയുടെ കടന്നുവരവ്. ഇവിടെ കുട്ടൻ്റെ ആത്മാവിനെ ചെരുപ്പു ധരിപ്പിക്കാൻ ഷിൻഗാമിയുടെ ശ്രമം നടക്കുന്നില്ല. തൻ്റെ മരണകാരണമറിയാതെ താൻ ചെരിപ്പിടില്ലായെന്നതായിരുന്നു അത്മാവിൻ്റെ വാശി.  അദ്ദേഹത്തിൻ്റെ വാശിക്കുമുന്നിൽ ഷിനി ഗാമി വഴങ്ങി. പിന്നീട് ഇരുവരും ചേർന്ന് കുട്ടൻ്റെ മരണകാരണമന്വേഷിച്ചിറങ്ങുകയായി. ഈ സംഭവങ്ങളാണ് നർമ്മത്തിൻ്റെയും ഫാൻ്റസിയുടെയും ഒപ്പം തികഞ്ഞ ത്രില്ലർ മൂഡിലും അവതരിപ്പിക്കുന്നത്.

Latest Videos

കുട്ടൻ എന്ന ആത്മാവായി ജാഫർ ഇടുക്കിയും ഷിനിഗാമിയായി ഇന്ദ്രൻസും അഭിനയിക്കുന്നു. ഇതിലെ കാലനും ആത്മാവും സാധാരണക്കാരെപ്പോലെയാണ് പ്രത്യക്ഷപ്പെടുന്നത്. അനീഷ് ജി മേനോൻ, ശ്രീജിത്ത് രവി, സുനിൽ സുഖദ, അഷറഫ് പിലായ്ക്കൽ, ഉണ്ണിരാജാ, മുൻഷി രഞ്ജിത്ത്, പ്രിയങ്ക, അഖില, സന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകൻ തന്നെയാണ് ഇതിലെ ഗാനങ്ങളും രചിച്ചിരിക്കുന്നത്. സംഗീതം അർജുൻ വി അക്ഷയ, ഗായകർ ജാഫർ ഇടുക്കി, അഭിജിത്ത്, ഛായാഗ്രഹണം ഷിനാബ് ഓങ്ങല്ലൂർ, എഡിറ്റിംഗ് സിയാൻ ശ്രീകാന്ത്, കലാസംവിധാനം എം കോയാസ്, മേക്കപ്പ് ഷിജി താനൂർ, കോസ്റ്റ്യൂം ഡിസൈൻ ഫെമിന ജബ്ബാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജയേന്ദ്ര ശർമ്മ, അസോസിയേറ്റ് ഡയറക്ടേർസ് രഞ്ജിത്ത് രാമനാട്ടുകര, ശ്രീജിത്ത് ബാലൻ, സഹസംവിധാനം രാഗേന്ദ്, ബിനു ഹുസൈൻ, നിർമ്മാണ നിർവ്വഹണം പി സി മുഹമ്മദ്, പ്രൊജക്റ്റ് ഡിസൈനർ രജീഷ് പത്താംകുളം. മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലായ്ക്കൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിവരുന്നു. പിആര്‍ഒ വാഴൂർ ജോസ്, ഫോട്ടോ ഷംനാദ്.

ALSO READ : ആ വിദ്യാസാഗര്‍ മാജിക് മനസിരുത്തി കേള്‍ക്കാം; ദേവദൂതന്‍ 'ഒഎസ്‍‌ടി' പുറത്തെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!