സിസിഎല്‍ പോയിന്‍റ് ടേബിളില്‍ ഏറ്റവും താഴെ കേരള സ്ട്രേക്കേഴ്സ്; എട്ട് ടീമുകളില്‍ എട്ടാമത്

By Web Team  |  First Published Mar 15, 2023, 12:16 PM IST

തെലുങ്ക് വാരിയേഴ്സ്, കര്‍ണാടക ബുള്‍ഡോസേഴ്സ്, മുംബൈ ഹീറോസ്, ഭോജ്പുരി ദബാംഗ്സ് എന്നീ ടീമുകളില്‍ നിന്നാണ് കേരള സ്ട്രൈക്കേഴ്സ് പരാജയം ഏറ്റുവാങ്ങിയത്


സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ പുതിയ സീസണിലെ ലീഗ് മത്സരങ്ങള്‍ ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ അവസാനിച്ചപ്പോള്‍ പോയിന്‍റ് ടേബിളില്‍ ഏറ്റവും താഴെ കേരള സ്ട്രൈക്കേഴ്സ്. കളിച്ച നാല് മത്സരങ്ങളില്‍ നാലിലും തോറ്റ കേരളത്തിന് ഒരു പോയിന്‍റ് പോലും നേടാനായില്ല. ആശ്വാസ ജയം തേടി ഇക്കഴിഞ്ഞ ശനിയാഴ്ച ഭോജ്പുരി ദബാംഗ്സിനെതിരെ കളിച്ച കേരളം ആ മത്സരത്തിലും പരാജയപ്പെട്ടതോടെയാണ് പോയിന്‍റ് ടേബിളില്‍ എട്ടാം സ്ഥാനത്തേക്ക് എത്തിയത്. 

തെലുങ്ക് വാരിയേഴ്സ്, കര്‍ണാടക ബുള്‍ഡോസേഴ്സ്, മുംബൈ ഹീറോസ്, ഭോജ്പുരി ദബാംഗ്സ് എന്നീ ടീമുകളില്‍ നിന്നാണ് കേരള സ്ട്രൈക്കേഴ്സ് പരാജയം ഏറ്റുവാങ്ങിയത്. ഫെബ്രുവരി 19 ന് തെലുങ്ക് വാരിയേഴ്സുമായി കളിച്ചുകൊണ്ടായിരുന്നു കേരളം സീസണ്‍ ആരംഭിച്ചത്. തെലുങ്ക് നായകന്‍ അഖില്‍ അക്കിനേനി തകര്‍ത്തടിച്ച മത്സരത്തില്‍ 64 റണ്‍സിനാണ് കേരളം പരാജയപ്പെട്ടത്. കര്‍ണാടക ബുള്ഡോസേഴ്സുമായിട്ടായിരുന്നു രണ്ടാം മത്സരം. എട്ട് വിക്കറ്റിനാണ് സ്ട്രൈക്കേഴ്സ് ഈ മത്സരം തോറ്റത്. ആദ്യ സ്പെല്ലില്‍ കേരള സ്‍ട്രൈക്കേഴ്‍സ് അഞ്ച് വിക്കറ്റ് നഷ്‍ടത്തില്‍ 101 റണ്‍സ് എടുത്തിരുന്നു. ഇതിന് മറുപടിയായി ബാറ്റ് ചെയ്ത കര്‍ണാടക 5 വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് നേടി. തുടര്‍ന്ന് വീണ്ടും പത്തോവര്‍ ബാറ്റിംഗിന് ഇറങ്ങിയ കേരളം 5 വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സ് നേടി. ഇതോടെ 83 റണ്‍സ് വിജയലക്ഷ്യവുമായി എത്തിയ കര്‍ണാടക ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍  ലക്ഷ്യം നേടി.

Top of the table 🔝 and thru to the semi finals 🥳💪 pic.twitter.com/ZmKw7Te5zy

— Karnataka Bulldozers (@Karbulldozers)

Latest Videos

 

എന്നാല്‍ ആദ്യ രണ്ട് മത്സരങ്ങളിലും കാണാത്ത വീറോടും വാശിയോടും കളത്തിലിറങ്ങിയ കേരളത്തെയാണ് മുംബൈ ഹീറോസുമായുള്ള മൂന്നാം മത്സരത്തില്‍ കാണികള്‍ കണ്ടത്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഈ സീസണില്‍ നടന്ന കേരളത്തിന്‍റെ ഒരേയൊരു കളിയും ഇതായിരുന്നു. രാജീവ് പിള്ള വിട്ടുനിന്ന കളിയില്‍ 24 ബോളില്‍ 63 അടിച്ച വിവേക് ഗോപന്‍ ആയിരുന്നു താരം. വിജയം കൈയെത്തിപ്പിടിക്കുമെന്ന് തോന്നിപ്പിച്ച കേരളത്തിന് അവസാന ഓവറില്‍ ജയിക്കാന്‍ 12 റണ്‍സ് വേണ്ടിയിരുന്നു. എന്നാല്‍ അത് എടുക്കാന്‍ സാധിക്കാതെപോയി. ഭോജ്‍പുരി ദബാംഗ്സിന് എതിരായ അവസാന മത്സരത്തില്‍ 76 റണ്‍സിനാണ് കേരളത്തിന്‍റെ പരാജയം. ബംഗാള്‍ ടൈഗേഴ്സ് ടീമും കളിച്ച നാല് മത്സരവും പരാജയപ്പെട്ടെങ്കിലും നെറ്റ് റണ്‍ റേറ്റില്‍ കേരളത്തേക്കാള്‍ മുന്നിലാണ്. പോയിന്റേ ടേബിളില്‍ ഏഴാമതാണ് ഈ ടീം.

ALSO READ : 'അക്ഷയ് കുമാറിനൊപ്പം പ്രവര്‍ത്തിച്ചതിനെ ചോദ്യം ചെയ്‍തവരുണ്ട്, പക്ഷേ...'; രാജീവ് രവി പറയുന്നു

click me!