ആസിഫ് അലി നായകനാകുന്ന 'കിഷ്കിന്ധാ കാണ്ഡം' പ്രദർശനത്തിന് എത്തുകയാണ്. സംവിധായൻ ദിൻജിത്ത് അയ്യത്താൻ സംസാരിക്കുന്നു.
ആസിഫ് അലി നായകനായ 'കക്ഷി അമ്മിണിപ്പിള'യ്ക്ക് ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കിഷ്കിന്ധാ കാണ്ഡം. ആസിഫ് അലി വീണ്ടും നായകവേഷത്തിലെത്തുന്ന ചിത്രം, ഒരു സസ്പെൻസ്-മിസ്റ്ററി സിനിമയാണെന്നാണ് ദിൻജിത്ത് പറയുന്നത്. സംവിധായകൻ സംസാരിക്കുന്നു.
undefined
കിഷ്കിന്ധാ കാണ്ഡം രാമായണത്തിലെ ഒരേടാണ്. എന്താണ് സിനിമയുടെ വ്യത്യസ്തമായ ടൈറ്റിലിന് പിന്നിൽ, ഇതിന് രാമായണവുമായി ബന്ധമുണ്ടോ?
റിസർവ്വ് ഫോറസ്റ്റിനടുത്തുള്ള കല്ലേപ്പത്തി എന്ന പ്രദേശത്താണ് കഥ നടക്കുന്നത്. കുരങ്ങന്മാർ ഒരുപാടുള്ള സ്ഥലം. പക്ഷേ, കഥ കുരങ്ങന്മാരെ കുറിച്ചല്ല. കുരങ്ങന്മാർ കൂടി ഭാഗമായിട്ടുള്ള ആ ഇക്കോസിസ്റ്റത്തിൽ ജീവിക്കുന്ന മനുഷ്യരെക്കുറിച്ചാണ്. അസാധാരണമായ സാഹചര്യങ്ങളിലൂടെ പോകേണ്ടിവരുന്ന ചില സാധാരണക്കാർ. അങ്ങനെയൊരു ഇക്കോസിസ്റ്റത്തിൽ നടക്കുന്ന അദ്ധ്യായം എന്ന നിലയ്ക്കാണ് കിഷ്കിന്ധാ കാണ്ഡം എന്ന് ടൈറ്റിൽ വെച്ചത്. രാമായണവുമായി ബന്ധമില്ല.
സിനിമയുടെ ട്രെയിലറിൽ നിന്നും ഒരു മിസ്റ്ററി, സയൻസ് ഫിക്ഷൻ സിനിമകളുടെ പ്രതീതി ലഭിക്കുന്നുണ്ട്. എങ്ങനെയാണ് സിനിമയെക്കുറിച്ച് പ്രേക്ഷകരോട് പറയാനാകുക?
ഫാമിലി ഇമോഷൻസിന് പ്രാധാന്യം നൽകുന്ന ഒരു സസ്പെൻസ്-മിസ്റ്ററി നരേറ്റീവ് ആണ് സിനിമയുടേത്. റിസർവ്വ് ഫോറസ്റ്റ് പശ്ചാത്തലവും കുരങ്ങന്മാരുടെ സാന്നിധ്യവുമെല്ലാം എങ്ങനെ ഒരു കുടുംബകഥയിൽ സ്വാധീനമുണ്ടാക്കുന്നു എന്നതും സിനിമയിൽ വരുന്നുണ്ട്. ആസിഫ് അലിയും വിജയരാഘവനും ചെയ്യുന്ന അച്ഛൻ-മകൻ കഥാപാത്രങ്ങളുടെ കൗതുകകരവും അപൂർവ്വവുമായ ഇമോഷണൽ ബോണ്ട് ആണ് കഥയുടെ കോർ.
ആസിഫ് അലിയുമായി ചേർന്നുള്ള ദിൻജിത്തിന്റെ രണ്ടാമത്തെ പ്രൊജക്റ്റ് ആണ് ഈ സിനിമ. ആദ്യ ചിത്രം ഹാസ്യത്തിന് പ്രധാന്യമുള്ള ഒരു ഡ്രാമ ആയിരുന്നു. ഇത്തവണ വളരെ വ്യത്യസ്തമായ ഒരു പരീക്ഷണം പോലെ തോന്നുന്നു. ആസിഫിനെക്കുറിച്ചും എങ്ങനെയാണ് അദ്ദേഹം ഈ സിനിമയിൽ അഭിനയിക്കാൻ തയാറായതെന്നും പറയൂ?
സിനിമയുടെ ഫോർമാലിറ്റികൾക്ക് അപ്പുറമുള്ള സൗഹൃദമാണ് ആസിഫുമായിട്ട്. എന്തും പറയാനും ചർച്ച ചെയ്യാനുമുള്ള ക്രിയേറ്റീവ് സ്പേസ് ഞങ്ങൾക്കിടയിലുണ്ട്. അങ്ങനെയുള്ളവർ ഒരുമിച്ചു വർക്ക് ചെയ്യുമ്പോഴുണ്ടാകുന്ന എനർജിയും പോസിറ്റിവിറ്റിയും ഒരു സിനിമയുടെ എൻഡ് റിസൾട്ടിലേക്ക് നല്ലരീതിയിൽ കോൺട്രിബ്യൂട്ട് ചെയ്യും. ആദ്യ മീറ്റിങ്ങിൽ തന്നെ ഫുൾ സ്ക്രിപ്റ്റ് നരേറ്റ് ചെയ്യുകയാണുണ്ടായത്. കേട്ട് കഴിഞ്ഞ മോമെന്റിൽ തന്നെ സന്തോഷം കൊണ്ട് തുള്ളിച്ചാടി “അളിയാ നമ്മളിത് കലക്കും” എന്ന് പറഞ്ഞ് ആസിഫ് എന്നെയും ബാഹുലിനെയും കെട്ടിപ്പിടിച്ചു.
ഈ കഥ എങ്ങനെയാണ് ഉണ്ടാകുന്നത്? ഇതിന് സമകാലീന സംഭവങ്ങളുമായി ബന്ധമുണ്ടോ? എഴുത്തുകാരൻ ബാഹുൽ രമേശിനെക്കുറിച്ച് പറയൂ?
കക്ഷി അമ്മിണിപ്പിള്ളയുടെ സിനിമാട്ടോഗ്രാഫറായപ്പോൾ തൊട്ടുള്ള അടുപ്പമാണ് ബാഹുലുമായിട്ട്. ഭാവിയിൽ ഒരുമിച്ച് ചെയ്യാനാഗ്രഹിക്കുന്ന സിനിമകളെക്കുറിച്ച് എപ്പഴും ചർച്ച ചെയ്യാറുണ്ട്. കോവിഡ് സെക്കന്റ് ലോക്ക് ഡൌൺ സമയത്ത് പെട്ടെന്നൊരു ദിവസം വിളിച്ചിട്ട് “ദിഞ്ചുവേട്ടാ.., ഒരു ത്രെഡ് ഉണ്ട്.. ഇപ്പോൾ പറയുന്നില്ല.. ഫുൾ സ്ക്രിപ്റ്റ് ആയി എഴുതിയിട്ട് വായിക്കാൻ തരാം” എന്ന് പറഞ്ഞു. അന്ന് മുങ്ങിയ ബാഹുൽ ഒരാഴ്ച കഴിഞ്ഞാണ് പിന്നെ പൊങ്ങുന്നത്. കൈയിൽ കിഷ്കിന്ധാ കാണ്ഡത്തിന്റെ ഫുൾ സ്ക്രിപ്റ്റുമായിട്ട്. വായിച്ചപ്പോൾ ബ്രില്ല്യന്റ് സ്ക്രിപ്റ്റ്.! ലൈഫിൽ കുറേ തിരക്കഥകൾ വായിച്ചിട്ടുണ്ട്. ഒരുപാട് ഇന്റർനാഷണൽ സിനിമകൾ കാണാറുണ്ട്. പക്ഷേ ഇത്രയും പുതുമയും ആവേശവും തന്ന ഒരു സ്ക്രിപ്റ്റ് ഇതുവരെ എന്റെ ലൈഫിലുണ്ടായിട്ടില്ല. പെണ്ണ് കാണൽ ചടങ്ങിൽ ഒറ്റനോട്ടത്തിൽ തന്നെ പെണ്ണിനെ ഇഷ്ടപ്പെടുകയും, ഈ പെണ്ണില്ലാതെ ജീവിക്കാൻ പറ്റില്ല എന്നൊക്കെ വരില്ലേ... അതുപോലായിരുന്നു വായിച്ചപ്പോൾ. ബാഹുൽ നെക്സ്റ്റ് ജനറേഷൻ സ്ക്രിപ്റ്റ് റൈറ്ററാണ്. സിനിമ കണ്ടിറങ്ങുന്നവർ, എട്ടു ദിവസം കൊണ്ട് എഴുതിയ സ്ക്രിപ്റ്റാണ് കിഷ്കിന്ധാ കാണ്ഡം എന്നറിയുമ്പോൾ ആശ്ചര്യപ്പെടും.
അപർണ ബാലമുരളി, വിജയരാഘവൻ, ജഗദീഷ്... മികച്ച ഒരുപിടി അഭിനേതാക്കൾ ഈ ചിത്രത്തിലുണ്ട്. ഇവരുടെ കഥാപാത്രങ്ങളെക്കുറിച്ചും ഷൂട്ടിങ് അനുഭവങ്ങളെക്കുറിച്ചും ചുരുക്കി പറയാമോ?
ആസിഫിന്റെയും കുട്ടേട്ടന്റെയും (വിജയരാഘവൻ) വീട്ടിലേക്ക് നവവധുവായി വരുന്ന അപർണയുടെ കാഴ്ച്ചപ്പാടിലൂടെയാണ് കഥ തുടങ്ങുന്നത്. കിഷ്കിന്ധാ കാണ്ഡത്തിന്റെ ഇക്കോസിസ്റ്റത്തിലേക്ക് പുറമേ നിന്ന് വരുന്ന കഥാപാത്രം എന്ന നിലയ്ക്ക് അപർണയുടേത് ഓഡിയൻസ് പെർസ്പെക്റ്റീവ് കൂടിയാണ്. പ്രേക്ഷകർക്കുണ്ടാവുന്ന അപരിചിതത്വവും കൗതുകവും തന്നെയാണ് അപർണയ്ക്കും. അപ്പുപ്പിള്ള എന്ന റിട്ടയേർഡ് ആർമി ഓഫീസറുടെ വേഷമാണ് കുട്ടേട്ടന്റേത്. കുടംബവുമായി ദീർഘകാലത്തെ ബന്ധമുള്ള കഥാപാത്രങ്ങളായി ജഗദീഷേട്ടന്റെ സുമദത്തനും അശോകേട്ടന്റെ CPO ശിവാദസനും കഥാഗതിയിൽ നിർണായക ഇടപെടലുകളുമായെത്തും. എല്ലാവരും തന്നെ വളരെ കഴിവുള്ള നടന്മാരായതിനാൽ തന്നെ ഷൂട്ടിങ് അങ്ങേയറ്റം എളുപ്പമായിരുന്നു. ഓരോരുത്തരും അവരവരുടെ 150% ഈ സിനിമയ്ക്കായി തന്നിട്ടുണ്ട്.
മലയാള സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട് വളരെ അധികം അനിശ്ചിതത്വങ്ങളും വിവാദങ്ങളും നിലനിൽക്കെയാണ് ഈ സിനിമ എത്തുന്നത്. ഇത് എത്രമാത്രം സിനിമയുടെ ആസ്വാദനത്തെ പ്രേക്ഷകപ്രീതിയെ ബാധിക്കുമെന്നാണ് കരുതുന്നത്?
അങ്ങനെയൊരു ആശങ്കയേ മനസ്സിലില്ല. പ്രേക്ഷകർക്ക് എൻഗേജ്ഡ് ആവാൻ നല്ലൊരു മൂവി വാച്ചിങ് എക്സ്പീരിയൻസ് നൽകാൻ പറ്റിയാൽ അവർ മറ്റെല്ലാം വിട്ട് സിനിമയെ ആസ്വദിക്കാനും പ്രോത്സാഹിപ്പിക്കാനും തയ്യാറാവും. അത്രയേറെ സിനിമയെ ഗൗരവമായി കാണുകയും സ്നേഹിക്കുകയും ചെയ്യുന്നവരാണ് മലയാളി പ്രേക്ഷകർ. അത്രയും വ്യക്തിപരമായ അടുപ്പം സിനിമയുമായി വെച്ചുപുലർത്തുന്നതുകൊണ്ടാണ് അനിഷ്ടസംഭവങ്ങൾ കേൾക്കുമ്പോൾ അവർ വൈകാരികമായി പ്രതികരിക്കുന്നത്. നല്ലത് നടക്കണമെന്ന് ആഗ്രഹിക്കുന്നവർ അങ്ങനെ ആശങ്ക പ്രകടിപ്പിക്കുന്നതും തിരുത്തലുകൾ വേണമെന്ന് ആഗ്രഹിക്കുന്നതും സിനിമയോടുള്ള സ്നേഹം കൊണ്ടുതന്നെയാണ്.