നിര്‍മ്മാതാവായി കാര്‍ത്തിക് സുബ്ബരാജ് മലയാളത്തിലേക്ക്; വരുന്നത് രണ്ട് ചിത്രങ്ങള്‍

By Web Team  |  First Published Aug 20, 2022, 5:12 PM IST

കാർത്തിക് സുബ്ബരാജ്, കാർത്തികേയൻ സന്താനം, നിതിൻ മാർട്ടിൻ എന്നിവരുടെ പങ്കാളിത്തത്തില്‍ ചെന്നൈ  ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നിര്‍മ്മാണ കമ്പനിയാണ് സ്റ്റോൺ ബെഞ്ച് ഫിലിംസ് ആൻഡ് ഒറിജിനൽസ്


തമിഴ് സിനിമാ സംവിധായകരുടെ യുവനിരയില്‍ ശ്രദ്ധേയ സാന്നിധ്യമാണ് കാര്‍ത്തിക് സുബ്ബരാജ്. പിസയും ജിഗര്‍തണ്ടയും ഇരൈവിയും പേട്ടയുമൊക്കെ മലയാളി പ്രേക്ഷകരും ഏറ്റെടുത്ത ചിത്രങ്ങള്‍. ഇപ്പോഴിതാ മലയാള സിനിമയിലേക്ക് കടന്നുവരവിന് ഒരുങ്ങിയിരിക്കുകയാണ് അദ്ദേഹം. പക്ഷേ അത് സംവിധായകനായല്ല, മറിച്ച് നിര്‍മ്മാതാവായാണ് എന്നുമാത്രം. കാർത്തിക് സുബ്ബരാജിൻ്റെ മേൽനോട്ടത്തിലുള്ള സ്റ്റോൺ ബെഞ്ച് ഫിലിംസ് ആൻഡ് ഒറിജിനൽസ് രണ്ടു മലയാള ചിത്രങ്ങളാണ് നിര്‍മ്മിക്കുന്നത്.

ജിതിന്‍ ഐസക് തോമസ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന അറ്റന്‍ഷന്‍ഷന്‍ പ്ലീസ്, രേഖ എന്നീ ചിത്രങ്ങളാണ് സ്റ്റോണ്‍ബെഞ്ച് നിര്‍മ്മിക്കുന്നത്. കാർത്തിക് സുബ്ബരാജ്, കാർത്തികേയൻ സന്താനം, നിതിൻ മാർട്ടിൻ എന്നിവരുടെ പങ്കാളിത്തത്തില്‍ ചെന്നൈ  ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നിര്‍മ്മാണ കമ്പനിയാണ് സ്റ്റോൺ ബെഞ്ച് ഫിലിംസ് ആൻഡ് ഒറിജിനൽസ്. പുതുമുഖങ്ങൾക്ക് അവസരം നൽകിക്കൊണ്ട് തമിഴിൽ ഏഴ് സിനിമകളും നാലു വെബ് സീരീസുകളും പൂർത്തിയാക്കിയ സ്റ്റോൺ ബെഞ്ച് വ്യത്യസ്തമായ പ്രമേയങ്ങളുമായാണ് മലയാളത്തിലേക്കും രംഗപ്രവേശം ചെയ്യുന്നത്. അറ്റൻഷൻ പ്ലീസ്, രേഖ എന്നീ ചിത്രങ്ങളിലും ഏറെ പുതുമുഖ പ്രതിഭകൾ അണിനിരക്കുന്നുണ്ട്.

Latest Videos

 

അറ്റൻഷൻ പ്ലീസിൻ്റെ റിലീസിംഗ് ഡേറ്റ് അനൗൺസ്മെൻ്റും രേഖ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ചും ഇന്നലെ കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലില്‍ വച്ച് നടന്നു. ഓഗസ്റ്റ് 26ന് അറ്റൻഷൻ പ്ലീസ് റിലീസ് ചെയ്യും. വിഷ്ണു ഗോവിന്ദ്, ശ്രീജിത്ത് ബി, ആനന്ദ് മന്മഥൻ, ജോബിൻ പോൾ,  ജിക്കി പോൾ, ആതിര കല്ലിങ്ങൽ തുടങ്ങിയവരാണ് അറ്റൻഷൻ പ്ലീസിൽ അഭിനയിച്ചിരിക്കുന്നത്. രോഹിത് വിഎസ് വാരിയത്ത് ആണ് എഡിറ്റിംഗ്.  ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത് അരുൺ വിജയ്. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ് അഭിലാഷ് ടി ബി, ഫെബിൻ വിൽസൺ, അശോക് നാരായണൻ. തൻസീർ സലാം, പവൻ നരേന്ദ്ര എന്നിവർ അസോസിയേറ്റ് പ്രൊഡ്യൂസർമാരാണ്. അതേസമയം 'രേഖ'യിൽ വിൻസി അലോഷ്യസും ഉണ്ണി ലാലുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. എഡിറ്റിംഗ് രോഹിത് വി എസ് വാര്യത്ത്. സംഗീതം നൽകിയിരിക്കുന്നത് എസ്കേപ്പ് മീഡിയം, മിലൻ വി എസ്, നിഖിൽ വി.

ALSO READ : 'ശത്രുക്കൾ മാളത്തിൽ ഒളിക്കുമ്പോഴുള്ള ആനന്ദമാണ് യഥാർത്ഥ ഫലം': 'പുഴ മുതൽ പുഴ വരെ'യെ കുറിച്ച് രാമസിംഹൻ‌

click me!