നവാഗതനായ മനോജ് വാസുദേവ് സംവിധാനം
ഒരിടവേളക്ക് ശേഷം മലയാളത്തിൽ വീണ്ടും ഒരു റോഡ് മൂവി എത്തുകയാണ്. അർജുൻ അശോകൻ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ധ്രുവൻ, അതിഥി രവി എന്നിവരെ പ്രധാന താരങ്ങളാക്കി നവാഗതനായ മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന 'ഖജുരാഹോ ഡ്രീംസ്' ആണ് പൂർണമായി ഒരു റോഡ് മൂവിയായി ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.കെ. നാസറാണ് ചിത്രം നിർമ്മിക്കുന്നത്. കോമഡി പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ഈ മൾട്ടി സ്റ്റാർ ചിത്രത്തിൽ ശക്തമായൊരു സാമൂഹിക പ്രശ്നം കൂടി ചർച്ച ചെയ്യുന്നുണ്ടെന്ന് അണിയറക്കാര്‍ പറയുന്നു.
മലയാള സിനിമയിൽ ഇതുവരെ കാണാത്ത ലൊക്കേഷനുകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മധ്യപ്രദേശിലെ പ്രസിദ്ധ ക്ഷേത്രമായ ഖജുരാഹോ ക്ഷേത്രവും ചിത്രത്തിലെ സുപ്രധാന ലൊക്കേഷനുകളിൽ ഒന്നാണ്. സൗഹൃദത്തിന്റെ കൂടി കഥയാണ് ചിത്രം പറയുന്നത്. അഞ്ച് സുഹൃത്തുക്കളുടെ ആത്മബന്ധവും ഇവർ നടത്തുന്ന റോഡ് ട്രിപ്പുമാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലമാവുന്നത്. സച്ചി - സേതു കൂട്ടുകെട്ടിലെ സേതുവിന്റെതാണ് ചിത്രത്തിന്റെ തിരക്കഥ. സൂപ്പർ ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ ഹൃദയം കവർന്ന ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും നിർവഹിച്ചിരിക്കുന്നത്.
ബോളിവുഡ് താരം രാജ് അർജുൻ, ജോണി ആന്റണി, ചന്തുനാഥ്, സോഹൻ സീനുലാൽ, സാദ്ദിഖ്, വർഷ വിശ്വനാഥ്, നൈന സർവ്വാർ, രക്ഷ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രദീപ് നായർ ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. ഹരിനാരായണന്റേതാണ് വരികൾ. കലാസംവിധാനം മോഹൻ ദാസ്, മേക്കപ്പ്, കോസ്റ്റ്യൂം ഡിസൈൻ അരുൺ മനോഹർ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് പ്രതാപൻ കല്ലിയൂർ, സിൻജോ ഒറ്റത്തൈക്കൽ, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, പി.ആർ.ഒ ആതിര ദിൽജിത്ത്, ഫോട്ടോ ശ്രീജിത്ത് ചെട്ടിപ്പിടി.
ALSO READ : ജയിലിലേക്ക് രണ്ടുപേര്‍; പേര് പ്രഖ്യാപിച്ച് ബിഗ് ബോസ്