കേരളത്തിലെ 135 തിയറ്ററുകളിലാണ് വെള്ളിയാഴ്ച ചിത്രം എത്തിയത്
നിര്‍മ്മാതാക്കളും സിനിമാപ്രേമികളും മിനിമം ഗ്യാരന്‍റി നല്‍കിയിട്ടുള്ള സംവിധായകരില്‍ ഒരാളാണ് ജീത്തു ജോസഫ്. മലയാള സിനിമയില്‍ ജനപ്രീതിയില്‍ എക്കാലത്തും മുന്നിലുള്ള ദൃശ്യം ഫ്രാഞ്ചൈസിയും മെമ്മറീസുമൊക്കെ ഒരുക്കിയ സംവിധായകന്‍. ത്രില്ലറുകള്‍ ഏറ്റവും നന്നായി വഴങ്ങുന്ന സംവിധായകനെന്ന പേരുള്ളതിനാല്‍ ജീത്തു ജോസഫ് ഒരു ത്രില്ലര്‍ സിനിമയുമായി എത്തുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷകളും ഉയരത്തിലായിരിക്കും. ആ പ്രതീക്ഷകളോട് നീതി പുലര്‍ത്തുക എന്നതാണ് ജീത്തു നേരിടുന്ന വലിയ വെല്ലുവിളി. എന്നാല്‍ അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രം, വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ കൂമന്‍ ആ പ്രേക്ഷക പ്രതീക്ഷകളെ സാധൂകരിച്ചിരിക്കുകയാണ്. ആദ്യ വാരാന്ത്യത്തില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും, ഒപ്പം ബോക്സ് ഓഫീസില്‍ നിന്നും ലഭിക്കുന്നത്.
കേരളത്തിലെ 135 തിയറ്ററുകളിലാണ് വെള്ളിയാഴ്ച ചിത്രം എത്തിയത്. ആദ്യ പ്രദര്‍ശനങ്ങള്‍ മുതല്‍ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിച്ചതിനാല്‍ രണ്ടാം ദിനമായ ശനിയാഴ്ച ചിത്രത്തിന് നിരവധി ഹൌസ്ഫുള്‍ പ്രദര്‍ശനങ്ങളാണ് കേരളമെമ്പാടും ലഭിച്ചത്. ആറ് എക്സ്ട്രാ ഷോകളും ചിത്രത്തിന് ലഭിച്ചിരുന്നു. എക്സ്ട്രാ ഷോകളുടെ എണ്ണത്തില്‍ ഞായറാഴ്ച വര്‍ധനവും വരുത്തിയിരിക്കുകയാണ് ചിത്രം. 9 അധിക പ്രദര്‍ശനങ്ങളാണ് കേരളത്തിലെ പല ഭാഗങ്ങളിലെ തിയറ്ററുകളിലായി ചിത്രം ഇന്ന് ചാര്‍ട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട്, ചാത്തന്നൂര്‍, ചെങ്ങന്നൂര്‍, ഇരിങ്ങാലക്കുട, തളിപ്പറമ്പ് എന്നിവിടങ്ങളിലെല്ലാം ചിത്രത്തിന് ഇന്ന് എക്സ്ട്രാ ഷോകള്‍ ലഭിച്ചു.
അതേസമയം ആസിഫ് അലിയുടെ ബോക്സ് ഓഫീസ് തിരിച്ചുവരവ് കൂടി ആവുകയാണ് കൂമന്‍. 2019 ല്‍ പുറത്തെത്തിയ കെട്ട്യോളാണ് എന്‍റെ മാലാഖയ്ക്കു ശേഷം, ആസിഫിന് കാര്യമായ വിജയങ്ങള്‍ ഉണ്ടായിട്ടില്ല. ആദിക്കു ശേഷം ജീത്തു ജോസഫിനും മികച്ച തിയറ്റര്‍ വിജയം നല്‍കുകയാണ് ചിത്രം. ട്വല്‍ത്ത് മാനിന്റെ തിരക്കഥാകൃത്ത് കെ ആര്‍ കൃഷ്ണകുമാര്‍ ആണ് കൂമന്‍റെയും രചന നിര്‍വ്വഹിച്ചിരിക്കുന്നത്. പല സ്വഭാവ സവിശേഷതകളുമുള്ള ഗിരിശങ്കര്‍ എന്ന പൊലീസുകാരനാണ് ചിത്രത്തില്‍ ആസിഫ് അലിയുടെ കഥാപാത്രം.