ഗദര്‍ 2 സംവിധായകന്‍റെ ചിത്രം
തമിഴില്‍ മാത്രമല്ല അഭിനയിച്ച ഏത് ഭാഷാ സിനിമകളിലും ആരാധകരെ നേടിയിട്ടുള്ള താരമാണ് ഖുഷ്ബു. തമിഴിന് പുറമെ തെലുങ്കിലും മലയാളത്തിലും കന്നഡയിലും ഹിന്ദിയിലും ഖുഷ്ബു അഭിനയിച്ചു. സിനിമയ്ക്ക് പുറമെ സീരിയലുകളും ടെലിവിഷന്‍ ഷോകളും. നിലവില്‍ രാഷ്ട്രീയത്തില്‍ സജീവമായ ഖുഷ്ബു ഏറെ ശ്രദ്ധയോടെയാണ് ചെയ്യാനുള്ള സിനിമകള്‍ തെരഞ്ഞെടുക്കാറ്. ഇപ്പോഴികാ വലിയൊരു ഇടവേളയ്ക്ക് ശേഷം അവര്‍ വീണ്ടും ഒരു ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്.
ഒന്നും രണ്ടുമല്ല, നീണ്ട 32 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഖുഷ്ബു സുന്ദര്‍ ഹിന്ദി സിനിമയില്‍ അഭിനയിക്കുന്നത്. 1992 ല്‍ പുറത്തെത്തിയ പ്രേം ദാന്‍ എന്ന ചിത്രമാണ് ഹിന്ദിയില്‍ അവരുടേതായി അവസാനം പുറത്തെത്തിയത്. എന്നാല്‍ ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത് 1989 ല്‍ ആയിരുന്നു. അതായത് ഖുഷ്ബുവിനെ സംബന്ധിച്ച് ബോളിവുഡ് സിനിമയില്‍ അഭിനയിക്കുന്നത് 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ബോക്സ് ഓഫീസില്‍ തരംഗം തീര്‍ത്ത ഗദര്‍ ഫ്രാഞ്ചൈസി അടക്കം സംവിധാനം ചെയ്ത അനില്‍ ശര്‍മ്മയാണ് ഈ ചിത്രത്തിന്‍റെ സംവിധാനം. നാന പടേക്കറാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഹിന്ദി സിനിമയിലൂടെ ഒരു ബാലതാരമായി 1980 ലാണ് ഖുഷ്ബു സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ബി ആര്‍ ചോപ്ര നിര്‍മ്മിച്ച് രവി ചോപ്ര സംവിധാനം ചെയ്ത ദി ബേണിംഗ് ട്രെയിന്‍ ആയിരുന്നു ആദ്യ ചിത്രം. ബാലതാരമായിത്തന്നെ ഹിന്ദിയില്‍ പത്തോളം സിനിമകള്‍ ചെയ്തിട്ടുണ്ട്. തെലുങ്കിലാണ് ഖുഷ്ബുവിന്‍റേതായി ഒരു ചിത്രം അവസാനമായി പ്രദര്‍ശനത്തിന് എത്തിയത്. ശ്രിവസിന്‍റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ രാമബാണമായിരുന്നു ചിത്രം. ഗോപിചന്ദ്, ജഗപതി ബാബു, ഡിംപിള്‍ ഹയതി എന്നിവര്‍ക്കൊപ്പം ഒരു പ്രധാന കഥാപാത്രത്തെയാണ് ഖുഷ്ബുവും അവതരിപ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം