തന്മയയും ഡാവിഞ്ചിയും ഹാപ്പിയാണ്; വിശേഷങ്ങൾ പങ്കുവച്ച് മികച്ച ബാലതാരങ്ങള്‍

By Web Team  |  First Published Jul 26, 2023, 10:13 PM IST

'വഴക്ക്' എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ തന്മയ പുരസ്കാരം നേടിയപ്പോൾ, 'പല്ലൊട്ടി നയന്റീസ് കിഡ്സി'ലെ അഭിനയത്തിലൂടെ മാസ്റ്റർ ഡാവിഞ്ചിയും മികച്ച ബാലതാരമായി.


53ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചപ്പോൾ മികച്ച ബാല താരങ്ങൾക്കുള്ള അവാർഡ് ലഭിച്ചത് 
തന്മയ സോളിനും മാസ്റ്റർ ഡാവിഞ്ചിക്കും ആണ്. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത 'വഴക്ക്' എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ തന്മയ പുരസ്കാരം നേടിയപ്പോൾ, ജിതിൻ രാജ് സംവിധാനം ചെയ്ത 'പല്ലൊട്ടി നയന്റീസ് കിഡ്സി'ലെ അഭിനയത്തിലൂടെ മാസ്റ്റർ ഡാവിഞ്ചിയും മികച്ച ബാലതാരമായി. പുരസ്കാരം ലഭിച്ചതിന് പിന്നാലെ നിരവധി പേരാണ് ഇരുവരെയും ആദരിച്ച് കൊണ്ട് രം​ഗത്തെത്തുന്നത്. ഇന്നിതാ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആദരം ഏറ്റുവാങ്ങിയിരിക്കുകയാണ് തന്മയയും ഡാവിഞ്ചിയും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി താരങ്ങൾക്ക് സ്നേഹാദര പുരസ്കാരങ്ങൾ കൈമാറി. 

ഈ അവസരത്തിൽ അഭിനയത്തിനാണ് താൻ പ്രധാന്യം നൽകുന്നതെന്നും അവാർഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും പറയുകയാണ് തന്മയ. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് ആയിരുന്നു തന്മയയുടെ പ്രതികരണം. 

Latest Videos

undefined

"ഞാൻ ആദ്യം ഷോർട് ഫിലിംസിലൊക്കെയാണ് അഭിനയിച്ചത്. അപ്പോ ഷോർട് ഫിലിമിൽ നിന്നും ബി​ഗ് സ്ക്രീനിലേക്ക് പോകുമ്പോഴുള്ള ഡിഫ്രൻസ് ഉണ്ടായിരുന്നു. അത് മാറ്റിയെടുത്തത് സനൽ കുമാർ സാർ ആണ്. എനിക്കീ അവസരം തന്നതിനും അദ്ദേഹത്തോട് ആണ് നന്ദി പറയേണ്ടത്. ടൊവിനോയോടൊപ്പം അഭിനയിക്കാൻ പറ്റിയത് വലിയൊരു അവസരമായിരുന്നു. അവാർഡ് കിട്ടുമെന്ന് പ്രതീക്ഷയില്ലായിരുന്നു. പക്ഷേ ആ​ഗ്രഹം ഉണ്ടായിരുന്നു. സിനിമയ്ക്ക് അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. സിനിമാട്ടോ​ഗ്രഫിക്കും വിഎഫ്എക്സിനും നമ്മുടെ സിനിമയ്ക്ക് അവാർഡ് കിട്ടി. അതിൽ വളരെയധികം സന്തോഷം. നല്ല സംവിധായകർക്കും അഭിനേതാക്കൾക്കും ഒപ്പം വർക്ക് ചെയ്യണമെന്നാണ് ആ​ഗ്രഹം. അതോടൊപ്പം പഠനവും. മുൻതൂക്കം അഭിനയത്തിനാണ്", എന്നാണ് തന്മയ സോൾ പറഞ്ഞത്.

അവാർഡ് തിളക്കത്തിൽ തന്മയ സോളും മാസ്റ്റർ ഡാവിഞ്ചിയും

നാടകത്തിലൂടെ സിനിമയിൽ എത്തിയ ആളാണ് മാസ്റ്റർ ഡാവിഞ്ചി. സംസ്ഥാന അവാർഡ് ലഭിച്ച സന്തോഷം ഡാവിഞ്ചിയും പങ്കുവച്ചു. "ചെറുതും വലുതുമായ പതിനഞ്ചോളം സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്. എന്റെ ചേട്ടന്മാർ എടുത്ത സിനിമയാണ് പല്ലൊട്ടി. അവാർഡ് കിട്ടിയതിൽ വളരെയധികം സന്തോഷം. സിനിമ ഷൂട്ട് ചെയ്യുന്നതിന് മുൻപ് കുട്ടികളെ മാത്രം വച്ച് ക്യാമ്പ് ഉണ്ടായിരുന്നു. അതൊക്കെ സുഖമായി കൈകാര്യം ചെയ്യാൻ പറ്റി. എന്റെ അച്ഛമ്മയും ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അച്ഛൻ നാടകക്കാരനാണ്. നാടകം കൊണ്ടാണ് ഞങ്ങൾ കഴിയുന്നത്", എന്ന് ഡാവിഞ്ചി പറയുന്നു.  

'റേച്ചലി'ന് ഒരു കാമുകനെ വേണം, പെൺസുഹൃത്തിനെയും; ഹണി റോസ് ചിത്രത്തിന് കാസ്റ്റിം​ഗ് കാൾ

click me!