Latest Videos

'വിളിച്ചുവരുത്തി ബൗൺസർമാരെ ഉപയോ​ഗിച്ച് തടഞ്ഞു, അധിക്ഷേപിച്ചു'; 'അമ്മ'ക്കെതിരെ കൊച്ചിയിലെ മാധ്യമപ്രവർത്തകർ

By Web TeamFirst Published Jul 1, 2024, 10:54 AM IST
Highlights

കൺവൻഷൻ സെന്ററിന്റെ പുറത്തു റോഡിൽ വച്ചു തന്നെ മാധ്യമങ്ങളെ ബൗൺസർമാരെ ഉപയോഗിച്ചു തടയുകയും രണ്ടു മണിക്കൂറോളം സമയം പെരുമഴയത്തു കാത്തുനിർത്തുകയും ചെയ്തു.

കൊച്ചി: ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വാർഷിക പൊതുയോഗം റിപ്പോർട്ട് ചെയ്യാനായി എത്തിയ പത്ര–ദൃശ്യമാധ്യമ പ്രതിനിധികളെ വിളിച്ചു വരുത്തിയ ശേഷം ബൗൺസർമാരെ ഉപയോഗിച്ചു തടഞ്ഞുവയ്ക്കുകയും അധിക്ഷേപിക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തന്ന് കൊച്ചിയിലെ മാധ്യമപ്രവർത്തകർ. സംഭവത്തിൽ എറണാകുളം പ്രസ് ക്ലബ് ശക്തമായി പ്രതിഷേധക്കുറിപ്പ് പുറത്തിറക്കി. 

രാവിലെ 10 മുതൽ 10 മിനിറ്റ് സമയം യോഗഹാളിനുള്ളിൽ കടന്നു ചിത്രങ്ങളും ദൃശ്യങ്ങളും പകർത്താൻ അനുവദിക്കുമെന്ന മുൻകൂർ അറിയിപ്പു ലഭിച്ചതിനാലാണു മാധ്യമപ്രവർത്തകർ യോഗവേദിയിൽ എത്തിയത്. എന്നാൽ, വളരെ മോശമായ രീതിയിലായിരുന്നു സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം. കൺവൻഷൻ സെന്ററിന്റെ പുറത്തു റോഡിൽ വച്ചു തന്നെ മാധ്യമങ്ങളെ ബൗൺസർമാരെ ഉപയോഗിച്ചു തടയുകയും രണ്ടു മണിക്കൂറോളം സമയം പെരുമഴയത്തു കാത്തുനിർത്തുകയും ചെയ്തു. ഒടുവിൽ മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചപ്പോഴാണ് ഉള്ളിൽ കടക്കാൻ അനുമതി നൽകിയത്. വിളിച്ചുവരുത്തി അപമാനിക്കുക എന്നത് അമ്മയ്ക്കെന്നല്ല ഒരു സംഘടനയ്ക്കും ഭൂഷണമല്ലെന്നും മാധ്യമപ്രവർത്തകർ പറഞ്ഞു.

തെരഞ്ഞെടുപ്പിനു ശേഷം സാധാരണ നടത്താറുള്ള പത്രസമ്മേളനം ഒഴിവാക്കിയ അമ്മയുടെ ഭാരവാഹികൾ ഔദ്യോഗികമായി പത്രക്കുറിപ്പു പുറത്തിറക്കാൻ പോലും തയാറായില്ല. 30 വർഷത്തെ പാരമ്പര്യമുള്ള ഒരു സംഘടന അംഗീകൃത ലെറ്റർപാഡിൽ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ വിവരങ്ങൾ നൽകാൻ പോലും തയാറാകാത്തതു പ്രതിഷേധാർഹമാണ്. വിരലിലെണ്ണാവുന്ന അംഗങ്ങളുള്ള സംഘടനകൾ പോലും മാധ്യമവാർത്തകൾ നൽകുമ്പോൾ കാണിക്കുന്ന ഈ ഉത്തരവാദിത്തം അഞ്ഞൂറിലേറെ അംഗങ്ങളുള്ള അമ്മയെന്ന സംഘടനയ്ക്ക് അറിയാത്തതാണെന്നു കരുതുന്നില്ല.  

പൊതുസമ്മേളനത്തിന്റെ ദൃശ്യങ്ങൾ ലൈവ് സ്ട്രീമിങ് നടത്താനുള്ള അവകാശം ലഭിച്ച വ്യക്തിയെ അമ്മയുടെ പിആർഒ ആയി നിയമിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം കൂടി ഔദ്യോഗികമായി അറിയിക്കാൻ പ്രസ് ക്ലബ് ഭാരവാഹികൾ എന്ന നിലയിൽ അഭ്യർഥിക്കുന്നു. അമ്മ തന്നെ ചുമതലപ്പെടുത്തി എന്ന മട്ടിൽ പേരും ഫോൺ നമ്പറും വച്ചൊരു വാട്സാപ്പ് സന്ദേശം ഈ വ്യക്തി ചില മാധ്യമപ്രവർത്തകർക്കു മാത്രം അയച്ചിരുന്നു. ഇതു സത്യമാണെങ്കിൽ മേലിൽ അമ്മയെ സംബന്ധിച്ചുള്ള വാർത്തകൾ ഈ വ്യക്തി നൽകുന്നതു മാത്രം പ്രസിദ്ധീകരിച്ചാൽ മതിയല്ലോയെന്നും മാധ്യമപ്രവർത്തകർ പ്രസ്താവനയിൽ പറഞ്ഞു.  

tags
click me!