തലമുറകളെ വേട്ടയാടുന്ന ദുരാത്മാവ്; മിത്തും ഫാന്റസിയും റിയലിസവും കൂടിക്കുഴഞ്ഞ എക്സ്യൂമ, കാണേണ്ട ഹൊറർ അനുഭവം

By Web Team  |  First Published Dec 19, 2024, 12:04 AM IST

ഭൂതകാലത്തെ കുഴിച്ചെടുക്കുന്നതിൻ്റെ വിപത്തുകൾ ചർച്ച ചെയ്യുന്ന സിനിമ, ഹൊറർ സിനിമാ പ്രേമികൾ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത സിനിമാനുഭവമാണ്. മികച്ച സംവിധാനവും ക്യാമറയും സം​ഗീതവും ചിത്രത്തെ മറ്റൊരു തലത്തിലേക്കുയർത്തുന്നതോടൊപ്പം തന്നെ ലൊക്കേഷനുകൾ കഥാപാത്രമായി പരിണമിക്കുന്നുണ്ട്.


ഭാവികാലം അറിയാനുള്ള മനുഷ്യന്റെ ആകാംക്ഷളോളം പഴക്കം ചെന്നതാണ് ഭൂതകാലവും വംശപരമ്പരയും അറിയാനുള്ള ത്വരയും. ഭൂതകാലത്തെക്കുറിച്ചും, മുജ്ജന്മ പാപങ്ങളെക്കുറിച്ചുമുള്ള സങ്കൽപ്പങ്ങൾ ലോകമൊട്ടാകെ വലിയ വ്യത്യാസമില്ലെന്ന് കാണിക്കുകയാണ് കൊറിയൻ ചിത്രമായ എക്സ്യൂമ. പ്രമേയം കൊണ്ടും പരിചരണം കൊണ്ടും ഈ വർഷം ലോകത്താകമാനം ഇറങ്ങിയ മികച്ച ഹൊറർ ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം എക്സ്യൂമക്കായിരിക്കുമെന്ന് നിസംശയം പറയാം. 

വർത്തമാന കാലത്തിൽ ജീവിതത്തിൽ സംഭവിച്ച ദുരിതങ്ങളുടെ മൂലകാരണം തേടിപ്പോകുന്ന സമ്പന്ന അമേരിക്കൻ-കൊറിയൻ കുടുംബത്തിന്റെ കഥ, ഭയത്തിന്റെ അകമ്പടിയോടെ പറയുകയാണ് എക്സ്യൂമ. വിശ്വാസങ്ങളും ആഭിചാരവും കൂടിക്കുഴഞ്ഞ് മുന്നോട്ടുപോകുന്ന കഥ, നമ്മെ ഭീതിപ്പെടുത്തുകയും ആകാംക്ഷയുടെ കൊടുമുടിയിലെത്തിക്കുകയും ചെയ്യും. ഫോൿലോർ, മിത്ത്, റിയലിസം, ഫാന്റസി എന്നീ ചരടുകളിൽ കോർത്തെടുത്ത് പുരാതന ചരിത്രത്തെ അനാവരണം ചെയ്യുകയാണ് സംവിധായകൻ ജാങ് ജെ-ഹ്യു. 

Latest Videos

undefined

ഒരു കൊറിയൻ-അമേരിക്കൻ കുടുംബത്തിലെ വ്യത്യസ്‌ത തലമുറകളെ ഒരു ദുരാത്മാവ് എങ്ങനെ ബാധിക്കുന്നുവെന്ന അന്വേഷണമാണ് സിനിമ. കണ്ട് പരിചയിച്ച ഹൊറർ ഫാഷനിലാണ് ചിത്രം ആരംഭിക്കുന്നതെങ്കിലും രണ്ടാം പകുതിയിലെത്തുമ്പോൾ ക്ലാസിക് സ്വഭാവം കൈവരിക്കുന്നു. കുടുംബത്തിലെ രണ്ട് നവജാതശിശുക്കൾ മരിക്കുകയും ഒരാൾക്ക് ​ഗുരുതരമായ രോ​ഗം ബാധിക്കുകയും ചെയ്യുമ്പോൾ കുടുംബം പാരമ്പര്യ മന്ത്രവാദികളുടെ സഹായം തേടുന്നു. വംശപരമ്പരയിലേക്ക് ആഴ്ന്നിറങ്ങുകയും അവരെ വേട്ടയാടുന്നത് എന്താണെന്ന് മനസ്സിലാക്കാൻ സഹായിക്കുകയും ചെയ്യുന്ന ഗ്രേവ്സ് കോൾ എന്ന് വിളിക്കുന്ന ഷാമന്റെ സഹായമാണ് കുടുംബം തേടുന്നത്.

ഭൂതകാല ആത്മാവിൽ നിന്നുള്ള ശാപമാണെന്ന് കുടുംബത്തിന്റെ ദുരിതത്തിന് കാരണമെന്ന്  വിശദീകരിക്കുകയും മുത്തച്ഛൻ്റെ ഭൗതികാവശിഷ്ടങ്ങൾ പുറത്തെടുക്കുകയും ചെയ്യുന്നതോടെ സിനിമ മറ്റൊരു തലത്തിലേക്ക് പ്രവേശിക്കുന്നു. കൊറിയയുടെ ജപ്പാന്റെയും സാംസ്കാരികമായ സമന്വയവും ചിത്രം പറയുന്നു. അതോടൊപ്പം ഇരുരാജ്യങ്ങളും തമ്മിൽ പുകയുന്ന ബന്ധത്തെയും വരച്ചിടുന്നു.  

ഭൂതകാലത്തെ കുഴിച്ചെടുക്കുന്നതിൻ്റെ വിപത്തുകൾ ചർച്ച ചെയ്യുന്ന സിനിമ, ഹൊറർ സിനിമാ പ്രേമികൾ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത സിനിമാനുഭവമാണ്. മികച്ച സംവിധാനവും ക്യാമറയും സം​ഗീതവും ചിത്രത്തെ മറ്റൊരു തലത്തിലേക്കുയർത്തുന്നതോടൊപ്പം തന്നെ ലൊക്കേഷനുകൾ കഥാപാത്രമായി പരിണമിക്കുന്നുണ്ട്. ചോയി മിൻ സിക്കാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കിം ​ഗോ ഉന്നും ലീ ദോ ഹ്യുൻ, ജുങ് യുൻ ഹാ എന്നിവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

click me!