KK Singer : 'ഹാളില്‍ നാലിരട്ടി ജനം, എസി പ്രവര്‍ത്തിച്ചില്ല'; കെകെയുടെ മരണത്തിന് കാരണം സംഘാടകരെന്ന് ഗായകന്‍

By Web Team  |  First Published Jun 1, 2022, 11:04 AM IST

"അദ്ദേഹം മരിച്ചതല്ല, കൊന്നതാണ്. അദ്ദേഹത്തെ രക്ഷിക്കാന്‍ കഴിയുമായിരുന്നു. കെകെയുടെ മരണത്തിന്‍റെ ഉത്തരവാദിത്തം പരിപാടിയുടെ സംഘാടകര്‍ക്കാണ്."


പ്രമുഖ ഗായകന്‍ കെകെ എന്ന കൃഷ്ണകുമാര്‍ (KK Singer) കുന്നത്തിന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ആഘാതത്തിലാണ് കലാലോകം. കൊല്‍ക്കത്ത നസ്റുല്‍ മഞ്ച ഓഡിറ്റോറിയത്തില്‍ ഇന്നലെ അവതരിപ്പിച്ച പരിപാടിക്കു ശേഷം ഹോട്ടലില്‍ തിരിച്ചെത്തിയ അദ്ദേഹം ഗോവണിപ്പടിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സ്ഥിരീകരിച്ചു. കെകെയുടെ വിയോഗത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തു എന്നതാണ് ഇത് സംബന്ധിച്ച പുതിയ വിവരം. പരിപാടി നടന്ന ഓഡിറ്റോറിയത്തില്‍ ജനം തിങ്ങിനിറഞ്ഞിരുന്നുവെന്നും എസി പ്രവര്‍ത്തിച്ചിരുന്നില്ലെന്നുമൊക്കെ വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ കെകെയുടെ സംഗീതനിശയ്ക്ക് സാക്ഷ്യം വഹിച്ച കൊല്‍ക്കത്ത സ്വദേശിയായ ഗായകന്‍ പീറ്റര്‍ ഗോമസിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ശ്രദ്ധ നേടുകയാണ്. താങ്ങാനാവാത്ത ചൂട് സഹിച്ചാണ് കെകെ പരിപാടി പൂര്‍ത്തിയാക്കിയതെന്ന് അദ്ദേഹം പറയുന്നു. പരിപാടിയുടെ സംഘാടകര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പീറ്റര്‍ ഗോമസ് ഉയര്‍ത്തുന്നത്.

പീറ്റര്‍ ഗോമസിന്‍റെ കുറിപ്പ്

Latest Videos

അദ്ദേഹം മരിച്ചതല്ല, കൊന്നതാണ്. അദ്ദേഹത്തെ രക്ഷിക്കാന്‍ കഴിയുമായിരുന്നു. കെകെയുടെ മരണത്തിന്‍റെ ഉത്തരവാദിത്തം പരിപാടിയുടെ സംഘാടകര്‍ക്കാണ്. അവസാന ലൈവ് ഷോയുടെ പ്രേക്ഷകന്‍ എന്ന നിലയ്ക്ക് എല്ലാം ഞാന്‍ അടുത്തുനിന്ന് കണ്ടതാണ്. അതിനാല്‍ സത്യമാണ് ഞാന്‍ പറയുന്നത്. ഒരു ചെറിയ ഹാളിന് ഉള്‍ക്കൊള്ളാവുന്നതിന്‍റെ നാലിരട്ടി ആളുകള്‍ അവിടെ കൂടിയിരുന്നു. ക്രമീകരണങ്ങളിലൊന്നും സംഘാടകര്‍ ശ്രദ്ധിച്ചിരുന്നില്ല. ഹാളിലെ എസി സംഘാടകര്‍ ഓഫ് ചെയ്‍തിരിക്കുകയായിരുന്നു. പരിപാടിയുടെ കാണികളായ ഞങ്ങള്‍ക്കുപോലും ചൂടും വിയര്‍പ്പും കാരണം അവിടെ ഇരിക്കാന്‍ കഴിഞ്ഞിരുന്നില്ല. 

ALSO READ : ഗായകൻ കെ കെയുടെ മരണം; അസ്വാഭാവിക മരണത്തിന് കേസെടുത്തു

പരിപാടി നടക്കുന്നതിനിടെ തനിക്ക് ചൂട് സഹിക്കാനാവുന്നില്ലെന്നും പാടാനാവുന്നില്ലെന്നുമൊക്കെ പലതവണ കെകെ പറഞ്ഞു. വിയര്‍പ്പില്‍ കുതിര്‍ന്ന തന്‍റെ വസ്ത്രങ്ങള്‍ അദ്ദേഹം കാണികളെ ഉയര്‍ത്തി കാട്ടിയിരുന്നു. ടവല്‍ കൊണ്ട് വിയര്‍പ്പ് പലതവണ ഒപ്പി, ഒരുപാട് വെള്ളം കുടിച്ചു അദ്ദേഹം. ഒരു ഘട്ടത്തില്‍ ആകെ അസ്വസ്ഥനായ അദ്ദേഹം ചൂട് സഹിക്കാനാവാതെ സ്റ്റേജിലെ ബാക്ക്ലൈറ്റ് ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ടു. 

പക്ഷേ ഈ സമയത്തൊക്കെ സംഘാടകര്‍ എന്ത് ചെയ്യുകയായിരുന്നു? ഒന്നും ചെയ്‍തില്ല! സ്റ്റേജിന്‍റെ രണ്ട് വശങ്ങളിലുമായി 50- 60 ആളുകളാണ് നിന്നിരുന്നത്. അദ്ദേഹത്തിന് പെര്‍ഫോം ചെയ്യാന്‍ സ്റ്റേജില്‍ ആവശ്യത്തിന് സ്ഥലം പോലും ഉണ്ടായിരുന്നില്ല. വായു സഞ്ചാരത്തിനു വേണ്ട പോലും സ്ഥലം ഉണ്ടായിരുന്നില്ല.

ALSO READ : കെകെ എന്ന കൃഷ്ണകുമാര്‍ കുന്നത്ത്; ബോളിവുഡില്‍ സാന്നിധ്യം അറിയിച്ച മലയാളി സ്വരമാധുര്യം

എന്നാല്‍ ഈ അവസ്ഥയില്‍ പോലും അദ്ദേഹം പാടി, ആടി, പെര്‍ഫോം ചെയ്‍തു. ആ കടുത്ത ചൂടത്ത് ഞങ്ങള്‍ക്ക് കസേരയില്‍ ഇരിക്കാന്‍ പോലും ആവുമായിരുന്നില്ല. ഷോ അവസാനിക്കുന്നതിനു മുന്‍പാണ് അദ്ദേഹം അവശനായി കാണപ്പെട്ടത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിക്കുകയും ചെയ്‍തിരുന്നു. 

click me!