കഴിഞ്ഞയാഴ്ച വരെ രാജ്കുമാർ റാവുവിനൊപ്പമുള്ള പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഛണ്ഡിഗഢിലായിരുന്നു താരം.
ബോളിവുഡ് താരം കൃതി സനോണിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പാലാണ് കൃതി കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കൃതി പോസ്റ്റിൽ വൃക്തമാക്കി.
''കൊവിഡ് പോസിറ്റീവ് ആയ വിവരം എല്ലാവരേയും അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ സുഖമായിരിക്കുന്നു. ആശങ്കപ്പെടേണ്ട സാഹചര്യം ഒന്നും തന്നെയില്ല, കൂടാതെ ബിഎംസിയും ഡോക്ടറുടെ ഉപദേശവും അനുസരിച്ച് ഞാൻ ക്വാറൻറീനിലാണ്. സുരക്ഷിതരായിരിക്കുക, മഹാമാരി ഇതുവരെ പോയിട്ടില്ല, ”കൃതി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. കഴിഞ്ഞയാഴ്ച വരെ രാജ്കുമാർ റാവുവിനൊപ്പമുള്ള പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഛണ്ഡിഗഢിലായിരുന്നു താരം.
പോസ്റ്റിന് പിന്നാലെ ടൈഗർ ഷ്രോഫ്, ഭൂമി പെഡ്‌നേക്കർ, ഏക്താ കപൂർ, പുൽകിത് സാമ്രാട്ട് തുടങ്ങി നിരവധി പേരാണ് കൃതി എത്രയും വേഗം സുഖം പ്രാപിക്കാൻ ആശംസയുമായി എത്തിയത്. അതേസമയം, ജഗ് ജഗ് ജീയോയുടെ ഷൂട്ടിംഗിനായി ഛണ്ഡിഗഢിലുണ്ടായിരുന്ന ബോളിവുഡ് താരങ്ങളായ വരുൺ ധവാൻ, നീതു കപൂർ എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.